തിരുവനന്തപുരം: അഴിമതിക്കേസുകളിൽ വിജിലൻസ് ഡയറക്ടർക്ക് കേസെടുക്കാൻ അധികാരം നൽകുന്നതാണ് കേന്ദ്ര നിയമം. എന്നാൽ സർക്കാരിന്റെ ശുപാർശയിലോ കോടതി ഉത്തരവുകളിലോ മാത്രമേ വിജിലൻസ് കേസുകൾ എടുക്കാറുണ്ടായിരുന്നുള്ളൂ. അഴിമതിയുമായി ബന്ധപ്പെട്ട മാദ്ധ്യമ റിപ്പോർട്ടുകളൊന്നും അതുകൊണ്ട് തന്നെ സാധാരണ അന്വേഷണത്തിന് വിധേയമാകാറില്ലായിരുന്നു. അതുകൊണ്ട് തന്നെ പല തട്ടിപ്പ് വീരന്മാരും രക്ഷപ്പെട്ടു. എന്നാൽ ജേക്കബ് തോമസ് വിജിലൻസ് തലപ്പത്ത് എത്തുമ്പോൾ എല്ലാം മാറിമറിയുമെന്ന് തട്ടിപ്പുകാർക്ക് അറിയാം. അതിന്റെ ലക്ഷണങ്ങൾ കാണുമ്പോൾ അഴിമതിക്കാർ നെട്ടോട്ടത്തിലുമാകുന്നു.

വ്യാജയാത്രാരേഖകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത മുൻ നിയമസഭാ സ്പീക്കർ എൻ. ശക്തനെതിരേ വിജിലൻസ് അന്വേഷണം തുടങ്ങുന്നത് ഇതിന് തെളിവാണ്. ഇതു സംബന്ധിച്ച് ദ്രുതപരിശോധന (ക്വിക് വെരിഫിക്കേഷൻ) റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടർ ഡോ. ജേക്കബ് തോമസ് ഉത്തരവിട്ടു. യാത്രാപ്പടി ഇനത്തിൽ ശക്തൻ വ്യാജരേഖ സമർപ്പിച്ചു ലക്ഷങ്ങൾ കൈപ്പറ്റിയതു മംഗളമാണു പുറത്തുകൊണ്ടുവന്നത്. സാധാരണ കോടതി പറഞ്ഞാൽ മാത്രമേ ഇത്തരം ദ്രുതപരിശോധന നടത്താറുള്ളൂ. അതായത് ശക്തനെതിരായ പരാതിയിൽ കേസ് എടുക്കണമോ എന്ന് 45 ദിവസത്തിനുള്ളിൽ വിജിലൻസ് അന്തിമ തീരുമാനം എടുക്കും. വളരെ മുമ്പ് മറുനാടൻ അടക്കമുള്ള മാദ്ധ്യമങ്ങൾ ഈ അഴിമതികഥ റിപ്പോർട്ട് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായി സിപിഐ(എം) ഉപയോഗിച്ചു എന്നതിനപ്പുറം ഒന്നും സംഭവിച്ചില്ല. കാട്ടാക്കടയിലെ ശക്തന്റെ തോൽവിക്ക് ഇത് കാരണമായി മാറിയെന്ന യാഥാർത്ഥ്യവുമുണ്ട്.

ഇത്തരമൊരു കേസാണ് ജേക്കബ് തോമസ് പൊടി തട്ടിയെടുക്കുന്നത്. മന്ത്രി പുത്രിയെ തട്ടിക്കൊണ്ട് പോയ വിവാദത്തിലും അഴിമതിക്കഥകൾ പറഞ്ഞു കേട്ടിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുൾപ്പെടെ പല പ്രമുഖർക്കെതിരേയും ആരോപണങ്ങളുണ്ട്. ഇതെല്ലാം ദ്രുത പരിശോധനയ്ക്ക് വിധേയമാക്കി സത്യം കണ്ടെത്താനാണ് ജേക്കബ് തോമസിന്റെ ശ്രമം. ബാർ കോഴയുൾപ്പെടെയുള്ള നിലവിലെ അന്വേഷണത്തിൽ ഇടപെടൽ നടത്താതെ തന്നെ യുഡിഎഫിലെ ഉന്നതരെ അഴിമതിയിൽ കുടുക്കാമെന്നാണ് വിജിലൻസ് ഡയറക്ടറുടെ വിലയിരുത്തൽ. അതിന്റെ തുടക്കമാണ് ശക്തന്റെ കേസ്. വിജിലൻസിന്റെ പ്രവർത്തനത്തിൽ ഇടപെടില്ലെന്ന് മുഖ്യമ്ര്രന്തി പിണറായി വിജയൻ ജേക്കബ് തോമസിന് ഉറപ്പ് നൽകിയിട്ടുണ്ട്. അതിനാൽ ശക്തമായി തന്നെ ഇത്തരം നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. സർക്കാർ പണം വാങ്ങുന്നവരെല്ലാം അഴിമതി വിരുദ്ധ നിയമത്തിന് കീഴിൽ വരും.

അതിനാൽ കോടതികളിലെ അഴിമതിയും ജേക്കബ് തോമസ് നിരീക്ഷിക്കുമെന്നാണ് സൂചന. ഹൈക്കോടതി ജഡ്ജിമാരെ പോലും നിയമത്തിന്റെ കീഴിൽ വരുമെന്നാണ് വിജിലൻസ് നൽകുന്ന സൂചന. ആരോപണങ്ങൾ കിട്ടിയാൽ ജഡ്ജിമാർ ആണെങ്കിൽ പോലും ദ്രുതപരിശോധനയ്ക്ക് വിധേയമാകേണ്ടി വരും. തെളിവുണ്ടെങ്കിൽ കേസുമെടുക്കും. എല്ലാ പഴതുകളും അടച്ച് ദ്രുതപരിശോധന നടത്താനാണ് ഉദ്യോഗസ്ഥർക്ക് ജേക്കബ് തോമസ് നൽകിയിരിക്കുന്ന നിർദ്ദേശം. എല്ലാ തെളിവുകളും പരിഗണിച്ച് 45 ദിവസത്തിനുള്ള റിപ്പോർട്ട് തയ്യാറാക്കും. അതുകൊണ്ട് തന്നെ ദ്രുത പരിശോധനാ റിപ്പോർട്ട് തന്നെ കുറ്റപത്രമായി മാറുന്ന സ്ഥിതിയും വരും. ആരേയും പീഡിപ്പിച്ചിക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഇത്തരമൊരു ദ്രുതപരിശോധനയിലൂടെ കഴിയുമെന്നതാണ് മറ്റൊരു വസ്തുത.

ഡെപ്യൂട്ടി സ്പീക്കർ, സ്പീക്കർ പദവികളിലിരിക്കേ ശക്തൻ പ്രതിമാസം ശരാശരി ഒരുലക്ഷം രൂപ ലഭിക്കത്തക്കവിധം വ്യാജബിൽ സമർപ്പിക്കുകയായിരുന്നു. യാത്രപ്പടി വാങ്ങിയതല്ലാതെ, പലയിടങ്ങളിലും അദ്ദേഹം പോയിട്ടേയില്ലായിരുന്നു. ഇപ്രകാരം ഒരേദിവസം പലയിടങ്ങളിൽ പോയെന്നവകാശപ്പെട്ട് ബിൽ സമർപ്പിച്ചു. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും മന്ത്രിമാരും ഉൾപ്പെടെയുള്ള വി.വി.ഐ.പികളുടെ യാത്രാവിവരങ്ങൾ സ്‌പെഷൽ ബ്രാഞ്ച് പൊലീസിനെ അറിയിക്കണമെന്നാണു വ്യവസ്ഥ. അങ്ങനെ നൽകിയ രേഖകളും ശക്തൻ സമർപ്പിച്ച ബില്ലുകളും പൊരുത്തപ്പെടാതിരുന്നതോടെയാണു കള്ളിവെളിച്ചത്തായത്. ശക്തൻ ഡെപ്യൂട്ടി സ്പീക്കറും സ്പീക്കറുമായിരുന്ന കാലയളവിലെ യാത്രാരേഖകൾ വിവരാവകാശനിയമപ്രകാരം നൽകാനും കൂട്ടാക്കിയില്ല.

സ്പീക്കറായിരിക്കെ ജി. കാർത്തികേയൻ യാത്രപ്പടി ഇനത്തിൽ ചെലവാക്കിയതിന്റെ ഇരട്ടിയിലേറെയായിരുന്നു അതേകാലയളവിൽ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ശക്തന്റെ യാത്രാച്ചെലവ്. പലപ്പോഴും അതു മൂന്നിരട്ടിവരെയായി. അന്നത്തെ പ്രതിപക്ഷനേതാവ് വി എസ്. അച്യുതാനന്ദൻ വിജിലൻസ് ദ്രുതപരിശോധനയാവശ്യപ്പെട്ടു കത്ത് നൽകി. എന്നാൽ, അന്നത്തെ വിജിലൻസ് ഡയറക്ടർ എൻ. ശങ്കർറെഡ്ഡി അതിന്മേൽ നടപടിയെടുത്തില്ല. ഇതാണ് ജേക്കബ് തോമസ് അന്വേഷണ വിധേയമാക്കുന്നത്. ഇത്തരത്തിൽ വി എസ് നൽകിയ പല ആക്ഷേപങ്ങളും പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. ഇതിനൊപ്പം ആരു പരാതി നൽകിയാലും പരിശോധിക്കും.

പോക്കറ്റിൽ മഞ്ഞക്കാർഡുമായി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ ഓഫീസിലെത്തിയിരുന്നു. മായംകലർന്ന വസ്തുക്കൾ വ്യാപകമായി വിൽക്കപ്പെടുന്നെന്നു പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് വിജിലൻസ് ഡയറക്ടറുടെ മിന്നൽ സന്ദർശനം. ക്രിയാത്മക അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ഇത്തരം ഇടപെടലും തുടരും. വിവിധ സർക്കാർ ഓഫീസുകളിലും ബോർഡ് കോർപ്പറേഷനുകളിലും നടക്കുന്ന അഴിമതി സംബന്ധിച്ച് വിജിലൻസിന് ധാരാളം പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ വകുപ്പുകളിൽ പരിശോധന നടത്തുമെന്നാണ് വിജിലൻസ് വൃത്തങ്ങൾ നൽകുന്ന സൂചന. അഴിമതിക്കാരെന്നു സംശയിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിർദ്ദേശമുണ്ട്.