വെള്ളറട: കൈക്കൂലിയാണ് സമൂഹം നേരിടുന്ന ഏറ്റവും വലിയ ദുരന്തം. എന്തിനും ഏതിനും കാശ് വാങ്ങിയേ സർക്കാർ ഉദ്യോഗസ്ഥർ എന്തും ചെയ്യൂ. അല്ലെങ്കിൽ ന്യായമായത് പോലും ചുവപ്പുനാടയിൽ കുടുങ്ങും. അങ്ങനെ നിരാശരായി ജീവൻ ഒടുക്കിയവർ പോലും നാട്ടിലേറെയുണ്ട്. അവർ പിന്നീട് ജീവിക്കുന്ന രക്തസാക്ഷികളാകും. അങ്ങനെ ചുവപ്പു നാടയിൽ ജീവിതം കുരുങ്ങിയവർ പ്രതികരിക്കാൻ ഇറങ്ങിയാൽ അവർ ക്രിമനലുകളാകും. അതാണ് തിരുവനന്തപുരത്ത് വെള്ളറടയിൽ ഉണ്ടായത്. പോക്കുവരവ് നടത്താത്തിലുള്ള നിരാശയിൽ വില്ലേജ് ഓഫീസിലെ ജീവനക്കാരെ ചുട്ടുകൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു സാംകുട്ടിയുടെ തീരുമാനം. അതിനാണ് ശ്രമിച്ചത്. എന്നാൽ അഴിമതിയ്‌ക്കെതിരെ അതിരുവിട്ട പ്രകടനം സാംകുട്ടിയെ കേസിൽ പ്രതിയാക്കുന്നു. എന്നാൽ കൈക്കൂലിക്ക് വേണ്ടി സാംകുട്ടിയെ ദ്രോഹിച്ചവർക്കെതിരെ ആരും നടപടിയും എടുക്കുന്നില്ല.

വസ്തു പോക്കുവരവ് ചെയ്ത് തണ്ടപ്പേരിട്ട് കിട്ടാൻ പലപ്പോഴായി സാംകുട്ടി വൻതുക കൈക്കൂലിയായി വില്ലേജ് അധികാരികൾക്ക് നൽകിയിരുന്നു. സംഭവത്തിന് മൂന്ന് ദിവസം മുൻപ് സാംകുട്ടി വില്ലേജ് ഓഫീസിൽ എത്തി പോക്കുവരവ് ചെയ്തുകൊടുക്കാത്തതിൽ പ്രതിഷേധിച്ച് ബഹളം വച്ചിരുന്നു. അപ്പോഴും കാശ് വാങ്ങിയവർ പോലും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. കൂടുതൽ കൈക്കൂലിക്കുള്ള കള്ളത്തരമായിരുന്നു ഇത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു അക്രമത്തിന്റെ വഴിയിലേക്ക് സാംകുട്ടി നീങ്ങിയത്. ഇവിടെ സാംകുട്ടി മാത്രമാകും കേസിൽ പ്രതി. കൈക്കൂലി പാപികളെല്ലാം ആക്രമിക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സാംകുട്ടിയെ മാതൃകാ പരമായി ശിക്ഷിക്കണമെന്ന ആവശ്യവും ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉയരും. എന്നാൽ കൈക്കൂലിയെന്ന മഹാ വിപത്തിന്റെ ബാക്കി പത്രമാണിതെന്ന് ആരും ഓർക്കുകയോ യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരികയോ ചെയ്യുന്നില്ല.

വെള്ളറട വില്ലേജ് ഓഫീസ് കത്തിച്ച കേസിലെ പ്രതി സാംകുട്ടി പൊലീസിന് നൽകിയ മൊഴി കൈക്കൂലിയുടെ ദുരന്ത ചിത്രമാണ് വരച്ചുകാട്ടുന്നത്. സാംകുട്ടിയും കുടുംബവും അടൂർ കുടമൺ ഇടത്തിട്ടയിലാണ് താമസിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് കുടുംബവിഹിതമായി സാംകുട്ടിയുടെ പിതാവ് യോഹന്നാൻ നൽകിയതാണ് കോവല്ലൂരിലെ 18സെന്റ് ഭൂമി. ഈ വസ്തുവിന്റെ തണ്ടപേരുമാറ്റി പോക്കുവരവുചെയ്യുന്നതിന് രണ്ടു വർഷമായി വെള്ളറട വില്ലേജ് ഓഫീസിൽ കയറിയിറങ്ങുകയായിരുന്നു. എന്നാൽ, ഈ ഭൂമി സർക്കാർ ഭൂമിയാണെന്ന് വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകി. കൈക്കൂലി കൊടുക്കാത്തതായിരുന്നു ഈ റിപ്പോർട്ടിന് കാരണം. എത്രയേറെ സത്യം ബോധിപ്പിക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. പാറമട ലോബികളും മറ്റും അരങ്ങുവാഴുന്ന വെള്ളറടയിൽ ഈ പാവത്തോട് മാത്രമായി കർക്കശത.

ഇതേ തടുർന്ന് ഉദ്യോഗസ്ഥരെ വക വരുത്തണമെന്ന ഉദ്ദേശ്യത്തോടുകൂടി മൂന്നുമാസമായി മുമ്പ് വില്ലേജ് ഓഫീസിന്റെ പ്രവർത്തനങ്ങളും കെട്ടിടത്തിന്റെ ഘടനയും നിരീക്ഷിച്ചു. 28ന് രണ്ടുകന്നാസുകളിലായി 15 ലിറ്റർ പെട്രോളുമായി അടൂരിൽ നിന്ന് ബൈക്കിൽ വെള്ളറട വില്ലേജ് ഓഫീസിലെത്തി. തിരിച്ചറിയാതിരിക്കാൻ ഹെൽമറ്റും ഓവർ കോട്ടും ധരിച്ചിരുന്നു. പത്ത്‌ലിറ്റർ പെട്രോളിന്റെ കന്നാസുമായി ഓഫീസിനുള്ളിൽ പ്രവേശിച്ച് ഒരുപേപ്പർ നൽകി വില്ലേജ് ഓഫീസറോട് ഇത് ഒപ്പിട്ടുതരാൻ പറ്റുമോയെന്ന് ചോദിച്ചു. ഇല്ലെന്ന് മറുപടി വന്നതോടെ കന്നാസ് തറയിലിട്ട് തീകൊളുത്തി. ഇതിനുശേഷം ഓഫീസിലെ മുൻവശത്തെ ഒറ്റവാതിൽ അടച്ചു. കുറച്ചുനേരം നിരീക്ഷിച്ച ശേഷം വാതിൽ തുറന്ന് വീണ്ടും അകത്തുകയറി അഞ്ചുലിറ്റർ പെട്രോൾ കന്നാസുകൂടി തീയിലേക്ക് വലിച്ചെറിഞ്ഞു. ഈ സമയത്താണ് ഇയാളുടെ വസ്ത്രത്തിലേക്ക് തീപടർന്നതെന്നാണ് പൊലീസ് പറയുന്നത്.

തീയണച്ചശേഷം ആനപ്പാറയിൽ നിന്നും ബൈക്കിൽ ആറാട്ടുകുഴി ഭാഗത്തേക്ക് പോയി. ധരിച്ചിരുന്ന ഓവർകോട്ട് വഴിയിൽ ഉപേക്ഷിച്ചു. ഈ കോട്ടിൽ നിന്ന് കിട്ടിയ ഫോൺ നമ്പരാണ് സാംകുട്ടിയെ പിടികൂടാൻ സഹായിച്ചത് . ജീവനക്കാരെല്ലാരും മരിച്ചാൽ ആത്മഹത്യചെയ്യാൻ തീരുമാനിച്ചിരുന്നതായും സാംകുട്ടി മൊഴിനൽകിയതായി പൊലീസ് പറഞ്ഞു. തീയിട്ട ശേഷം നെട്ടയിൽ റിസർവോയറിൽ എത്തി വിശ്രമിച്ചു. പിന്നെ ഒരു ബന്ധുവിന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചു. ഇതിന് ശേഷം സംഭവസ്ഥലത്ത് വീണ്ടുമെത്തി. ആരെങ്കിലും മരിച്ചോയെന്നറിയാനായിരുന്നു ഇത്. ആരും മരിച്ചില്ലെന്ന് അറിഞ്ഞതോടെ ബൈക്കിൽ കൊടുമണിലെ വീട്ടിലേക്ക് പോകുകയായിരുന്നു.

സാംകുട്ടി പൂവൻകുഴിയിൽ ഉപേക്ഷിച്ച കോട്ടിൽ ഉണ്ടായിരുന്ന ഒരു തുണ്ട് കടലാസിൽ എഴുതിയിരുന്ന മൊബൈൽ നമ്പരാണ് പ്രതിയെ പിടികൂടാൻ സഹായകമായത്. ഇതിനൊപ്പം അടൂരിലെ ഒരു സഹകരണ ബാങ്ക് സ്റ്റോറിൽ നിന്നും വാങ്ങിയ ബില്ലിന്റെ ഭാഗവും ഉണ്ടായിരുന്നു. ഇതിൽ സാംകുട്ടിയുടെ റേഷൻ കാർഡിലെ നമ്പർ എഴുതിയിരുന്നു. ഇത് സപ്ലൈ ഓഫീസിൽ പരിശോധിച്ചപ്പോഴാണ് സാംകുട്ടിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. ആറാട്ടുകുഴി കവലയ്ക്ക് സമീപമുള്ള സഹകരണ ബാങ്ക് സ്ഥാപിച്ചിരുന്ന സി.സി.ടി.വി. കാമറയിൽ സാംകുട്ടി ബൈക്കിൽ പോകുന്ന ദൃശ്യം പതിഞ്ഞിരുന്നതും അന്വേഷണത്തെ സഹായിച്ചു.

സംഭവത്തിനു ശേഷം മുങ്ങിയ പ്രതിയെ ഉപേക്ഷിച്ച കോട്ടിൽനിന്ന് ലഭിച്ച ഫോൺ നമ്പറുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഫോൺ കണക്ഷൻ കോവില്ലൂർ സ്വദേശിയുടെ പേരിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ഫോൺ വർഷങ്ങൾക്കുമുമ്പ് സാംകുട്ടിക്ക് നൽകിയതായി മൊഴി നൽകി. തുടർന്ന് പൊലീസ് അടൂരിൽ എത്തി സാംകുട്ടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ കാലിലും ശരീരത്തും പൊള്ളലേറ്റിട്ടുമുണ്ട്. ഇതും തിരിച്ചറിയാൻ സഹായകമായി.