ബ്രിട്ടനിൽ 15 കാരി പെൺകുട്ടി തന്റെ 13കാരിയായ സഹപാഠിയെ തെരുവിൽ വച്ച് അതിക്രൂരമായി മർദിച്ചതായി റിപ്പോർട്ട്.ഇത് കണ്ട് നിന്ന സുഹൃത്തുക്കൾ ആക്രമണം തടയുന്നതിന് പകരം ചിരിച്ച് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തതെന്ന് ഇത് സംബന്ധിച്ച വീഡിയോ വെളിപ്പെടുത്തുന്നു. തുടർന്ന് കുറ്റക്കാരിയായ15 കാരിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. 15 കാരി മറ്റേ പെൺകുട്ടിയുടെ തലയ്ക്കും ശരീരത്തിലും തുടർച്ചയായി ഇടിക്കുന്നത് വീഡിയോയിൽ കാണാം.സ്റ്റാൻഫോർഡ് ഷെയറിലെ ടാംവർത്തിലുള്ള സ്‌കൂളിൽ വച്ചാണീ വീഡിയോ പകർത്തിയിരിക്കുന്നത്.മർദനത്തിനിരയായ പെൺകുട്ടിയുടെ അമ്മയാണ് പ്രതിയെക്കുറിച്ച് പൊലീസിനോട് വെളിപ്പെടുത്തിയത്. എന്നാൽ നിയമപരമായ കാരണങ്ങളാൽ കുറ്റക്കാരിയായ സ്ത്രീയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.

തിങ്കളാഴ്ച ലാൻഡൗ ഫോർട്ടെ അക്കാദമിയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയിരിക്കുന്നത്. 25 മിനുറ്റോളം മർദനം നീണ്ടു നിന്നിരുന്നു. സ്‌കൂളിൽ നിന്നും അധികൃതർ തന്നെ വിളിച്ച് വിവരമറിയിക്കുകയായിരുന്നുവെന്നാണ് മർദനമേറ്റ പെൺകുട്ടിയുടെ അമ്മ വെളിപ്പെടുത്തുന്നത്.മകളുടെ ഉറ്റ കൂട്ടുകാരിയാണീ കടുകൈ ചെയ്തതെന്നറിഞ്ഞ് അമ്മ കരഞ്ഞ് പോയിരുന്നു.സ്നാപ്പ് ചാറ്റിൽ വന്ന വീഡിയോ അമ്മ സേവ് ചെയ്തെങ്കിലും ഫേസ്‌ബുക്കിലോ മറ്റോ ഇടാൻ ഇവർ സ്വയം തയ്യാറായിട്ടില്ല. ഇത് വീണ്ടും വീണ്ടും കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അവരുടെ വെളിപ്പെടുത്തൽ.

ഒരു പറ്റം കുട്ടികൾ നോക്കി നിൽക്കെ 15 കാരി 13കാരിയെ നിർദയം മർദിക്കുന്ന വീഡിയോ ആണിത്. ഇതിന് പുറമെ കടുത്ത ഭാഷയിൽ ശകാര വർഷം ചൊരിയുന്നുമുണ്ട്. എന്നാൽ കണ്ട് നിൽക്കുന്നവർ ഇത് തടയുന്നില്ല. മർദനത്തിരയായ പെൺകുട്ടി കരയുന്നതും കാണാം. തുടർന്ന് 15 കാരി അവളുടെ മുടി പിടിച്ച് വലിക്കുകയും തലയ്ക്ക് തുടർച്ചയായി അടിക്കുകയും ഇടിക്കുകയും ചെയ്യുന്നുണ്ട്. മർദനത്തിനിരയായ വിദ്യാർത്ഥിനിയെ സ്‌കൂളിൽ നിന്നും പെട്ടെന്ന് മാറ്റിയിരുന്നു. കുറ്റവാളിയെ ലാൻഡൗ ഫോർട്ടെ അക്കാദമിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന 13കാരിക്ക് പൊലീസ് എല്ലാ വിധ പിന്തുണയുമേകി വരുന്നുണ്ട്.