ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാനാവതെ വന്നതോടെ എസ്എൻഡിപി നേതൃത്വവും നഷ്ടമാകുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉറപ്പായി. പ്രഫ. എംകെ സാനുവിനെ മുന്നിൽ നിർത്തി സമുദായ സംഘടന പിടിക്കാനുള്ള സിപിഐ(എം) നീക്കങ്ങളിൽ വെള്ളാപ്പള്ളി തീർത്തും അസ്വസ്ഥനാണ്. ബിജെപിയുമായുള്ള കൂട്ട് സംഘടനയിലെ അപ്രമാധിത്വത്തിനെ തകർത്തുവെന്ന് വെള്ളാപ്പള്ളി വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ കീഴ്ഘടകങ്ങളിൽ അടുത്ത ഒരു വർഷത്തേക്ക് തെരഞ്ഞെടുപ്പ് നിരോധനം. ചേർത്തലയിൽ ചേർന്ന യോഗം ബോർഡിന്റെയും യൂനിയൻ ഭാരവാഹികളുടെയും സംയുക്ത യോഗത്തിലാണ് സുപ്രധാന തീരുമാനം.

സംസ്ഥാനത്ത് സിപിഐ(എം) അധികാരത്തിലത്തെിയ പശ്ചാത്തലം കണക്കിലെടുത്താണ് ഈ നീക്കം. കമ്പനി നിയമമനുസരിച്ച് പ്രവർത്തിക്കുന്ന യോഗത്തിൽ ഒരു കാരണവശാലും ഭാരവാഹി തെരഞ്ഞെടുപ്പ് നടത്താതിരിക്കാനാവില്ലെന്നതിനാൽ ഔദ്യോഗികമായി അങ്ങനെയൊരു തീരുമാനമെടുത്തതായി രേഖകളിലുണ്ടാകില്ല. യോഗത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുന്നോട്ടുവച്ച തീരുമാനം അദ്ദേഹത്തിന്റെ ഉറ്റ അനുയായികൾ പോലും മനസ്സില്ലാമനസ്സോടെ അംഗീകരിക്കാൻ നിർബന്ധിതരാവുകയായിരുന്നു. സുപ്രധാനമായ തീരുമാനങ്ങളൊന്നും സംയുക്ത യോഗത്തിൽ ഉണ്ടായിട്ടില്ലെന്നായിരുന്നു ജനറൽ സെക്രട്ടറിയുടെ പ്രതികരണം. ബോർഡ് അംഗങ്ങളും വിവിധ യൂനിയൻ പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്മാരും പോഷക സംഘടനാ പ്രതിനിധികളുമടക്കം 500 ഓളം അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. ഇവരെല്ലാം വെള്ളാപ്പള്ളി അനുകൂലികളുമായിരുന്നു.

ഇടത് പക്ഷക്കാർ പ്രത്യേകിച്ചും സിപിഐ(എം) അനുഭാവികൾ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെടാനിടയുള്ളതിനാലാണ് നേതൃത്വത്തിന്റെ ഈ നിലപാട്. വെള്ളാപ്പള്ളി നടേശനുമായി യോജിപ്പിൽ അല്ലാത്ത യൂനിയനുകൾ നേരത്തേ തന്നെ പിരിച്ചുവിട്ട് അഡ്‌മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ വസതി സ്ഥിതിചെയ്യുന്ന കണിച്ചുകുളങ്ങര ഉൾപ്പെടുന്ന ചേർത്തല യൂനിയൻ പോലും ഇത്തരത്തിലാണ് പ്രവർത്തിക്കുന്നത്. 142 യൂനിയനുകളിലെയും 5400 ശാഖകളിലെയും മൂന്നിലൊന്നിൽ ടേൺ അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തേണ്ട സമയമായി. പത്രപ്പരസ്യം നൽകിയായിരുന്നു മുൻ കാലങ്ങളിൽ തെരഞ്ഞെടുപ്പിന് നോട്ടീസ് നൽകിയിരുന്നത്. ഇത് അട്ടിമറിക്കാനാണ് നീക്കം. സമാന്തര സംഘടനകളുണ്ടാക്കി ഈഴവരെ തങ്ങളിലേക്ക് ആകർഷിക്കുകയെന്ന തന്ത്രം സിപിഐ(എം) സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ഇത്. അങ്ങനെ എസ്എൻഡിപിയുടെ കരുത്ത് കുറയ്ക്കുക. ശാഖാ യോഗങ്ങളുടെ കരുത്ത് ചോർത്തി വെള്ളാപ്പള്ളിയെ ദുർബലനാക്കിയാണ് ഇത് സാധ്യമാക്കാൻ സിപഎം തയ്യാറെടുക്കുന്നത്.

എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറിയെന്ന നിലയിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി സഹകരിക്കില്ലെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞിരുന്നത്. എന്നാൽ ബിജെപി ഹെലികോപ്ടർ നൽകിയതോടെ എല്ലാം മറന്ന് രാഷ്ട്രീയ പ്രചരണ യോഗങ്ങളിൽ വെള്ളാപ്പള്ളി സജീവമായി. ഇതിനൊപ്പം ബിജെപിബിഡിജെഎസ് സ്ഥാനാർത്ഥികൾക്ക് തന്നെ വോട്ട് ചെയ്യണമെന്ന് ശാഖാ അംഗങ്ങൾക്ക് നിർദ്ദേശവും നൽകി. ഇതെല്ലാം ഗുരുദേവ ദർശനത്തിന് എതിരാണെന്നാണ് സിപിഐ(എം) പ്രചരിപ്പിക്കുന്നത്. ഇതിലൂടെ ഇടത് അനുഭാവികളായ അംഗങ്ങളുടെ ഒത്തു ചേരലാണ് സിപിഐ(എം) ലക്ഷ്യമിടുന്നത്. ഇത് തിരിച്ചറിഞ്ഞതോടെയാണ് തൽക്കാലം തെരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനത്തിലേക്ക് വെള്ളാപ്പള്ളി എത്തിയത്. ഇപ്പോൾ തെരഞ്ഞെുപ്പ് നടക്കുന്ന ശാഖാ യോഗങ്ങൾ വെള്ളാപ്പള്ളി വിഭാഗത്തിന് നഷ്ടമായാൽ അത് എസ്എൻഡിപിയെ മൊത്തത്തിൽ സ്വാധീനിക്കും. കൂടുതൽ എതിർപ്പുകൾ ഉയുരം. ഈ സാഹചര്യത്തെ ഒഴിവാക്കാനാണ് വെള്ളാപ്പള്ളിയുടെ നീക്കം.

ഒരു വർഷം കൊണ്ട് സിപിഎമ്മുമായി കൂടുതൽ അടുക്കാനാണ് വെള്ളാപ്പള്ളിയുടെ പദ്ധതി. ബിജെപിയുമായി പലകാരണങ്ങൾ ചൂണ്ടിക്കാട്ടി തെറ്റും. അതിന് ശേഷം തെരഞ്ഞെടുപ്പ് നടത്തിയാൽ വലിയ കോട്ടം ഉണ്ടാവുകയുമില്ല. മുഖ്യമന്ത്രി പിണറായി വിജയനെ നിരന്തരമായി വെള്ളാപ്പള്ളി പുകഴ്‌ത്തുന്നതും ഇതിന് വേണ്ടിയാണ്. എന്നാൽ സിപിഐ(എം) ഈ നീക്കത്തെ ഒരു തരത്തിലും അംഗീകരിക്കില്ല. വെള്ളാപ്പള്ളിയെ പോലൊരു നേതാവ് എസ്എൻഡിപിയെ നയിക്കുന്നത് വിലപേശലുകൾ നടത്താനാണെന്നാണ് സിപിഐ(എം) പക്ഷം. ആലപ്പുഴ ജില്ലയിലെ നേതാക്കൾ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുന്നുണ്ട്. അവരോട് വെള്ളാപ്പള്ളിയിൽ നിന്ന് അകലം പാലിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം ഭാരവാഹി തെരഞ്ഞെടുപ്പ് മുടങ്ങുന്നത് എസ് എൻ ഡിപിയിൽ ഭരണം സ്തംഭനത്തിന് ഇടയാക്കിയേക്കുമെന്ന ആശങ്ക ശ്രീനാരയണീയരിൽ എത്തിക്കാനാണ് നീക്കം. അതിന് ശേഷം ഇടതു പക്ഷത്ത് അനുകൂലിക്കുന്നവരെ കൊണ്ട് ഇതിനെതിരെ കേസും കൊടുപ്പിക്കും. യോഗ തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്ന് മുൻ പ്രസിഡന്റ് അഡ്വ.സി.കെ. വിദ്യാസാഗർ പ്രതികരിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി സി പി എം ഒത്താശയോടെ സംസ്ഥാനത്ത് ശ്രീനാരായണ ധർമ്മസംരക്ഷണ സമിതി രൂപീകരിക്കാനും തീരുമാനിച്ചു. എസ് എൻ ഡി പി ആഭിമുഖ്യമുള്ള സി പി എം പ്രവർത്തകർക്കും നേതാക്കന്മാർക്കും സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള വേദിയായി ഇതിനെ കണക്കാക്കുന്നുണ്ടെങ്കിലും അഞ്ചു വർഷത്തെ ഭരണത്തിനിടയിൽ വെള്ളാപ്പള്ളിയെ യോഗം തലപ്പത്തുനിന്നും പുകയ്ക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. എംകെ സാനുവിനെ പോലെ സർവ്വ സമ്മതനെ ഇതിന്റെ തലപ്പത്തുകൊണ്ടു വരാനും നീക്കം നടത്തി. ഇടുക്കിയിൽ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസ് ഏറെ വോട്ടുകൾ നേടിയിരുന്നു. ഈ സാഹചര്യത്തിൽ ഇടുക്കിയിൽ വെള്ളാപ്പള്ളിയുമായി അകന്ന് നിൽക്കുന്ന അഡ്വക്കേറ്റ് വിദ്യാസാഗറിനേയും സിപിഐ(എം) കൂട്ടത്തിൽ കൂട്ടാൻ തീരുമാനിച്ചിരുന്നു. ഇതിലൂടെ വെള്ളാപ്പള്ളിയുടെ കരുത്ത് ചോർത്താമെന്നാണ് വിലയിരുത്തൽ.

വെള്ളാപ്പള്ളിയുടെ നീക്കങ്ങളെ ചെറുക്കാൻ സി പി എം ശ്രീനാരായണ ധർമ്മവേദിയുടെ സഹായവും സിപിഎമ്മിന് കിട്ടും. ഗോകുലം ഗോപാലന്റെയും ബിജു രമേശിന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ധർമ്മവേദി സംസ്ഥാനത്ത് ഇപ്പോൾ ശുഷ്‌ക്കമാണ്. വെള്ളാപ്പള്ളിയെ യോഗംതലപ്പത്തുനിന്നും നീക്കം ചെയ്യാൻ ധർമ്മവേദി നടത്തിയ പ്രവർത്തനങ്ങൾ പാളിയ സാഹചര്യത്തിലാണ് പുത്തൻ ആശയവുമായി സി പി എം ധർമ്മവേദിയെ സമീപിച്ചത്. ധർമ്മവേദിയുടെ മുഴുവൻ സഹായവും ഇതിനായി സി പി എമ്മിന് ലഭിക്കുമെന്നാണറിയുന്നത്. ഇതിനുള്ള ചർച്ചകളും അണിയറയിൽ സജീവമാണ്. നിയമപ്രകാരമുള്ള തെരഞ്ഞെടുപ്പ് നടത്താത്ത സാഹചര്യം ഉടലെടുത്താൽ കോടതിയെ സമീപിക്കാനാണ് ശ്രീനാരായണ ധർമ വേദിയുടെ തീരുമാനമെന്ന് വൈസ് ചെയർമാൻ കെ.കെ. പുഷ്പാംഗദൻ പറഞ്ഞു.

വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പുരംഗത്തെ സാന്നിദ്ധ്യം സി പി എമ്മിന് ദോഷം ചെയ്യുമെന്ന് കരുതിയിരുന്നെങ്കിലും വേണ്ടത്ര ഏശിയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാൻ ബിഡിജെഎസ് ഉണ്ടാകരുതെന്നാണ് സിപിഐ(എം) ആഗ്രഹം. ഇത് മുന്നിൽ കണ്ടാണ് എസ്എൻഡിപിയിൽ നിന്ന് വെള്ളാപ്പള്ളിയുടെ സ്വാധീനം കുറയ്ക്കാനുള്ള തന്ത്രങ്ങൾ സിപിഐ(എം) ഒരുക്കുന്നത്.