തിരുവനന്തപുരം: അരക്കോടി രൂപയുടെ വെള്ളയമ്പലം എ.ടി.എം. തട്ടിപ്പ് കേസിൽ റുമേനിയക്കാരായ 2 പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തി.തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് വിചാരണക്ക് മുന്നോടിയായി പ്രതികൾക്ക് മേൽ കുറ്റം ചുമത്തിയത്. വിചാരണക്കായി സാക്ഷികളെ ഈ മാസം 21 ന് ഹാജരാക്കാൻ കന്റോൺമെന്റ് അസി.കമ്മീഷണർക്ക് മജിസ്ട്രേട്ട് എ.എസ്.മല്ലിക ഉത്തരവ് നൽകി.

കേസിലെ ഒന്നും ആറും പ്രതികളായ റൊമാനിയ രാജ്യത്തെ ദോൽജ് സംസ്ഥാനത്ത് ക്രയോവ നഗരത്തിൽ സാദു തെരുവിൽ ഇലി ഗബ്രിയേൽ മരിയൻ (27), അലക്‌സാണ്ടർ മാരിയാനോ (28) എന്നിവരെയാണ് കോടതി നേരിട്ട് തയ്യാറാക്കിയ കുറ്റപത്രം വായിച്ചു കേൾപ്പിച്ചത്.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 (ബി) (കുറ്റകരമായ ഗൂഢാലോചന ),465 ( വ്യാജ നിർമ്മാണം), 467 (മൂല്യമുള്ള ഈടിന്റെ വ്യാജ നിർമ്മാണം), 468 ( ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിർമ്മാണം),471 (വ്യാജ നിർമ്മിത രേഖ അസ്സൽ രേഖ പോലെ ഉപയോഗിക്കൽ),380 (കെട്ടിടത്തിൽ നിന്നുള്ള മോഷണം), 201(തെളിവ് നശിപ്പിക്കൽ), വിവര സാങ്കേതിക നിയമത്തിലെ വകുപ്പുകളായ 43, 66 എന്നിവ പ്രകാരമുള്ള ശിക്ഷാർഹമായ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ കോടതി ചുമത്തിയത്.

പ്രതികളായ ആറംഗ റുമേനിയൻ സംഘത്തിലെ 4 പ്രതികൾ ഇന്ത്യ വിട്ട് വിദേശ രാജ്യത്തേക്ക് ഒളിവിൽ പോയി. കവർച്ചയിൽ ഭാഗഭാക്കുകളായ 2 മുതൽ 5 വരെയുള്ള പ്രതികളായ ക്രിസ്ത്യൻ, വിക്ടർസ, ബോഗ്ദീൻ, ഫ്‌ളോറിയൻ എന്നിവരാണ് ഒളിവിൽ പോയത്.ഇവർക്കെതിരെ കോടതി ഉത്തരവ് പ്രകാരം വിമാനത്താവളങ്ങളിൽ തിരച്ചിൽ നോട്ടീസും റെഡ് കോർണർ നോട്ടീസും നൽകിയിട്ടുണ്ട്. 2016 ഓഗസ്റ്റ് മാസത്തിലാണ് കേസിനാസ്പമായ സംഭവം നടന്നത്.ബാങ്കിന്റെ 60 ഇടപാടുകാരാണ് തട്ടിപ്പിനിരയായത്.ബാങ്ക് ഇടപാടുകാരെയും ബാങ്ക് അധികൃതരെയും ഒരു പോലെ ഞെട്ടിച്ച സംഭവമായിരുന്നു തലസ്ഥാന നഗരത്തിൽ നടന്ന തട്ടിപ്പ്.

വിനോദ സഞ്ചാരികളെന്ന വ്യാജേന തലസ്ഥാനത്തെത്തിയ 6 അംഗ റുമേനിയൻ കൊള്ള സംഘം തിരുവനന്തപുരം വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലെ എ.ടി.എമ്മിൽ പ്രത്യേകതരം ഉപകരണം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയത്. എ.ടി.എമ്മിനകത്ത് സ്ഥാപിച്ച ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ ഇടപാടുകാരുടെ എ.റ്റി.എം. കാർഡ് വിവരങ്ങളും രഹസ്യ പിൻ നമ്പരും ശേഖരിച്ച ശേഷം മുംബൈയിലെ എ.റ്റി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കുകയായിരുന്നു.

അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായതായി കാണിച്ച് ഇടപാടുകാർ പരാതി നൽകിയതോടെയാണ് വൻ തട്ടിപ്പ് പുറം ലോകമറിഞ്ഞത്. അക്കൗണ്ട് ഉടമകളായ 60 പേരാണ് പരാതിയുമായി രംഗത്തെത്തിയത്. 6 പ്രതികളുള്ള കേസിലെ രാജ്യാന്തര കൊള്ളസംഘത്തിലെ മുഖ്യപ്രതി ഇലി ഗബ്രിയേൽ മരിയനെ (27)മുംബൈയിലെ നവി മുംബൈ വാഷി തുംഗ ഹോട്ടലിൽ നിന്ന് മുംബൈ പൊലീസ് 2016 ഓഗസ്റ്റിൽ തന്നെ പിടികൂടിയിരുന്നു. എ.ടി.എമ്മിൽ നിന്ന് പണം പിൻവലിച്ച് ഹോട്ടലിലെത്തിയ മരിയനെ കേരള പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

2017 ഏപ്രിലിൽ കെനിയയിൽ വച്ചാണ് ആറാം പ്രതിയായ അലക്‌സാണ്ടർ മാരിയാനോയെ അറസ്റ്റ് ചെയ്തത്.ഇന്റർപോളിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.എന്നാൽ ഇയാളെ ഇന്ത്യക്ക് വിട്ടുകിട്ടിയത് 2018 മാർച്ച് 3 നാണ്. ഇന്ത്യയിൽ കുറ്റകൃത്യം ചെയ്ത ശേഷം ഒരു പ്രതി വിദേശത്തേക്ക് കടന്നാൽ ആ രാജ്യവും ഇന്ത്യയും തമ്മിൽ എക്‌സ്ട്രാഡീഷൻ ട്രീറ്റി (കുറ്റവാളികളെ കൈമാറ്റം ചെയ്യുന്ന കരാർ ) നിലവിലുണ്ടെങ്കിൽ മാത്രമേ ആ പ്രതിയെ ഇന്ത്യയിലേക്ക് ആ രാജ്യം നാടുകടത്തുകയുള്ളു.കരാറില്ലാത്ത രാജ്യത്ത് ചെന്ന് ഇന്ത്യൻ പൊലീസിന് പ്രതിയെ അറസ്റ്റ് ചെയ്യാനുമാവില്ല.

1962 ൽ നിലവിൽ വന്ന എക്‌സ്ട്രാഡീഷൻ നിയമത്തിലാണ് ഇക്കാര്യങ്ങൾ വ്യവസ്ഥ ചെയ്തിട്ടുള്ളത് .കോടതി വാറണ്ടിന്റെയും അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ സ്‌പൈറൽ ബൈന്റ്രൂപത്തിലാക്കിയ ഫയൽ വിദേശ രാജ്യത്തെ സ്ഥാനപതി വഴി ആ രാജ്യത്തെ കോടതിയിലെ സമർപ്പിക്കും.കുറ്റകൃത്യത്തിന്റെ സ്വഭാവം, ഗൗരവം എന്നിവ പരിഗണിച്ച് ഇരുഭാഗവും കേട്ട ശേഷമാവും പ്രതിയെ കൈമാറണമോ വേണ്ടയോ എന്ന് വിദേശ രാജ്യത്തെ കോടതി തീരുമാനം കൈക്കൊള്ളുന്നത്.

ഇന്ത്യയും കെനിയയും തമ്മിൽ നയതന്ത്ര തലത്തിലുള്ള ചർച്ചകൾ നീണ്ടു പോയതാണ് അറസ്റ്റിലായ പ്രതിയെ വിട്ടുകിട്ടുന്നതിന് ഒരു വർഷം വൈകിയത്. ഒന്നാം പ്രതിയെ 2016 ൽ മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്ത ശേഷം ഒളിവിൽ കഴിയുന്ന മറ്റു പ്രതികളെ കണ്ടെത്താനായി ഇന്റർപോളിന്റെ സഹായത്തോടെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ച് അന്വേഷണം തുടർന്നതാണ് ആറാം പ്രതി മരിയനോവിന്റെ അറസ്റ്റിലേക്ക് നയിച്ചത്.കെനിയയിലെ വിമാനത്താവളത്തിൽ വന്നിറിങ്ങിയ മാരിയനോവിനെ കെനിയൻ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാളെ വിട്ടുകിട്ടാനുള്ള കോടതിയുടെ പ്രൊഡക്ഷൻ വാറണ്ടുത്തരവും മറ്റും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴി ഇന്റർപോൾ മുഖേന കൈമാറിയിരുന്നെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാകാൻ താമസിച്ചതാണ് പ്രതിയെ ഇന്ത്യയിലേക്ക് കൊണ്ടു വരാൻ വൈകിയത്. ഒന്നാം പ്രതി മരിയനെ അറസ്റ്റ് ചെയ്ത അന്ന് രാത്രി തട്ടിപ്പു സംഘത്തിലെ ഒരു പ്രതി മുംബൈയിൽ നിന്ന് 65,300 രൂപ പിൻവലിച്ചു. അന്വേഷണ സംഘത്തെ വട്ടം ചുറ്റിച്ച ഇയാൾ രണ്ടു ദിവസങ്ങൾക്കകം മുംബൈ വിമാനത്താവളം വഴി തുർക്കിയിലേക്ക് കടന്നു. കൊള്ള സംഘത്തിലെ മറ്റു മൂന്ന് പ്രതികൾ നേരത്തേ തന്നെ രാജ്യം വിട്ടിരുന്നു.

സമാനമായ 5 കേസുകളിൽ പൊലീസ് പ്രതികൾക്കെതിരെ തിരുവനന്തപുരം സി.ജെ.എം.കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. വളരെ പണിപ്പെട്ട് പിടികൂടിയ 2 പ്രതികളെയും ജാമ്യത്തിൽ വിട്ടയച്ചാൽ പ്രതികൾ രാജ്യം വിടുമെന്നും വിചാരണക്ക് പ്രതികളെ ലഭ്യമാകില്ലെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ ബീന സമർപ്പിച്ച എതിർവാദപത്രിക അംഗീകരിച്ച കോടതി പ്രതികളുടെ ജാമ്യ ഹർജികൾ തള്ളി.ജയിലിൽ കിടന്ന് വിചാരണ നേരിടാനും ഉത്തരവിട്ടു.