തിരുവല്ല: പ്രാസമൊപ്പിച്ച് പ്രസംഗിക്കുന്നതിൽ അഗ്രഗണ്യനാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അനർഗള നിർഗളം ഇംഗ്ലീഷിൽ പ്രാസമൊപ്പിച്ച് പ്രസംഗിക്കുന്നതിനിടെ നർമം വാരി വിതറാനും അപാരമായ കഴിവ്. ഇന്നലെ മാർത്തോമ്മ സഭ സംഘടിപ്പിച്ച പരിപാടിയിൽ 33 മിനുട്ടു നേരമാണ് വെങ്കയ്യ പ്രസംഗിച്ചത്. ആദ്യ രണ്ടു മിനുട്ട് മലയാളത്തിൽ. പിന്നെ സെക്രട്ടറി എഴുതി നൽകിയ പ്രസംഗം. അതിനിടയിൽ നർമം കലർത്തി പ്രാസത്തിന്റെ അഭിഷേകം. രാജ്യസഭാ ഉപാധ്യക്ഷൻ പിജെ കുര്യനെ തട്ടാനും തലോടാനും വെങ്കയ്യ മറന്നില്ല.

മതം മാറ്റമല്ല, മറ്റു മതങ്ങളുടെ നല്ല വശങ്ങൾ സ്വാംശീകരിച്ച് ഉൾക്കൊള്ളുകയാണ് ഒരു നല്ല വ്യക്തിത്വമുണ്ടാകാൻ വേണ്ട ഗുണമെന്ന് നായിഡു പറഞ്ഞു. മതമെന്നത് ഒരു ആരാധനാ രീതി മാത്രമാണ്. സംസ്‌കാരമെന്നത് നമ്മുടെ പെരുമാറ്റവും പ്രകൃതിയാണ് നമ്മുടെ റൊട്ടിയാണ്. അതിലൊരു കഷണം മുറിച്ച് നിങ്ങൾ തന്നെ തിന്നാലത് വികൃതി, വിശന്നിരിക്കുന്ന മറ്റൊരാൾക്ക് നൽകിയാൽ അത് സംസ്‌കൃതി. അതായത് സംസ്‌കാരം. മതേതരത്വം എന്നത് ഇന്ത്യയുടെ ഭരണഘടനയിൽ എഴുതി വച്ചിരിക്കുന്ന ഒരു പുതിയ കാര്യമല്ല. മറിച്ച്, പുരാതന കാലം മുതൽ ഓരോ ഭാരതീയന്റെയും ഡി.എൻ.എയിൽ അലിഞ്ഞു ചേർന്നിരിക്കുന്നതാണ്. ഇപ്പോൾ സാങ്കേതിക വിദ്യ വളരെയധികം പുരോഗമിച്ചു.

നമുക്ക് ഇന്റർനെറ്റുണ്ട്, ഗൂഗിളുണ്ട്. പക്ഷേ, ഒരിക്കലും ഒരു ഗുരുവിന് പകരമാകില്ല ഗൂഗിൾ. ഇപ്പോൾ ഉപാധ്യക്ഷനായ പിജെ കുര്യൻ ഭാവിയിൽ രാജ്യസഭയുടെ അധ്യക്ഷനായി മാറുമെന്ന് കരുതാം. തന്നെ ഈ ചടങ്ങിന് ക്ഷണിച്ചത് കുര്യനാണ്. കഴിഞ്ഞ രണ്ടു ടേമായി രാജ്യസഭാ ഉപാധ്യക്ഷനായി തുടരുന്ന കുര്യൻ സഭാ നടപടികൾ നിയന്ത്രിക്കുന്നതിൽ കാട്ടുന്ന മികവ് വെങ്കയ്യ എടുത്തു പറഞ്ഞു.

തനിക്കൊപ്പം ചേർന്ന് സഭാ നടപടികൾ കൈകാര്യം ചെയ്യുമ്പോൾ പലപ്പോഴും ഒബ്സ്ട്രക്ഷൻ (തടസപ്പെടുത്തൽ) ആണ് നടക്കുന്നത് കൺസ്ട്രക്ഷൻ (നിയമ നിർമ്മാണം) അല്ല. പാർലമെന്റ് ഹാൾ ഒരു കൺവൻഷൻ സെന്ററാണ്. ജനാധിപത്യത്തിന്റെ ദേവാലയം. പലപ്പോഴും ഗവൺമെന്റ് പ്രൊപ്പോസ് (നിർദ്ദേശിക്കുന്നു) ചെയ്യുന്നു. ഒപ്പോസിഷൻ (പ്രതിപക്ഷം) ഒപ്പോസ് (എതിർക്കുന്നു) ചെയ്യുന്നു. പക്ഷേ, പി.ജെ. കുര്യൻ ഒരു നല്ല മനുഷ്യനാണ്, വ്യക്തിയാണ്. അദ്ദേഹത്തിന് നല്ല ക്ഷമാ ശീലമാണ്. ഒരിക്കലും കോപിഷ്ഠനാകില്ല. നന്നായി കൈകാര്യം ചെയ്യുന്നതു കൊണ്ടു തന്നെ അദ്ദേഹം രാജ്യസഭയുടെ ചെയർമാനാകുമെന്നും ഞാൻ പ്രതീക്ഷിക്കുകയാണ് എന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

മലയാളത്തിലാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തന്റെ പ്രസംഗം തുടങ്ങിയത്. രണ്ടു മിനുട്ടോളം നല്ല സ്ഫുടതയിൽ അദ്ദേഹം മലയാളം പറഞ്ഞു. മാർ ക്രിസോസ്റ്റം എന്ന പേര് ഉച്ചരിക്കാൻ മാത്രം അദ്ദേഹം അൽപ്പം ബുദ്ധിമുട്ടി. എല്ലാ ബിഷപ്പുമാരെയും തിരുമേനി എന്നാണ് അദ്ദേഹം അഭിസംബോധന ചെയ്തത്. ഗാതഗതവകുപ്പു മന്ത്രി മാത്യു ടി. തോമസ് എന്നൊക്കെ അദ്ദേഹം അഭിസംബോധന ചെയ്തപ്പോൾ സദസിൽ നിന്ന് കരഘോഷം മുഴങ്ങി.

ഭാരത സംസ്‌കാരം, മതവും രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം, ആർഷഭാരത പാരമ്പര്യം, വേദങ്ങൾ, അദ്വൈതം, ചേരമാൻ പെരുമാൾ തുടങ്ങി സമസ്ത മേഖലകളിലേക്കും അദ്ദേഹം കടന്നു ചെന്നു. ഇംഗ്ലീഷിൽ പ്രാസമൊപ്പിച്ച് അദ്ദേഹം പ്രസംഗിച്ചപ്പോഴെല്ലാം സദസ് പൊട്ടിച്ചിരിച്ച് കരഘോഷം മുഴക്കി. തനിക്ക് ഈറ്റിങിനും ഗ്രീറ്റിങിനും അത് കഴിഞ്ഞ് റെസ്റ്റിങിനും സൗകര്യമൊരുക്കിയ സഭയ്ക്ക് നന്ദി പറയുകയും ചെയ്തു വെങ്കയ്യ.