ധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള അഭയാർത്ഥികൾ യൂറോപ്പെന്ന സ്വപ്നഭൂമിയിലെത്താനായി മെിറ്ററേനിയൻ സമുദ്രത്തിലൂടെ അപകടകരമായ ബോട്ടുകളിലും മറ്റും കയറി ജീവൻ പണയം വച്ച് എത്തുന്നത് പതിവ് സംഭവമാണ്.ഇത്തരം യാത്രകളിൽ നൂറ് കണക്കിന് പേരുടെ ജീവനാണ് കടലിൽ പൊലിഞ്ഞിരിക്കുന്നത്. അത്തരമൊരു സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഇതിൽ നിരവധി പേർ കടലിൽ മുങ്ങിമരിക്കുന്നതായി കാണാം. ഒരു മത്സബന്ധന ബോട്ട് കണ്ട് ഇത് ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് ബോട്ട് ആണെന്ന് തെറ്റിദ്ധരിച്ച് നിറയെ അഭയാർത്ഥികളുമായെത്തിയ ഒരു ബോട്ട് ഇടിച്ച് മുക്കുന്ന വീഡിയോ ആണിത്. ഇത് കണ്ട് മറ്റെ ബോട്ടിലുള്ളവർ തങ്ങളെ രക്ഷിച്ച് തീരത്തെത്തിക്കുമെന്നായിരുന്നു അഭയാർത്ഥികളുടെ ബോട്ടിലുള്ളവർ വ്യാമോഹിച്ചിരുന്നത്. എന്നാൽ മത്സ്യബന്ധന ബോട്ടിലുള്ളവർ ഇവർ മുങ്ങിച്ചാവുന്നത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ടുണീഷ്യയിലാണ് ദാരുണസംഭവം അരങ്ങേറിയിരിക്കുന്നത്.

ഇന്നലെയാണീ ഞെട്ടിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുന്നത്. ഇത് ഈ ആഴ്ച സംഭവിച്ച ദുരന്തമാണോ അതല്ല സമ്മറിലാണോ സംഭവിച്ചിരിക്കുന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്നാൽ അഭയാർത്ഥികളുടെ ബോട്ട് സഹായത്തിനെന്നോണം മത്സ്യബന്ധന ബോട്ടിന് നേരെ നീങ്ങുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.

എന്നാൽ മെഡിറ്ററേനിയനിൽ അഭയാർത്ഥികളുടെ മറ്റൊരു ബോട്ട് മുങ്ങി എട്ട് പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്ത കാര്യം ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മത്സ്യബന്ധന ബോട്ടിന്റെ വശങ്ങളിൽ പിടിച്ച് കയറി രക്ഷപ്പെടാൻ അഭയാർത്ഥിൾ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും അവർ അവസാനം നിസ്സഹായരായി കടലിലേക്ക് വീണ് മുങ്ങിച്ചാവുന്നത് വീഡിയോയിൽ കാണാം.

ഇതിൽ മിക്ക അഭയാർത്ഥികൾക്കും നീന്താനറിയില്ലെന്ന് കാണാം. വളരെക്കുറച്ച് പേർക്ക് മാത്രമേ ലൈഫ് ജാക്കറ്റുമുള്ളൂവെന്നത് അപകടം വർധിപ്പിക്കുകയും ചെയ്തിരുന്നു. അഭയാർത്ഥികളോട് ശാന്തരായിരിക്കാൻ മത്സ്യബന്ധന ബോട്ടിന്റെ ഡെക്കിന് മുകളിലുള്ള ആൾ ഇറ്റാലിയൻ ഭാഷയിൽ വിളിച്ച് പറയുന്നത് കേൾക്കാം.മുങ്ങിമരിച്ചവരുടെ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതും വീഡിയോയിൽ കാണാം.എന്നാൽ മത്സ്യബന്ധന ബോട്ടിലുള്ളവർ എണ്ണത്തിൽ കുറവായിരുന്നുവെന്നും അവർക്ക് അഭയാർത്ഥികളെ രക്ഷിക്കുന്നതിനുള്ള സാഹചര്യമില്ലായിരുന്നുവെന്നും വീഡിയോയുടെ കമന്റേറ്റർ പറയുന്നത് കേൾക്കാം. അവർ രക്ഷിക്കാൻ ശ്രമിച്ചാൽ അതവരുടെ ജീവൻ അപകടത്തിലാക്കുമെന്നും വിവരണം കേൾക്കാം.

കടലിൽ കാണുന്ന ഏത് അഭയാർത്ഥി ബോട്ടിനെയും അനുഗമിച്ച് സുരക്ഷിതമായി കരയിൽ എത്തിക്കുകയെന്ന നയമാണ് പൊതുവെ ഇറ്റാലിയൻ കോസ്റ്റ്ഗാർഡ് അനുവർത്തിച്ച് വരുന്നത്.ഇക്കാരണത്താലാണ് മത്സ്യബന്ധന ബോട്ട് കണ്ട അഭയാർത്ഥികളുടെ ബോട്ട് ഇത് ഇറ്റാലിയൻ കോസ്റ്റ് ഗാർഡിന്റെ ബോട്ടാണെന്ന് തെറ്റിദ്ധരിച്ചത്. ഈ ബോട്ട് തങ്ങളെ രക്ഷിച്ച് ഇറ്റലിയിൽ എത്തിക്കുമെന്നും അവർ തെറ്റിദ്ധരിക്കുകയായിരുന്നു. എന്നാൽ ഇത് ടുണീഷ്യൻ തുറമുഖത്തിൽ നിന്നും അയക്കപ്പെട്ട വെറുമൊരു മത്സ്യബന്ധന ബോട്ടാണെന്ന് അവർ മനസിലാക്കിയതുമില്ല. മറ്റൊരു ബോട്ടിനുണ്ടായ ദുരന്തം മാൾട്ട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എംഒഎഎസും റെഡ് ക്രോസും റിപ്പോർട്ട് ചെയ്ത് അൽപം കഴിഞ്ഞാണീ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. മറ്റേ ബോട്ടിനുണ്ടായ ദുരന്തത്തെ തുടർന്ന് നിരവധി പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തുവെന്നാണ് റെഡ്ക്രോസ് ടീം കോ ഓഡിനേറ്ററായ അബ്ദെൽഫെത്താഹ് മുഹമ്മദ് വെളിപ്പെടുത്തുന്നത്. 11 ബോട്ടുകളിലായി കടലിൽ പെട്ട് പോയ 1200 പേരെ ഒറ്റ രാത്രി കൊണ്ട് രക്ഷിച്ചിരുന്നുവെന്നാണ് ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് വെളിപ്പെടുത്തുന്നത്.ഇതിൽ 500 പേരെ വഹിച്ചെത്തിയ ഒരു മരബോട്ടും ഉൾപ്പെടുന്നു.