തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നവോത്ഥാന നായകനാക്കി മാറ്റാനുള്ള തീവ്രശ്രമത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ട ്തന്നെയാണ് അദ്ദേഹത്തെ വനിതാ മതിലിന്റെ സംഘാടനത്തിന്റെ ചെയർമാനാക്കി മാറ്റിയതും. എന്നാൽ, മുഖ്യമന്ത്രി നവോത്ഥാന നായകനാക്കി മാറ്റിയെങ്കിലും വെള്ളാപ്പള്ളി തന്റെ തനിഗുണം കാണിക്കുകയാണ്. യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്നു കൊണ്ട് പച്ചവർഗീയത വിളമ്പുകയാണ് വെള്ളാപ്പള്ളി നടേശൻ.

കോടതി കയറിയ വർഗീയ പരാമർശത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടെന്നാണ് വെള്ളാപ്പള്ളി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കോഴിക്കോട് മാൻഹോളിൽ വീണു മരിച്ച കരുവശേരി സ്വദേശി നൗഷാദിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകിയത് മുസ്ലിമായതിന്റെ പേരിലാണെന്ന പ്രസ്താവനയിൽ ഉറച്ചു നിൽക്കുകയാണ് വെള്ളാപ്പള്ളി. തന്റെ പഴയ നിലപാടിൽ യാതൊരു മാറ്റവും ഇല്ലെന്ന് അദ്ദേഹം അറിയിച്ചു. ആലപ്പുഴയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലായിലുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'പഴയ നിലപാടിൽ യാതൊരു മാറ്റമില്ല. ഒരു വിഭാഗത്തിന് മാത്രമല്ല കൊടുക്കേണ്ടത്. എല്ലാവിഭാഗത്തിനും കൊടുക്കണം. തുല്യനീതി കൊടുക്കുന്നില്ല എന്നതുകൊണ്ടാണല്ലോ അത് പറയേണ്ടിവന്നത്'. വെള്ളാപ്പള്ളി പറഞ്ഞു.

ഇത് കൂടാതെ നവോത്ഥാനത്തിന് എതിര് നിൽക്കുന്നവരാണ് മതിലിനെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വനിതാമതിലിൽ പങ്കെടുത്തില്ലെങ്കിൽ തുഷാറിനെ എസ്.എൻ.ഡി.പിയിൽ നിന്ന് പുറത്താക്കും. ആണത്വവും പൗരത്വവും മര്യാദയും ഉണ്ടായിരുന്നെങ്കിൽ എൻ.എസ്.എസ് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്ത് അഭിപ്രായം പറയുമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളി അന്ന് നടത്തിയ സമത്വമുന്നേറ്റ യാത്രക്കിടെ കൊച്ചിയിൽ വച്ചായിരുന്നു വിവാദ പരാമർശം നടത്തിയത്. മരിക്കണമെങ്കിൽ മുസ് ലിമായി മരിക്കണമെന്നും വെള്ളാപ്പള്ളി അന്ന് പറഞ്ഞിരുന്നു. നൗഷാദ് മരിച്ചപ്പോൾ കുടുംബത്തിലൊരാൾക്ക് ജോലിയും പത്ത് ലക്ഷം രൂപയും നൽകി. ഇവിടെ ജാതിയും മതവുമില്ല. എന്നാൽ അപകടത്തിൽ മരിച്ച ഹാൻഡ്‌ബോൾ താരങ്ങളുടെ കുടുംബത്തെ സർക്കാർ തിരിഞ്ഞു നോക്കിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. മുഖ്യധാരാ മാധ്യമങ്ങൾ ഹിന്ദുവിരുദ്ധ ഗൂഢാലോചന നടത്തുകയാണ്. ഹിന്ദുക്കളെക്കൊണ്ട് തന്നെ ഹിന്ദുവിരുദ്ധ പ്രചാരണം നടത്തുന്ന രീതിയാണ് മുഖ്യാധാരാ മാധ്യമങ്ങൾ അനുവർത്തിക്കുന്നത്. ചാനലുകളും വർഗീയത വളർത്തുകയാണെന്നായിരുന്നു വെള്ളാപ്പള്ളി ആരോപിച്ചത്.

കോഴിക്കോട് കണ്ടംങ്കുളം ജൂബിലി ഹാളിനടുത്ത് മാൻഹോൾ വൃത്തിയാക്കാനിറങ്ങിയ രണ്ട് ആന്ധ്ര സ്വദേശികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു നൗഷാദ് മരണപ്പെട്ടിരുന്നത്. തനിക്ക് യാതൊരു പരിചയവുമില്ലാത്ത രണ്ട് പേരുടെ ജീവിതം രക്ഷിക്കാനായി സ്വന്തം ജീവൻ നൽകിയ നൗഷാദിന്റെ ധീരകൃത്യത്തെ കേരളം നമിക്കുമ്പോളായിരുന്നു വെള്ളാപ്പള്ളിയുടെ വർഗീയ പ്രസംഗം. ഈ വർഗീയ നിലപാടിൽ ഉറച്ചു നിന്നു കൊണ്ടാണ് വെള്ളാപ്പള്ളി ഇപ്പോൾ നവോത്ഥാന നായകന്റെ വേഷം കെട്ടുന്നത് എന്നതാണ് ശ്രദ്ധേയം. സിപിഎമ്മിനുള്ളിൽ നിന്നു തന്നെ നവോത്ഥാന വനിതാ മതിലിനെതിരെ വിമർശനം ഉയരുമ്പോഴാണ് വെള്ളാപ്പള്ളി വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഈ വ്യക്തിയെ അണിനിരത്തി എന്തിന് വനിതാമതിൽ തീർക്കണമെന്ന ചോദ്യമാണ് ഇതോടെ സോഷ്യൽ മീഡിയ ഉയർത്തുന്നത്.