ഹോട്ടലിലെ സർവീസ് മോശമാണെന്ന് പറഞ്ഞപ്പോൾ ഇങ്ങനെയൊരു പ്രതികരണം യുവതി പ്രതീക്ഷിച്ചിരുന്നില്ല. കുപിതനായ വെയ്റ്റർ അടുക്കളയിൽനിന്ന് തിളച്ചവെള്ളമെടുത്ത് യുവതിയുടെ മുതുകത്തേയ്ക്ക് ഒഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതിക്ക് ചൈനീസ് കോടതി അനുവദിച്ചത് 28 ലക്ഷം രൂപ നഷ്ടപരിഹാരം. തന്റെ ദേഷ്യം തിളച്ച വെള്ളത്തിലൂടെ പ്രകടിപ്പിച്ച വെയ്റ്റർക്ക് 22 മാസം കഠിന തടവും കോടതി വിധിച്ചു.

കിഴക്കൻ ചൈനയിലെ വെൻഷുവിലാണ് സംഭവം. റെസ്‌റ്റോറന്റിലെത്തിയ യുവതി വെയ്റ്ററുടെ സർവീസിനെപ്പറ്റി പരാതിപ്പെട്ടപ്പോൾ ഇത്തരത്തിലൊരു പ്രതികരണം അവർ പ്രതീക്ഷിച്ചിരുന്നില്ല.

ലിൻ എന്ന യുവതിയെ അടിച്ച് താഴെയിട്ട വെയ്റ്റർ അവരുടെ മേലേയ്ക്ക് തിളച്ചവെള്ളം ഒഴിക്കുകയായിരുന്നു. കേസ് പരിഗണിച്ച വെൻഷുവിലെ ലൂച്ചെങ് ജില്ലാ കോടതി യുവതിയുടെ ആശുപത്രിച്ചെലവുകളും വഹിക്കണമെന്ന് ഹോട്ടലിനോട് ഉത്തരവിട്ടു.

ജീവനക്കാരന്റെ ജോലിസമയത്ത് സംഭവിച്ച പ്രശ്‌നമായതിനാൽ, എല്ലാച്ചെലവുകളും റെസ്റ്റോറന്റ് ഉടമ വഹിക്കണമെന്ന് കോടതി ഉത്തരവിട്ടു. യുവതിയുടെ മുഖത്താണ് തിളച്ചവെള്ളം വീണ് പൊള്ളലേറ്റത്. മുഖത്ത് പ്ലാസ്റ്റിക് സർജറി ചെയ്യേണ്ടിവന്നതിന്റെ ചെലവുകളും റെസ്‌റ്റോറന്റ് വഹിക്കണം.

കോടതിയിൽ ലിൻ ആവശ്യപ്പെട്ടത് 68 ലക്ഷം രൂപ നഷ്ടപരിഹാരമാണ്. എന്നാൽ, കോടതി അനുവദിച്ചത് 28 ലക്ഷം രൂപ. വിധിക്കെതിരെ റെസ്റ്റോറന്റ് അധികൃതർ അപ്പീലിന് പോകുമോ എന്നത് വ്യക്തമല്ല.