ന്യൂഡൽഹി: ബിജെപിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തീരുമാനിച്ച യോഗത്തിൽ സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിച്ചപ്പോൾ ഒരാൾ പൊട്ടിക്കരയുകയായിരുന്നു. മറ്റാരുമല്ല, സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട സാക്ഷാൽ വെങ്കയ്യ നായിഡു തന്നെയായിരുന്നു കണ്ണീർ വാർത്തുകൊണ്ട് പാർട്ടിയുടെ തീരുമാനം കേട്ടത്. പതിറ്റാണ്ടുകൾ പ്രവർത്തിച്ചശേഷം ബിജെപി വിട്ടുപോകാൻ പ്രയാസമുണ്ടെന്നും പാർട്ടി തനിക്ക് അമ്മയെപ്പോലെയാണെന്നും വെങ്കയ്യ പറഞ്ഞതായി യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. അദ്ദേഹം വികാരാധീനനായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അരുൺ ജെയ്റ്റ്‌ലി ഉൾപ്പെടെയുള്ളവർ ആശ്വസിപ്പിച്ചു. ഒടുവിൽ അദ്ദേഹം പാർട്ടി തീരുമാനം സ്വീകരിക്കുകയായിരുന്നു.

ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി മത്സരിക്കണം എന്നാവശ്യപ്പെട്ട് ബിജെപി അധ്യക്ഷൻ അമിത് ഷാ ഒരാഴ്ച മുൻപ് അദ്ദേഹത്തെ സമീപിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ 2019 വരെയെങ്കിലും തനിക്ക് മോദിയുടെ കൂടെ പ്രവർത്തിക്കണമെന്നും അതിനുശേഷം രാഷ്ട്രീയ സന്യാസമാണ് തന്റെ പദ്ധതിയെന്നും അദ്ദേഹം നേതൃത്വത്തോട് വ്യക്തമാക്കിയത്.

ഒടുവിൽ പാർട്ടിയുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് നായിഡു മത്സരിക്കാമെന്ന് സമ്മതിച്ചത്. എന്നാൽ നായിഡുവിനെ വിട്ടുനൽകാൻ മോദിപോലും തയ്യാറായിരുന്നില്ല എന്നാണറിയുന്നത്. ഏറെ നിർബന്ധത്തിനുശേഷമാണ് മോദി അതിന് തയ്യാറായത്. ബിജെപി, ആർഎസ്എസ് എന്നിവയിലെ മിക്കവരും നായിഡുവിനെ മത്സരിപ്പിക്കണം എന്ന അഭിപ്രായക്കാരായിരുന്നു