തൃശൂർ: വെള്ളിക്കുളങ്ങരയിൽ യുവാവ് അച്ഛനേയും അമ്മയേയും വെട്ടിക്കൊന്നതിന് പിന്നിൽ കുടുംബ വഴക്ക്. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ അനീഷ് (30 ) കൊലപതകത്തിന് ശേഷം ഒളിവിൽ പോയി. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. സ്വത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന.

ഇന്ന് രാവിലെ വീടിന് പുറത്ത് റോഡിന് സമീപമുള്ള പുല്ല് ചെത്തുകയായിരുന്ന ഇരുവരെയും മകൻ വെട്ടുകത്തിയുമായെത്തി ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. അമ്മയുടെ മുഖം വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. അച്ഛന് കഴുത്തിനും നെഞ്ചത്തുമാണ് വെട്ടേറ്റത്. കൊലപാതകത്തിന് ശേഷം അനീഷ് ബൈക്കിൽ കയറി സ്ഥലം വിട്ടു. ഇയാൾ തന്നെയാണ് പൊലീസിനെയും വിളിച്ച് കൊലപാതകം അറിയിച്ചത്. ഇയാളെ കണ്ടെത്താൻ ശ്രമം തുടരുകയാണ്.

മകൻ ആക്രമിക്കാൻ തുടങ്ങിയതോടെ മാതാപിതാക്കൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. റോഡിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. റബ്ബർ ടാപ്പിങ് തൊഴിലാളിയാണ് കുട്ടൻ. ഇവരുടെ മകൾ വിവാഹ മോചിതയാണ്. കുട്ടനും അനീഷും തമ്മിലെ തർക്കം പലപ്പോഴും പൊലീസിന് മുമ്പിലും എത്തിയിരുന്നു. കൊലയ്ക്ക് പിന്നിൽ എന്താണ് പ്രശ്‌നമെന്ന് അറിയില്ലെന്ന് നാട്ടുകാർ പറയുന്നു. കൊലപാതക വിവരം നാട്ടുകാർ വിളിച്ചു പറയുമുമ്പ് തന്നെ പൊലീസ് അറിഞ്ഞിരുന്നു. അച്ഛന് 20 ഓളം വെട്ടേറ്റു. അനീഷിന്റെ ആക്രമണം കണ്ടെത്തിയ നാട്ടുകാരും തടയാൻ ശ്രമിച്ചു. എന്നാൽ അവരെ തള്ളി മാറ്റി ആക്രമണം തുടരുകയായിരുന്നു.

അച്ഛനും അമ്മയും കൊല്ലപ്പെട്ടുവെന്ന് ഉറപ്പായ ശേഷം കീഴടങ്ങാൻ പോകുന്നുവെന്ന് അനീഷ് പറഞ്ഞ് മുങ്ങുകയായിരുന്നു. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. അനീഷും മാതാപിതാക്കളും തമ്മിൽ വീട്ടിൽ വഴക്കിടുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. ഞായറാഴ്ച രാവിലെ വീടിന് മുമ്പിൽ പുല്ലരിയുകയായിരുന്നു ദമ്പതിമാർ. ഈ സമയത്താണ് മകൻ അനീഷ് ഇവിടേക്കെത്തിയത്. തുടർന്ന് മാതാപിതാക്കളുമായി ഇയാൾ വഴക്കിട്ടു. പിന്നാലെ വീടിനകത്തേക്ക് പോയ യുവാവ് വെട്ടുകത്തിയുമായി തിരികെവന്ന് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു.

ഇതുവഴി വന്ന നാട്ടുകാരാണ് വീടിന് മുന്നിൽ കൊല്ലപ്പെട്ട നിലയിൽ കുട്ടനെയും ചന്ദ്രികയെയും കണ്ടെത്തിയത്. അനീഷിനെക്കൂടാതെ ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കൊല ചെയ്ത ശേഷം അനീഷ് ഒളിവിൽ പോയിരിക്കുകയാണ്.

പ്രതി അനീഷിന്റെ മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പടെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഉടൻ ഇയാൾ പിടിയിലാകുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.