- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ സർക്കാരിന്റെ കാലത്ത് വിജിലൻസ് അന്വേഷണം നടത്തി കണ്ടെത്തിയ 1700 അഴിമതിക്കാർക്കെതിരെ നടപടി ശുപാർശ ചെയ്ത് വിജിലൻസ് ഡയറക്ടറുടെ കത്ത്; അന്വേഷണത്തിൽ കുറ്റക്കാരായവർക്കെതിരെ നടപടിയില്ലെങ്കിൽ വിജിലൻസിനെ കൊണ്ട് എന്ത് പ്രയോജനമെന്ന് ജേക്കബ് തോമസ്; പിണറായി വിജയൻ ധീരത തെളിയിക്കുമോ?
തിരുവനന്തപുരം: അഴിമതിക്കാരെയെല്ലാം നടപടി വേണമെന്ന ആവശ്യവുമായി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. 1700ലേറെ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ആറു പ്രധാന വകുപ്പുകളിലെ മുൻകാല അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇത്. ഇതിൽ ഏതാനും മുൻ ജനപ്രതിനിധികളും മുൻ കലക്ടർമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടും. വകുപ്പുതല നടപടിക്കു പുറമെ സർക്കാരിനു നഷ്ടപ്പെട്ട പണം റവന്യു റിക്കവറിയിലൂടെ തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യങ്ങളുമായി സർക്കാരിന് ജേക്കബ് തോമസ് കത്ത് നൽകി. മുഖ്യമന്ത്രി പിണറായി വിജയനാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. അഴിമതിക്കേസുകൾ പലതും വിജിലൻസ് കൈയോടെ പിടികൂടും. പക്ഷേ നടപടിയൊന്നുമില്ല. അവർ യഥാസ്ഥലത്ത് തുടരും. ഇതിന് അവസാനമുണ്ടാകണമെന്നാണ് ആവശ്യം. ഇതിലൂടെ മാത്രമേ അഴിമതിയെ നേരിടാനാകൂവെന്ന സന്ദേശമാണ് ജേക്കബ് തോമസ് നൽകുന്നത്. ഗുരുതര ക്രമക്കേടിനു ചിലരെ പിരിച്ചുവിടാനും ശുപാർശ ചെയ്തു. ആരോഗ്യം, തദ്ദേശ ഭരണം, റവന്യു, സിവിൽ സപ്ലൈസ്, റജിസ്‌ട്രേഷൻ, സർവേ വകുപ്പുകളിലെ ഉ
തിരുവനന്തപുരം: അഴിമതിക്കാരെയെല്ലാം നടപടി വേണമെന്ന ആവശ്യവുമായി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. 1700ലേറെ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ആറു പ്രധാന വകുപ്പുകളിലെ മുൻകാല അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇത്. ഇതിൽ ഏതാനും മുൻ ജനപ്രതിനിധികളും മുൻ കലക്ടർമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടും. വകുപ്പുതല നടപടിക്കു പുറമെ സർക്കാരിനു നഷ്ടപ്പെട്ട പണം റവന്യു റിക്കവറിയിലൂടെ തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യങ്ങളുമായി സർക്കാരിന് ജേക്കബ് തോമസ് കത്ത് നൽകി. മുഖ്യമന്ത്രി പിണറായി വിജയനാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
അഴിമതിക്കേസുകൾ പലതും വിജിലൻസ് കൈയോടെ പിടികൂടും. പക്ഷേ നടപടിയൊന്നുമില്ല. അവർ യഥാസ്ഥലത്ത് തുടരും. ഇതിന് അവസാനമുണ്ടാകണമെന്നാണ് ആവശ്യം. ഇതിലൂടെ മാത്രമേ അഴിമതിയെ നേരിടാനാകൂവെന്ന സന്ദേശമാണ് ജേക്കബ് തോമസ് നൽകുന്നത്. ഗുരുതര ക്രമക്കേടിനു ചിലരെ പിരിച്ചുവിടാനും ശുപാർശ ചെയ്തു. ആരോഗ്യം, തദ്ദേശ ഭരണം, റവന്യു, സിവിൽ സപ്ലൈസ്, റജിസ്‌ട്രേഷൻ, സർവേ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കെതിരായാണു റിപ്പോർട്ടുകൾ. മുൻ സർക്കാരിന്റെകാലത്തു വിജിലൻസ് സർക്കാരിനു ശുപാർശ ചെയ്ത റിപ്പോർട്ടുകളിൽ തുടർനടപടി ആവശ്യപ്പെട്ടാണു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നാലു പ്രത്യേക റിപ്പോർട്ടുകൾ ആഭ്യന്തര വകുപ്പിനു കൈമാറിയത്.
തദ്ദേശ സ്ഥാപനങ്ങളിലെ 800ൽ അധികം പേർക്കെതിരായാണ് ആദ്യ റിപ്പോർട്ട്. പദ്ധതികളിലെ ക്രമക്കേടുകൾ, നിർമ്മാണ പ്രവർത്തനത്തിലെ അഴിമതി, സർട്ടിഫിക്കറ്റുകൾ നൽകിയതിലെ ക്രമക്കേട് എന്നിവയുമായി ബന്ധപ്പെട്ടു തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, അംഗങ്ങൾ, മുൻ മേയർമാർ എന്നിവർക്കെതിരായി കഴിഞ്ഞ സർക്കാരിന്റെകാലത്തു തന്നെ സർക്കാരിനു വിജിലൻസ് റിപ്പോർട്ടുകൾ കൈമാറിയിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകളിൽ നടപടികളൊന്നും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ജേക്കബ് തോമസിന്റെ ഇടപെടൽ. വമ്പൻ രാഷ്ട്രീയ സ്വാധീമുള്ളവരാണ് ഈ പേരുകാരിൽ ഏറെയും. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ തീരുമാനം നിർണ്ണായകമാകും.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപറേഷനുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരായാണു കൂടുതൽ അഴിമതി കേസുകൾ. എന്നാൽ ഒന്നിലും നടപടിയുണ്ടായില്ല. സിവിൽ സപ്ലൈസുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ 300 ഉദ്യോഗസ്ഥർക്കെതിരായാണു നടപടി ശുപാർശ. റേഷനിങ് ഇൻസ്‌പെക്ടർമാർ, താലൂക്ക് സപ്ലൈ ഓഫിസർമാർ, ജില്ലാ സപ്ലൈ ഓഫിസർമാർ എന്നിവർ ഇതിൽപെടും. സപ്ലൈകോയിൽ ഡിപ്പോ മാനേജരായി ജോലിനോക്കിയവരും ഉണ്ട്. റേഷൻ തിരിമറിയിലാണു കൂടുതൽ പേരും കുടുങ്ങിയിട്ടുള്ളത്.
ആരോഗ്യ വകുപ്പിൽ മരുന്നും ആശുപത്രി ഉപകരണങ്ങളും വാങ്ങിയതിലാണ് അഴിമതി. അതിൽ തന്നെ കേരള മെഡിക്കൽ സർവീസസ് കോർപറേഷനിലാണു കൂടുതൽ വെട്ടിപ്പ്. പ്രാഥമിക സർക്കാർ ആശുപത്രികൾ മുതൽ മെഡിക്കൽ കോളജ് ആശുപത്രികൾ വരെ അടിയന്തര ഘട്ടത്തിൽ ഉപകരണങ്ങളും മരുന്നും വാങ്ങിയതിലും ക്രമക്കേടുണ്ട്. സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടർമാരും പട്ടികയിലുണ്ട്. 350 പേരാണ് ഈ പട്ടികയിൽ. റവന്യു, സർവേ, റജിസ്‌ട്രേഷൻ വകുപ്പുകളുമായി ബന്ധപ്പെട്ട നടപടി ഒറ്റ റിപ്പോർട്ടിലാണ് ഉൾപ്പെടുത്തിയത്. വില്ലേജ് ഓഫിസർമാർ മുതൽ കലക്ടർമാർ വരെ ഇതിലുണ്ട്. സർവേ, റീസർവേ എന്നിവയുമായി ബന്ധപ്പെട്ടും റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടും ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. 300ൽ അധികം ഉദ്യോഗസ്ഥരാണ് ഈ റിപ്പോർട്ടിലും.
കഴിഞ്ഞ സർക്കാരിന്റെകാലത്തു വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് ശുപാർശ ചെയ്ത നടപടി റിപ്പോർട്ടുകൾ ക്രോഡീകരിച്ചു നൽകാൻ ഡയറക്ടർ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. അതു പരിശോധിച്ചപ്പോഴാണു ഭൂരിപക്ഷം റിപ്പോർട്ടിലും ഒരു നടപടിയും ഇല്ലെന്നു കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് നടപടി വേണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുന്നത്. സർക്കാരിന്റെ 88 വകുപ്പുകൾ, 120 പൊതുമേഖലാ സ്ഥാപനങ്ങൾ, 22 ബോർഡ്, കോർപറേഷനുകൾ എന്നിവ സംബന്ധിച്ച മുൻകാല റിപ്പോർട്ടുകളും ശേഖരിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെ ഡയറക്ടർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച ശുപാർശ വരുംദിവസങ്ങളിൽ കൈമാറുമെന്ന് ഉന്നതർ വ്യക്തമാക്കി.