തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ അഴിക്കുള്ളിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ന്യായീകരിച്ചു കൊണ്ട് സൈബർ ലോകത്ത് പി ആർ പ്രചരണവുമായി ഒരു കൂട്ടം ആളുകൾ തന്നെ രംഗത്തുണ്ട്. ബിഷപ്പിന് ജാമ്യം കിട്ടുമെന്നാണ് കരുതിയതെങ്കിലും കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും നീട്ടിവെച്ചതോടെ ബിഷപ്പിന് പുറത്തിറങ്ങാൻ സാധികാത്ത അവസ്ഥ വന്നു. ഇതോടെ ബിഷപ്പിനെ അനുകൂലിച്ചു കൊണ്ട് ഒരു വിഭാഗം ആളുകൾ രംഗത്തെത്തി.

സൈബർ ലോകത്ത് ബിഷപ്പ് ഫ്രാങ്കോ നിരപരാധിയാണെന്ന് വരുത്താൻ വേണ്ടി തീവ്രശ്രമമാണ് ഇവർ നടത്തുന്നത്. യേശുവിന്റെ യാതന സ്മരണകൾ ഉണർത്തുന്ന കുരിശിന്റെ വഴി ഗാനത്തിന്റെ അകമ്പടിയോടെയാണ് ബിഷപ്പിനെ വെള്ളപൂശുന്ന വീഡിയോകളുമായി ആളുകൾ രംഗത്തെത്തിയത്. യേശുവിനോട് ഉപമിച്ചു കൊണ്ടാഇണ് ബിഷപ്പിനെ കുറ്റവിമുക്തനാക്കുന്നത്. മാധ്യമ വിചാരണയാണ് ഫ്രാങ്കോക്കെതിരെ നടക്കുന്നതെന്നാണ് ഒരു കൂട്ടം മൗലികവാദികൾ ശ്രമിക്കുന്നത്. അതിന് അനുബന്ധമായ ദൃശ്യമാണ് കുരിശിന്റെ വഴികൾ ഗാനത്തിനൊപ്പം ചേർത്തിരിക്കുന്നത്.

കന്യാസ്ത്രീയോട് താൻ ക്ഷമിച്ചുവെന്ന് പറഞ്ഞു കൊണ്ടുള്ള ഫ്രാങ്കോയുടെ ബൈറ്റ് അടക്കം ഗാന വീഡിയോയിൽ ഉണ്ട്. കൂടാതെ ചാനൽ ചർച്ചയിൽ ബിഷപ്പിനെതിരെ പറയുന്ന രംഗങ്ങളും ഉൾപ്പെടുത്തി. ഇവർ ചെയയ്ുന്നത് എന്താണെന്ന് ഇവർ അറിയുന്നില്ലെന്ന് പറഞ്ഞു കൊണ്ടാണ് ഗാനവീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഈ വീഡിയോ ക്രിസ്ത്യാനി എന്ന ഫേസ്‌ബുക്ക് പേജ് വഴിയും വാട്‌സ് ആപ്പ് വഴിയും വ്യപകമായി പ്രചരിപ്പിക്കുന്നുണ്ട്.

കർത്താവിന്റെ പീഡനാനുഭവങ്ങൾ വ്യക്തമാക്കുന്ന വരികളാണ് ഗാനത്തിൽ. ചെയ്യാത്ത കുറ്റത്തിൽ ചുമടുമായി ഇനിയെത്രകാലമുണ്ടീ ജന്മയാത്ര എന്നു തുടങ്ങുന്ന ഗാനത്തിൽ കരുതാത്ത ബന്ധത്തെ ബന്ധനമാക്കി ഇനിയെത്ര വിധികൂട്ടിൽ നിൽക്കണം ഞാൻ എന് ചോദ്യവും ഉയർത്തുന്നണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്ന കാര്യവും ഇരയ്ക്ക് വേണ്ട കന്യാസ്ത്രീകളെ ദൈവഭയം ഉയർത്തി ഭീഷണിപ്പെടുത്തുന്ന വിധത്തിലും ഗാനവീഡിയോ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

മെത്രാനെ വിശുദ്ധനാക്കാനുള്ള ഡയലോഗുകളും ഇതിനൊപ്പം ഉപയോഗിച്ചിട്ടുണ്ട്. ബിഷപ്പ് തെറ്റുകാരനല്ലെന്നുമാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റു ചെയ്തിട്ടും ബിഷപ്പ് അനുകൂലികൾ പറയുന്നത്. പി സി ജോർജ്ജിന്റെ ബൈറ്റാണ് ഇതിൽ പ്രധാനം. പിതാവിനെ ക്രൂശിച്ചവർക്ക് മേൽ ഇടിത്തീവീഴുമെന്ന ജോർജ്ജിന്റെ പ്രസ്താവനയും വീഡിയോയിൽ ഉണ്ട്. അതേസമയം ബിഷപ്പിനെ പിന്തുണക്കുന്ന നീക്കത്തിൽ ഞെട്ടിയിരിക്കയാണ് ഒരു വിഭാഗം. യേശുക്രിസ്തുവിനോട് ഉപമിച്ചു കൊണ്ട് ബിഷപ്പിനെ പ്രകീർത്തിച്ചത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് വിശ്വാസികൾ പറയുന്നത്.

ലൈംഗിക പീഡനകേസിൽ ജയിലിലായ മെത്രാനെ വിശുദ്ധനാക്കാനുള്ള നീക്കം വിശ്വാസികളുടെ പിന്തുണ ലക്ഷ്യമിട്ടാണെന്ന് വ്യക്തമാണ്. കന്യാസ്ത്രീകൾക്കെതിരെ വിശ്വാസികളെ രംഗത്തിറക്കുകയെന്നതാണ് ഈ ലക്ഷ്യത്തിൽ പ്രധാനം. പണം മുടക്കി തന്നെയാണ് ഒരു ബിഷപ്പിന് വേണ്ടിയുള്ള സിന്ദാബാദ് വിളികൾ എന്നത് വ്യക്തമാണ്. ബലാത്സംഗക്കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന മുൻ ജലന്ധർ രൂപതാദ്ധ്യക്ഷന് പൂർണ്ണ പിന്തുണയുമായാണ് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ മാത്യു അറയ്ക്കലും സഹായമെത്രാൻ മാർ ജോസ് പുളിക്കലും പാലാ സബ് ജയിലിലെത്തിയിരുന്നു. പത്തനംതിട്ട രൂപതാ സഹായമെത്രാൻ സാമുവൽ മാർ ഐറേനിയോസ് എന്നിവരാണ് ഫ്രാങ്കോ മുളയ്ക്കലിനെ സന്ദർശിച്ചത്.

ഫ്രാങ്കോയെ സന്ദർശിച്ചത് പ്രാർത്ഥനാ സഹായത്തിനാണെന്ന് മാർ മാത്യു അറയ്ക്കൽ പറഞ്ഞു. ഫ്രാങ്കോയെ യേശുക്രിസ്തുവിനോടാണ് അദ്ദേഹം ഉപമിച്ചത്. യേശുക്രിസ്തുവിനെ കുരിശിൽ തറച്ചത് തെറ്റുചെയ്തിട്ടാണോ എന്ന് കാഞ്ഞിരപ്പള്ളി ബിഷപ് ചോദിച്ചത്. ഫ്രാങ്കോ മുളയ്ക്കൽ തെറ്റുകാരനാണെന്ന് അനാവശ്യം പറയരുത്. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് കോടതി തീരുമാനിക്കട്ടെ. കോടതി വിധി സ്വന്തമായി ആരും വിധിക്കണ്ട. പതിനായിരക്കണക്കിന് രക്തസാക്ഷികൾ ക്രൂശിലേറ്റപ്പെട്ടിട്ടുണ്ട്. അവരെല്ലാം തെറ്റുകാരാണോ എന്നും മാർ മാത്യു അറയ്ക്കൽ ചോദിച്ചു.

കത്തോലിക്കാ സഭയിലെ മെത്രാന്മാരാണ് അദ്ദേഹത്തെ കാണാൻ എത്തിയവരിൽ കൂടുതലും. എന്നാൽ, ലത്തീൻ സഭയിലെ പല മെത്രാന്മാരും ഇനിയും എത്തിയിട്ടില്ല. പീഡന കേസിൽ അകത്തായാലും മെത്രാൻ ശക്താനാണെന്ന കൃത്യമായ സന്ദേശം നൽകുന്നതാണ് ഈ സന്ദർശനങ്ങൾ. ഇതൊക്കെ കേസിനെയും സാക്ഷികളെയും അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ജയിൽ ചട്ടങ്ങളെല്ലാം ലംഘിച്ചു കൊണ്ടാണ് ജയിൽ സന്ദർശനങ്ങൾ.

ഒരു റിമാൻഡ് കേസ് പ്രതിക്ക് ആഴ്‌ച്ചയിൽ അഞ്ച് പേരെ മാത്രമേ കാണാൻ അനുവദിക്കൂ എന്നതാണ് ചട്ടം. ഒരു കൂടിക്കാഴ്‌ച്ച അഞ്ച് മിനിറ്റ് വരെ മാത്രമേ പരമാവധി സമയം അനുവദിക്കാൻ സാധിക്കുന്നത്. എന്നാൽ, മെത്രാൻ കാണാൻ അഞ്ചിൽ കൂടുതൽ ആളുകൾ ആഴ്‌ച്ചയിൽ എത്തുന്നുണ്ട്. ഒരാൾ അര മണിക്കൂർ വരെ ജയിലിൽ ബിഷപ്പുമായി സംസാരിക്കുന്ന സാഹചര്യവും ഉണ്ട്. ഇവരുടെ സമയം കഴിഞ്ഞു എന്ന് ജയിൽ അധികൃതർക്ക് പറയാൻ പോലും സാധിക്കുന്നില്ല. പി സി ജോർജ്ജിനെ പോലുള്ളവർ കേസിൽ നിന്നും എങ്ങനെ രക്ഷപെടാം എന്ന ഉപദേശം അടക്കം ബിഷപ്പിന് നൽകിയിട്ടുണ്ട്.

പുസ്തകങ്ങൾ വായിച്ചും സന്ദർശകരെ സ്വീകരിച്ചുമാണ് ഫ്രാങ്കോ ജയിലിൽ തന്റെ ദിനങ്ങൾ തള്ളിനീക്കുന്നത്. ജയിൽ ലൈബ്രറിയിലുള്ള പുസ്തകങ്ങളാണ് ബിഷപ്പിന് വായിക്കാൻ നൽകിയിലൊരിക്കുന്നത്. ജയിലിലെ രീതികളോട് ഫ്രാങ്കോ സഹകരിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ജയിലിലെ ഭക്ഷണത്തോടും ഫ്രാങ്കോ പൊരുത്തപ്പെട്ടു കഴിഞ്ഞു. ബിഷപ്പിനൊപ്പം രണ്ട്പെറ്റി കേസ് പ്രതികളാണുള്ളത്. ഒരാൾ അതിർത്തി തർക്കത്തെ തുടർന്നും രണ്ടാമൻ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനുമാണ് അകത്തായത്. ഇവർക്കൊപ്പം തറയിൽ പായ വിരിച്ച്, കമ്പളി പുതച്ചാണ് ബിഷപ്പ് കിടന്നുറങ്ങുന്നത്.

പ്രമുഖവ്യക്തിയായതിനാൽ ക്രിമിനൽ പശ്ചാത്തലമില്ലാത്ത പ്രതികൾക്കൊപ്പം ഒന്നാം സെല്ലിൽ പാർപ്പിച്ചത്. 5968 ാം തടവുകാരനാണ് അദ്ദേഹം. ജയിലിൽ മറ്റ് തടവുകാർ ബിഷപ്പിനെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് അറിയാം. അതിനാൽ രണ്ട് ജയിലർമാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തതും അതിനെ തുടർന്ന് സഭ കാണിച്ച സമീപനവും കന്യാസ്ത്രീകളുടെ സമരവും ജയിലിലെ തടവുകാർ കൃത്യമായി ഫോളോ ചെയ്തവരാണ്. അവിടെ വരുന്ന എല്ലാ പത്രങ്ങളും അരിച്ചുപെറക്കി വായിക്കുന്നത് തടവുകാരുടെ ശീലമാണ്. അതിനാൽ ബിഷപ്പിന് കനത്ത സുരക്ഷ തന്നെയാണ് ഒരുക്കി നൽകുന്നത്.