- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹെൽമറ്റുകളുടെ ഘടനയിൽ വരുത്തുന്ന മാറ്റം അപകടങ്ങൾ ഉണ്ടാക്കുന്നു; ഹെൽമറ്റിൽ ഇനി ക്യാമറ വേണ്ടെന്ന് ഗതാഗത വകുപ്പ്; വിലക്ക് ലംഘിച്ചാൽ ലൈസൻസും റദ്ദാക്കും കൂടെ കനത്ത പിഴയും; അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളും
തിരുവനന്തപുരം: ഇരുചക്ര വാഹനയാത്രക്കാർ ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി മോട്ടർ വാഹനവകുപ്പ്. ഹെൽമറ്റുകളുടെ ഘടനയിൽ വരുത്തുന്ന മാറ്റം അപകടങ്ങൾ ഉണ്ടാക്കുമെന്നതിനാലാണ് നടപടി. ക്യാമറ ഘടിപ്പിച്ചത് കണ്ടെത്തിയാൽ 1000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം.
കൂടാതെ ആവശ്യമെങ്കിൽ മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും ട്രാൻസ്‌പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്തിടെ ഉണ്ടായ അപകടങ്ങളിൽ ക്യാമറ വച്ച ഹെൽമറ്റ് ധരിച്ചവർക്ക് പരിക്കേൽക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പുതിയ തീരുമാനം.
ഏതാണ്ട് ഒരു വർഷം മുന്നെ തന്നെ ഇത്തരത്തിൽ നിയമം കടുപ്പിക്കാൻ വകുപ്പ് പദ്ധതിയിട്ടിരുന്നു. ഇരുചക്ര വാഹനങ്ങളുടെ അമിതവേഗം കാണിക്കുന്ന സ്പീഡോമീറ്ററിന്റെ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഹെൽമറ്റ് ക്യാമറകൾക്കെതിരെ നടപടിക്ക് ഒരുങ്ങാൻ മോട്ടോർ വാഹന വകുപ്പ തീരുമാനിച്ചത്.എന്നാൽ ഒരു വർഷത്തിന് ഇപ്പുറമാണ് ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക ഉത്തരവു ഇറങ്ങുന്നത്.
പൊതുജനത്തിനും വാഹനമോടിക്കുന്നയാൾക്കും അപകടം ഉണ്ടാക്കുന്ന പ്രവൃത്തിയാണ് ഇതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വീഡിയോ ചിത്രീകരിക്കുന്ന ഹെൽമെറ്റ് ഉപയോഗിച്ചാൽ ലൈസൻസും ആർസി ബുക്കും സസ്പെൻഡ് ചെയ്യുന്നത് അടക്കമുള്ള നടപടിയെടുക്കും.
ക്യാമറ റെക്കോഡിങ് സൗകര്യമുള്ള ഹെൽമെറ്റ് ഉപയോഗിക്കുമ്പോൾ വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ വീഡിയോ ചിത്രീകരണത്തിലേക്ക് തിരിയുകയും ഇത് അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നെന്നാണ് അധികൃതർ പറയുന്നത്. ഇത്തരം രംഗങ്ങൾ ഹെൽമെറ്റിൽ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരുന്നതെന്നും കണ്ടെത്തി.
അതേസമയം എംവിഡിയുടെ തീരുമാനത്തിനെതിരെ ബിജെപി നേതാവ് സന്ദീപ് ജി വാര്യർ രംഗത്തെത്തി. ആയിരം രൂപ പിഴയും ലൈസൻസ് റദ്ദാക്കുകയും മാത്ര പോരാ ഹെൽമറ്റിൽ ക്യാമറ വച്ച കുറ്റത്തിന് തൂക്കി കൊന്നേക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു.
എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും ഹെൽമറ്റിൽ ക്യാമറ വച്ചതുകൊണ്ട് എത്ര അപകടം വർദ്ധിച്ചെന്നും സന്ദീപ് ചോദിക്കുന്നു. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിനെതിരെയുള്ള തെളിവായി കാമറ ഹെൽമെറ്റിലെ ദൃശ്യങ്ങൾ മാറുന്നതിനുള്ള അസഹിഷ്ണുതയാണ് ഈ തീരുമാനത്തിന് പിറകിലെന്ന് സന്ദീപ് ആരോപിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മറുനാടന് മലയാളി ബ്യൂറോ