രാജസ്ഥാനിൽ നടത്തിയ നിരവധി കുട്ടികളുടെ കൂട്ടവിവാഹത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നു. ഈ വാർത്ത ലോക മാദ്ധ്യമങ്ങൾ ഇന്ത്യയെ താറടിച്ച് കാണിച്ചാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ശൈശവ വിവാഹം പോലുള്ള അനാചാരങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് സമർത്ഥിച്ചാണ് പാശ്ചാത്യ മാദ്ധ്യമങ്ങൾ ഈ വാർത്തയ്ക്ക് വൻ പ്രാധാന്യം നൽകി പ്രസിദ്ധീകരിച്ചിരിക്കുന്നത്.വിവാഹച്ചടങ്ങിനിടയിൽ പൊട്ടിക്കരയുന്ന കുരുന്നു ദമ്പതികളുടെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

വിവാഹത്തിനായി നിർബന്ധിച്ചതോടെയാണ് ഇവർ കരഞ്ഞിരിക്കുന്നത്. രാജസ്ഥാനിലെ ചിറ്റോർഗാർഹിൽ നിന്നാണീ വീഡിയോ പകർത്തപ്പെട്ടതെന്നാണ് റിപ്പോർട്ട്. രാജസ്ഥാൻ ശൈശവ വിവാഹങ്ങൾക്ക് പേര് കേട്ട സ്ഥലമാണെന്നാണ് ചില ബ്രിട്ടീഷ് പത്രങ്ങൾ ആരോപിച്ചിരിക്കുന്നത്. വിവാഹം നടക്കുന്ന സ്ഥലത്തേക്ക് തന്റെ അച്ഛൻ വലിച്ചിഴച്ച് കൊണ്ടു വന്നതിനെ തുടർന്ന് ഏതാണ്ട് പത്ത് വയസ് മാത്രമുള്ള ഒരു വധു പൊട്ടിപ്പൊട്ടി കരയുന്നത് വീഡിയോയിൽ കാണാം.

മറ്റൊരു ക്ലിപ്പിൽ ഹിന്ദുആചാര പ്രകാരമുള്ള വിവാഹം ഒരു പുരോഹിതൻ നടത്തുന്നത് കാണാം. ഇവിടെ വച്ച് വിവാഹിതരാകുന്ന കുട്ടികൾ കരഞ്ഞതിനെ തുടർന്ന് അവരെ വഴക്ക് പറയുന്നതും ഈ ക്ലിപ്പിൽ വ്യക്തമാണ്. ബാലവിവാഹങ്ങൾക്ക് ഏറ്റവും മംഗളകരമായ അവസരമെന്ന് വിശ്വസിക്കുന്ന അക്ഷയതൃതീയ ദിവസത്തോടനുബന്ധിച്ച് രണ്ടു ദിവസങ്ങളിലായാണ് ഇവിടെ ആറ് വിവാഹങ്ങൾ നടന്നിരിക്കുന്നത്. ഇതിൽ ഒരു വധുവിന് വെറും 5 വയസ് മാത്രമാണ് പ്രായം. തന്റെ 11 വയസുള്ള വരനൊപ്പം അഗ്‌നിക്ക് വലംവയ്ക്കാൻ ഈ കുട്ടിയെ നിർബന്ധിക്കുന്നത് കാണാം.

ഹിന്ദു ആചാര പ്രകാരമുള്ള വസ്ത്രമാണ് വധു ധരിച്ചിരിക്കുന്നത്. ഈ കൊച്ചു വധു ഉച്ചത്തിൽ കരയുന്നുണ്ടെങ്കിലും ഒരാൾ ചടങ്ങ് പൂർത്തിയാക്കാൻ അവളെ നിർബന്ധിക്കുന്നതായി കാണാം. ഏഴ് പ്രാവശ്യമാണ് ഇവർ ഇത്തരത്തിൽ അഗ്‌നിക്ക് വലം വയ്ക്കുന്നത്. ഈ വിവാഹത്തിൽ പങ്കെടുത്ത മറ്റുള്ളവരെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നാണ് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടികളെ ശൈശവ വിവാഹത്തിന് നിർബന്ധിച്ച നിരവധി കുടുംബങ്ങളുടെ പേരിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇവരെല്ലാം ഇപ്പോൾ ഒളിവിലാണ്.

ഈ സംഭവത്തെ കുറിച്ച് അറിഞ്ഞയുടൻ ഇതിൽ ഭാഗഭാക്കായവരെ കണ്ടെത്താനായി പൊലീസിനെ അയച്ചിരുന്നുവെന്നാണ് ചിറ്റോർഗാർഹ് ജില്ലാ മജിസ്ട്രേറ്റായ വേദ് പ്രകാശ് പറയുന്നത്. കുട്ടികളെ ഇത്തരം വിവാഹത്തിന് നിർബന്ധിക്കുന്നവരെ കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടിയെടുക്കാൻ കോടതി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇതിന് മുമ്പ് നിരവധി ശൈശവ വിവാഹങ്ങൾ തങ്ങൾ തടഞ്ഞിട്ടുണ്ടെന്നും എന്നാൽ ഇപ്രാവശ്യം പൊലീസ് വരുന്നുവെന്നറിഞ്ഞ് ഇതിന് ഉത്തരവാദികളായവർ ജില്ലയ്ക്ക് പുറത്തേക്കുള്ള സ്ഥലങ്ങളിലേക്ക് കടന്ന് കളയുകയായിരുന്നുവെന്നും മജിസ്ടേറ്റ് വെളിപ്പെടുത്തുന്നു.

ചിലർ സാമൂഹിക സമ്മർദത്തെ ഭയന്ന് ഇത്തരം സംഭവങ്ങൾ പൊലീസിനെ അറിയിക്കാൻ തയ്യാറാവുന്നില്ലെന്നും റിപ്പോർട്ടുണ്ട്. ഈ കെണിയിൽ അകപ്പെട്ട കുട്ടികളെ ഓർത്താണ് താൻ ദുഃഖിക്കുന്നതെന്നാണ് ചൈൽഡ് റൈറ്റ്സ് ആക്ടിവിസ്റ്റും സാർത്ഥി ട്രസ്റ്റ് സ്ഥാപകയുമായ കൃതി ഭാർട്ടി പറയുന്നത്. ബാലവധുക്കളുടെയും ഇത്തരം ചൂഷണങ്ങൾക്ക് എളുപ്പം വിധേയരാകാൻ സാധ്യതയുള്ളവരുമായ കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി നിലകൊള്ളുന്ന ട്രസ്റ്റാണിത്.

ഇതു സംബന്ധിച്ച വീഡിയോ പുറത്ത് വന്നതിനെ തുടർന്ന് പൊലീസ് ഇതിന് ഉത്തരവാദികളായ കുടുംബങ്ങൾക്കെതിരെയും ഇതിൽ ഭാഗഭാക്കായ ബന്ധുക്കൾ, ഡെക്കറേറ്റർമാർ, കാറ്ററേർസ്, പരിചാരകർ, തുടങ്ങിയവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.തന്റെ പ്രവർത്തനത്തിലൂടെ രാജസ്ഥാനിലെ 29 ശൈശവ വിവാഹങ്ങൾ കൃതി അസാധുവാക്കിയിട്ടുണ്ട്. കൂടാതെ 850 ഇത്തരം വിവാഹങ്ങൾ തടയുകയും ചെയ്തിരുന്നു. ഇവരുടെ പ്രവർത്തന ഫലമായി നിരവധി കുടുംബങ്ങൾക്ക് ബാലവിവാഹങ്ങളുടെ ദോഷം മനസിലായിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ ബോധവൽക്കരണം ആവശ്യമാണെന്നാണ് ഇപ്പോൾ നടന്നിരിക്കുന്ന കൂട്ട ബാലവിവാഹങ്ങൾ തെളിയിക്കുന്നത്. ഇന്ത്യയിൽ പെൺകുട്ടികൾക്ക് ചുരുങ്ങിയത് 18 വയസും ആൺകുട്ടികൾക്ക് 21 വയസുമാണ് വിവാഹത്തിനായി നിർബന്ധമാക്കിയിരിക്കുന്നതെങ്കിലും ലോകത്തിലെ ബാവധുക്കളിൽ മൂന്നിലൊന്നും ഇന്ത്യയിലാണെന്നാണ് യൂണിസെഫ് പറയുന്നത്.