രു പക്ഷേ ഇറ്റലിയിലുണ്ടായ ഭൂകമ്പത്തിലെ ഏറ്റവും അത്ഭുതകരമായ രക്ഷപ്പെടലായിരിക്കും പത്ത് വയസുകാരിയുടേതെന്ന് പറയാം. തുടർച്ചയായി 17 മണിക്കൂർ ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ ജീവിതത്തിനും മരണത്തിനുമിടയിൽ കിടക്കുകയായിരുന്നു ഇവൾ. അവസാനം രക്ഷാപ്രവർത്തകരെത്തി ഈ കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുകയായിരുന്നു. ഈ രക്ഷാപ്രവർത്തനത്തിന്റെ സംഭ്രമജനകമായ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. അപ്രതീക്ഷിതമായുണ്ടായ ഈ ഭൂകമ്പത്തെ തുടർന്ന് ഉടുതുണി പോലും ഇല്ലാതായവരുടെ വേദനയിൽ തകർന്ന് കിടക്കുകയാണ് യൂറോപ്പിപ്പോൾ.സെൻട്രൽ ഇറ്റാലിയൻ പട്ടണമായ പെസ്‌കാറ ഡെൽ ട്രൊന്റോവിൽ തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കിടയിലായിരുന്നു ഈ പെൺകുട്ടി കിടന്നിരുന്നത്. വീഡിയോ ദൃശ്യങ്ങളിൽ അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പെൺകുട്ടിയുടെ കാൽ മാത്രം പുറത്ത് കാണാം. ഇതിനിടെ അവൾക്ക് ധൈര്യം പകരുന്ന വാക്കുകൾ ഉരുവിട്ട് കൊണ്ട് രക്ഷാപ്രവർത്തകർ പെൺകുട്ടിയെ ത്വരിത ഗതിയിൽ രക്ഷിക്കാൻ ശ്രമിക്കുന്നതും കാണാം. ഇന്നലെയുണ്ടായ ഭൂകമ്പത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമായിട്ടാണീ പെൺകുട്ടിയുടെ രക്ഷപ്പെടുത്തൽ വിശേഷിപ്പിക്കപ്പെടുന്നത്.

ഇത്രയും നേരം കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നിട്ടും പെൺകുട്ടിക്ക് ഗുരുതരമായ പരുക്കുകളൊന്നുമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. കുട്ടിയെ രക്ഷിച്ച പാടെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഭൂകമ്പത്തിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. ഭൂകമ്പത്തെ തുടർന്ന് നാല് പട്ടണങ്ങളാണ് ഏറെക്കൂറെ പൂർണമായും തുടച്ച് നീക്കപ്പെട്ടിരിക്കുന്നത്. ഇന്നലെ രാത്രി അമട്രൈസിലെ ഒരു ഹോട്ടലിൽ നിന്നും അഞ്ച് മൃതദേഹങ്ങളാണ് വീണ്ടെടുത്തിരിക്കുന്നത്. ഇവിടെ 70ഓളം പേർ താമസിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവിടെ കനത്ത ഇരുട്ടും അപകടാവസ്ഥയും ഇപ്പോഴും നിലനിൽക്കുന്നതിനാൽ രക്ഷാപ്രവർത്തകർ തങ്ങളുടെ പ്രവൃത്തി തൽക്കാലം നിർത്തി വയ്ക്കാൻ നിർബന്ധിതരായിരുന്നു. ഇവിടെ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ 11 വയസുകാരനും ഉൾപ്പെടുന്നു. തുടക്കത്തിൽ ജീവന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നെങ്കിലും അധികം വൈകാതെ കുട്ടി മരിക്കുകയായിരുന്നു. 

തകർന്ന് കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഇപ്പോഴും കുട്ടികളുടെ കരച്ചിൽ കേൾക്കുന്നുണ്ടെന്നാണ് രക്ഷാപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരെ എങ്ങനെയെങ്കിലും രക്ഷിക്കാമെന്ന വ്യാമോഹത്തോടെ ഇവിടുത്തെ പ്രദേശവാസികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പരിഭ്രമത്തോടെ തിരയുന്നതും ചികയുന്നതും കാണാം. 69കാരനായ ഗൈഡോ ബോർഡോയ്ക്ക് തന്റെ സഹോദരിയെയും അവരുടെ ഭർത്താവിനെയും നഷ്ടപ്പെട്ടിരിക്കുകയാണ്. ഭൂകമ്പത്തെ തുടർന്ന് അവർ അമാട്രൈസിന് വടക്കുള്ള ഹാംലെറ്റ് ഓഫ് ഇല്ലികയിലെ ഹോളിഡേ ഹൗസിൽ അകപ്പെട്ട് പോവുകയായിരുന്നു. ഭൂകമ്പത്തിൽ അകപ്പെട്ട ആദ്യ ഇര 18 മാസം പ്രായമുള്ള കുഞ്ഞായ മരിസോൾ പിയമാറിനിയാണെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അർക്വാട്ട ഡെൽ ട്രോന്റോയിലെ വീട് ഭൂകമ്പത്തിൽ തകർന്ന് വീഴുമ്പോൾ ഈ കുട്ടി വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. കുട്ടിയുടെ അമ്മയായ മാർട്ടിന, അച്ഛനായ മസിമിലിയാനോ എന്നിവരെ നിരവധി മുറിവുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഇവരെ വലിച്ചെടുക്കുയായിരുന്നു. ലാഅക്യൂലയിൽ നിന്നും 2009ൽ അവരുടെ വീട് മറ്റൊരു ഭൂകമ്പത്തിൽ തകർന്നതിനെ തുടർന്നായിരുന്നു ഈ കുടുംബം ഇവിടേക്കെത്തിയതെന്നത് ക്രൂരഫലിതമാകുന്നു.

അമാർട്രൈസ്, അകുമോളി, അർക്വാറ്റ ഡെൽ ട്രോന്റോ, പെസ്‌കാറ ഡെൽ ട്രോന്റോ എന്നിവിടങ്ങളിലെ നിരവധി പട്ടണങ്ങളെയും ഗ്രാമങ്ങളെയും ഈ ഭൂകമ്പം തൂത്തെറിയുകയായിരുന്നു. ഉംബ്രിയ, ലാസിയോ, മാർച്ചെ എന്നീ മൂന്ന് പ്രദേശങ്ങളിൽ ഭൂകമ്പത്തെ തുടർന്നുണ്ടായ കാഴ്ചകൾ അതി ദയനീയവും സംഭമജനകവുമായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വിവരിക്കുന്നത്. ഇവിടങ്ങൾ ബ്രിട്ടീഷ് ഹോളിഡേ മെയ്‌ക്കർമാർക്ക് പ്രിയപ്പെട്ട ഇടങ്ങളുമാണ്. ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്ന ഇടങ്ങളിലൊന്ന് പെസ്‌കാറ ഡെൽ ട്രൊന്റോയാണ്. മാർച്ചെ റീജിയണിലെ അർക്വാറ്റയ്ക്കടുത്തുള്ള ഒരു ഹാംലെറ്റാണിത്. ഇവിടെ ഭൂകമ്പത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കുട്ടികളുടെ ഒരു പാർക്കിൽ കിടത്തിയിട്ടിരിക്കുന്നത് കാണാമായിരുന്നു. ഭൂകമ്പത്തെ തുടർന്ന് എല്ലാം നഷ്ടപ്പെട്ട നൂറുകണക്കിന് പേരാണ് കൊടും തണുപ്പിനെ സഹിച്ച് കൊണ്ട് ടെന്റുകളിൽ കഴിഞ്ഞ് കൂടുന്നത്. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നതിനാൽ അതിന് ശേഷം മാത്രമേ ഭൂകമ്പം ഇവിടെ വിതച്ച യഥാർത്ഥ നാശനഷ്ടം അളന്നെടുക്കാൻ സാധിക്കുകയുള്ളൂ.