- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രീഫയർ ഗെയിമുകൾക്ക് അടിപ്പെട്ട് വഴിതെറ്റുന്ന വിദ്യാർത്ഥികളെ ഇതിവൃത്തമാക്കി ഹ്രസ്വ ചിത്രം 'തിരികെ' ശ്രദ്ധേയമാകുന്നു; വിദ്യാർത്ഥിയുടെ ജീവിതത്തിൽ അദ്ധ്യാപകർ ചെലുത്തുന്ന സ്വാധീനം വ്യക്തമാക്കുന്ന ചിത്രം ആനക്കൽ സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ പുറത്തിറക്കിയത് അദ്ധ്യാപക ദിനത്തിൽ
തിരുവനന്തപുരം: ഇന്ന് അദ്ധ്യാപക ദിനം. ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ അദ്ധ്യാപകർ ചെലുത്തുന്ന സ്വാധീനം എത്രത്തോളം നിർണായകം ആയിരിക്കും? ഇത് വ്യക്തമാക്കുന്നതാണ് 'തിരികെ' എന്ന പേരിൽ ആനക്കൽ സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ പുറത്തിറക്കിയ ഹ്രസ്വ ചിത്രം.
കോവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ പഠനം മുടങ്ങാതിരിക്കാൻ ഓൺലൈൻ പഠന സംവിധാനം ഏർപ്പെടുത്തിയതോടെ ഒരു വിഭാഗം വിദ്യാർത്ഥികൾ മൊബൈൽ ഫോണുകളിലൂടെ അപകടകരമായ ഗെയിമുകൾക്ക് അടിപ്പെട്ടതിന്റെ വിവരങ്ങൾ ഒട്ടേറെ തവണ വാർത്തകളായിരുന്നു. ഇത്തരം ഗെയിമിനടിപ്പെട്ട് കുട്ടികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരുന്നതായാണ് റിപ്പോർട്ട്.
പഠനത്തിൽ മിടുക്കനും അനുസരണശീലമുള്ള വിദ്യാർത്ഥികൾ പോലും ഫ്രീഫയർ ഗെയിമുകൾക്ക് അടിപ്പെട്ട് വഴിതെറ്റുന്ന ഇത്തരം സംഭവങ്ങൾ ഇതിവൃത്തമാക്കിയാണ് ആനക്കൽ സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ ഹ്രസ്വചിത്രം തിരികെ ശ്രദ്ധേയമാകുന്നു. ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ അദ്ധ്യാപകർ ചെലുത്തുന്ന സ്വാധീനം എത്രത്തോളം നിർണായകമെന്ന് വ്യക്തമാക്കുന്നതാണ് അദ്ധ്യാപക ദിനത്തിൽ തിരികെ എന്ന പേരിൽ പുറത്തിറക്കിയ ഹ്രസ്വ ചിത്രം.
ഫ്രീഫയർ ഗെയിമിന് അഡിക്റ്റായതോടെ ഊണും ഉറക്കവും നഷ്ടപ്പെട്ട് ഒടുവിൽ ആത്മഹത്യ ചെയ്യാൻ രാത്രിയിൽ വീട്ടിൽ നിന്നും ഇറങ്ങിത്തിരിക്കുന്ന വിദ്യാർത്ഥിയെ അദ്ധ്യാപിക വഴിയിൽ വച്ച് കണ്ടെത്തുന്നതും തുടർന്ന് അവനോട് സംസാരിച്ച് വിവേകവും ആത്മവിശ്വാസവും പകർന്ന് നൽകി തിരികെ മാതാപിതാക്കളുടെ അരികെ എത്തിക്കുന്നതുമാണ് ഹ്രസ്വ ചിത്രത്തിലുള്ളത്.
വീട്ടിലെ കഷ്ടപ്പാടുകൾക്ക് ഇടയിലും മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ കഷ്ടപ്പെടുന്ന സാധാരണക്കാരായ മാതാപിതാക്കൾ പലപ്പോഴും നേരിടേണ്ടി വരുന്ന അനുഭവങ്ങളാണ് ചിത്രത്തിൽ പങ്കുവയ്ക്കുന്നത്. ഓൺലൈൻ പഠനത്തിനായി മാതാപിതാക്കൾ വാങ്ങിനൽകിയ ഫോൺ ഫ്രീഫയർ ഗെയിമുകൾക്ക് അനിയോജ്യമല്ലെന്ന് കണ്ടതോടെ നഴ്‌സിങ് വിദ്യാർത്ഥിയായ സഹോദരിക്ക് ഫീസ് അടയ്ക്കുന്നതിനായി കടം വാങ്ങി വീട്ടിൽ വച്ചിരുന്ന പണം മോഷ്ടിച്ച് പുതിയ ഫോൺ വാങ്ങുന്നതും അത് ചോദ്യം ചെയ്തതിന് അച്ഛനോട് മകൻ വഴക്കിടുന്നതും ഹ്രസ്വ ചിത്രത്തിലുണ്ട്.
സ്‌കൂളിൽ മികച്ച വിദ്യാർത്ഥിയെന്ന അദ്ധ്യാപകർ അടക്കം പ്രശംസിച്ച തന്റെ മകൻ ഓൺലൈൻ പഠനം ആരംഭിച്ചതോടെ പിന്നാക്കം പോയതും പഠനത്തിലുള്ള ശ്രദ്ധ വിട്ട് ഫ്രീഫയർ ഗെയിമിന്റെ മായിക ലോകത്തേക്ക് വഴിമാറിയതിന്റെ അപകടവും മാതാപിതാക്കൾ പിന്നാടാണ് തിരിച്ചറിഞ്ഞത്. ഒരു മാസമായി ഓൺലൈൻ പഠനക്ലാസിൽ പങ്കെടുക്കുന്നില്ലെന്ന് വിവരം അറിയിക്കാൻ അദ്ധ്യാപിക ഫോണിൽ അറിയിച്ചതോടെയാണ് ഗെയിമിന് അടിമയായി മകൻ മാറിയത് മാതാപിതാക്കൾ പോലും മനസിലാക്കുന്നത്. ഇതിൽ നിന്നും തന്റെ മകനെ രക്ഷിക്കണമെന്ന് അദ്ധ്യാപികയോട് ആ മാതാപിതാക്കൾ അപേക്ഷിക്കുന്നതും ചിത്രത്തിൽ കാണാം.
ആയിരക്കണക്കിനു കുട്ടികൾ കൊലയാളിയായ മാറിയ ബ്ലൂവെയിൽ ഗെയിമിന്റെ ചലഞ്ച് ഏറ്റെടുത്ത് ആത്മഹത്യയ്ക്കായി വീട്ടിൽ നിന്നും ഇറങ്ങി പുറപ്പെടുന്നത്. യാത്രയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന അദ്ധ്യാപികയുടെ വാഹനത്തിന് മുന്നിൽ എത്തിപ്പെടുന്നതും തുടർന്ന് അദ്ധ്യാപികയുടെ ഇടപെടൽ ആ വിദ്യാർത്ഥിയുടെ മനസ് മാറ്റുന്നതും ജീവിതത്തിലേക്ക് തിരികെ നടക്കാൻ പ്രേരണയാകുന്നതും ചിത്രത്തിൽ കാണാം.
അച്ഛൻ ക്യാൻസർ രോഗിയാണെന്നതടക്കം വീട്ടിലെ സാഹചര്യങ്ങൾ അദ്ധ്യാപികയുടെ വാക്കുകളിലൂടെ അവൻ മനസ്സിലാക്കുന്നതോടെ ജീവിതയാഥാർത്ഥ്യം ഉൾക്കൊള്ളുന്നതും അച്ഛനെയും അമ്മയേയും കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതും ചിത്രത്തിൽ ഹൃദയം തൊടുന്ന ദൃശ്യങ്ങളാണ്. ഇതോടൊപ്പം വീട്ടിലെ സാഹചര്യങ്ങൾ മക്കളെ അറിയിക്കാതെ വളർത്തുന്നത് ഏത്രത്തോളം തിരിച്ചടിയാണെന്നും ഹ്രസ്വ ചിത്രം വരച്ചുകാട്ടുന്നു.
കൗമാരക്കാരെ ആകർഷിച്ച് ഗെയിമിൽ പങ്കാളികളാക്കി ഒടുവിൽ മരിക്കാൻ പ്രേരിപ്പിക്കുന്ന രീതിയാണ് ബ്ലൂവെയിൽ ഗെയിമിന്റേത്. ഇത്തരം സംഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ മാതാപിതാക്കളുടെ ശ്രദ്ധ ഇക്കാര്യത്തിലേക്കു ക്ഷണിച്ചുകൊണ്ടാണ് 'തിരികെ' എന്ന ഹ്രസ്വ ചിത്രം പൂർത്തിയാകുന്നത്.
സൗജന്യവും കളിക്കാൻ എളുപ്പവുമാണ് ഫ്രീഫയർ പോലുള്ള ഗെയിമുകൾ. സഹാപാഠികൾക്ക് ഒപ്പം ഒരുമിച്ചു കളിക്കാൻ കഴിയുന്നതിനാൽ ഇത്തരം ഗെയിം കുട്ടികൾ വേഗത്തിൽ ഇഷ്ടപ്പെടുകയും ഇത് പെട്ടെന്നു തന്നെ അഡിക്റ്റാകുകയും ചെയ്യും. സാഹസികത ഇഷ്ടപ്പെടുന്നവരാണ് കൗമാരക്കാർ. എന്തിനെയും പരീക്ഷിക്കാൻ വ്യഗ്രത കാണിക്കുന്നവർ. ആക്രമണ സ്വഭാവമുള്ള ഗെയിമുകൾ അവരെ ത്രസിപ്പിക്കുന്നു. ഗെയിമിലെ കഥാപാത്രങ്ങൾ യഥാർഥ കഥാപാത്രങ്ങളെ പോലെ, അപകടത്തിൽ മരിക്കാൻ നേരം വിലപിക്കുകയും രക്തം ഒഴുക്കുകയും ചെയ്യുന്നതൊക്കെ കാണുമ്പോൾ കുട്ടികളുടെ മനസ്സും അതിനനുസരിച്ച് വൈകാരികമായി പ്രതികരിക്കും.
കൗമാരത്തിന്റെ ഈ വികാരമാണ് ഗെയിം വിപണി മുതലെടുക്കുന്നത്. ഇത്തരം ഗെയിമുകളിൽ ഏർപ്പെടുന്നവരിൽ ആക്രമണ ചിന്തകൾ ഉടലെടുക്കുമെന്ന് മനഃശാസ്ത്ര വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാൻ ഇവർ വിമുഖത കാണിക്കും.
സ്‌കൂൾ പഠനത്തിൽ താത്പര്യമില്ലാതാകും. നേരത്തേ പഠനത്തിൽ മിടുക്കരായിരുന്ന കുട്ടികൾ പോലും അതിൽ പിന്നാക്കം പോകുകയും ചെയ്യുന്നു. സ്വന്തം ചുറ്റുപാടുകളിൽ നിന്നകന്ന് വീഡിയോ ഗെയിമിന്റെ മായിക ലോകത്ത് അകപ്പെട്ടു പോകുന്ന നിരവധി കുട്ടികളുണ്ട്. തങ്ങളുടെ ദൈനംദിന കാര്യങ്ങൾ പോലും ഇവർ മറന്നുപോകുന്നു. അവധി ദിനങ്ങളിൽ പ്രഭാത കർമങ്ങൾ പോലും വേണ്ടെന്നു വെച്ച് ഓൺലൈൻ ഗെയിമുകളിൽ ഏർപ്പെടുന്നു.
ലൈംഗികാഭാസങ്ങൾ ഉൾപ്പെടുന്നതാണ് പല ഗെയിമുകളും. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പിന്നീടവർ അശ്ലീല ചിത്രങ്ങൾ കണ്ടുതുടങ്ങും. ഇത്തരം വീഡിയോ ഗെയിമുകൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന, പുതിയ തലമുറയുടെ ഭാവിയെത്തന്നെ നശിപ്പിക്കുന്ന അപകടരമായ കാണാച്ചരടുകളിലേക്ക് വെളിച്ചം വീശുന്നതാണ് തിരികെ എന്ന പേരിൽ ആനക്കൽ സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ തയ്യാറാക്കിയ ഹ്രസ്വചിത്രം.
മറുനാടന് മലയാളി ബ്യൂറോ