- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനിലെ തിരക്കു കാരണം വാതിലിനു സമീപം നിന്നു; മൊബൈൽ എടുക്കുന്നതിനിടയിൽ പുറത്തേക്കു തെറിച്ചു; സഹയാത്രികർ അപായച്ചങ്ങല വലിച്ചെങ്കിലും തീവണ്ടി നിന്നില്ല; വിജിലൻസ് സിഐയുടെ മരണമുയർത്തുന്നതു ഗൗരവമുള്ള ചോദ്യങ്ങൾ
കൊല്ലം: തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന വൈ.കമറുദ്ദീന്റെ മരണം ജന്മനാടായ കൊല്ലം മൈനാഗപ്പള്ളിക്കും സഹപ്രവർത്തകരായ പൊലീസ് ഉദ്യോഗസ്ഥർക്കും ഇതുവരെയും വിശ്വസിക്കാനായിട്ടില്ല. ഇന്നലെ രാവിലെ കൊല്ലം മൈനാഗപ്പള്ളിയിൽ നിന്ന് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ മുരുക്കുംപുഴയിൽ വച്ച് ഇന്റർസിറ്റി എക്സ
കൊല്ലം: തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന വൈ.കമറുദ്ദീന്റെ മരണം ജന്മനാടായ കൊല്ലം മൈനാഗപ്പള്ളിക്കും സഹപ്രവർത്തകരായ പൊലീസ് ഉദ്യോഗസ്ഥർക്കും ഇതുവരെയും വിശ്വസിക്കാനായിട്ടില്ല. ഇന്നലെ രാവിലെ കൊല്ലം മൈനാഗപ്പള്ളിയിൽ നിന്ന് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ മുരുക്കുംപുഴയിൽ വച്ച് ഇന്റർസിറ്റി എക്സ്‌പ്രസിൽ നിന്ന് തെറിച്ച് വീണാണ് ഇദ്ദേഹം മരിച്ചത്. ട്രെയിനിലെ തിരക്ക് കാരണം വാതിലിന് സമീപത്ത് നിന്ന ഇദ്ദേഹം പോക്കറ്റിൽ നിന്ന് മൊബൈൽഫോൺ എടുക്കുന്നതിനിടയിൽ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.
സംഭവം കണ്ട യാത്രക്കാർ അപായചങ്ങല വലിച്ചെങ്കിലും ട്രെയിൻ നിന്നില്ല. അപായചങ്ങല വലിച്ച ബോഗിൽ നിന്നും പിന്നീട് പുക ഉയർന്നതിനെ തുടർന്ന് കഴക്കൂട്ടം സ്റ്റേഷനിൽ ട്രെയിൻ നിർത്തി പരിശോധിച്ചു. ബോഗിയുടെ ഒരു വീൽ കറങ്ങാതിരുന്നതുമൂലമാണ് അപായചങ്ങല വലിച്ചിട്ടും ട്രെയിൻ നിൽക്കാഞ്ഞതെന്നാണ് റെയിൽവെയുടെ വിശദീകരണം. പിന്നീട് നാട്ടുകാർ അറിയച്ചതിനെ തുടർന്ന് മംഗലപുരം പൊലീസ് എത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. തലയ്‌ക്കേറ്റ പരിക്കാണ് കമറുദ്ദീന്റെ മരണത്തിന് കാരണമായത്. പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം തിരുവനന്തപുരം മെഡിക്കൽ കോളേജിലും പിന്നീട് കിംസിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡി.ജി.പി സെൻകുമാർ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിയിരുന്നു.
കൊല്ലം ആശ്രാമത്തെ പൊലീസ് ക്വാർട്ടേഴ്‌സിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഇദ്ദേഹത്തിന്റെ ജന്മസ്ഥലം കൊല്ലം മൈനാഗപ്പള്ളിയിൽ ആണ്. ബിരുദാനന്തരബിരുദത്തിനു ശേഷം പൊലീസ് കോൺസ്റ്റബിളായി സർവീസിൽ പ്രവേശിച്ച ഇദ്ദേഹം പിന്നീട് സബ് ഇൻസ്‌പെക്ടർ തസ്തികയിലേക്ക് സെലക്ഷൻ കിട്ടി. ചവറ എസ്.ഐ, കൊല്ലം വെസ്റ്റ് സി.ഐ, തമ്പാനൂർ സി.ഐ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി ലെയ്‌സൺ ഓഫീസർ എന്നീ പദവികൾ വഹിച്ചിരുന്ന ഇദ്ദേഹം നിലവിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സർക്കിൾ ഇൻസ്‌പെക്ടറായിരുന്നു. മൈനാഗപ്പള്ളി ഐക്കര കുറ്റിവിളയിൽ യൂനസ്‌കുട്ടി-ഐഷാബീവി ദമ്പതികളുടെ മകനായ കമറുദ്ദീൻ പൊലീസ് ഓഫീസർ എന്നതിലുപരി നാട്ടിലേവർക്കും പ്രിയപ്പെട്ടവനായിരുന്നു. നാട്ടിലെ ഏതുകാര്യങ്ങൾക്കും മുൻനിരയിലുണ്ടായതു കൊണ്ടാണ് കമറുദ്ദീന്റെ വിയോഗം നാട്ടുകാർക്കോ സുഹൃത്തുക്കൾക്കോ ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്തത്. ജോലി ചെയ്ത സ്‌റ്റേഷനുകളിലെ സഹപ്രവർത്തകരോടും മേലുദ്യോഗസ്ഥന്മാരോടും ഹൃദ്യമായ പെരുമാറ്റം കാഴ്ചവച്ചിരുന്നതിനാൽ സഹപ്രവർത്തകർക്കിടയിലും വലിയ മതിപ്പ് ഇദ്ദേഹത്തിനുണ്ടായിരുന്നു.
നിയമപാലകർക്ക് മാതൃകയെന്ന പറയാൻ കഴിയുന്ന വ്യക്തിത്വമായിരുന്നു കമറുദ്ദീന്റേത്. നിയമം സംരംക്ഷിക്കുന്നതിൽ കാർക്കശ്യത്തോടെ നിലനിന്ന ഇദ്ദേഹം സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുൻഗണന കൊടുത്തിരുന്നതിനാൽ ജോലി ചെയ്ത സ്ഥലങ്ങളിലെ നാട്ടുകാർക്കെല്ലാം പ്രത്യേക മമത ഉണ്ടായിരുന്നു. കാക്കിക്കുള്ളിലും മനുഷ്യത്വത്തിന്റെ ആൾരൂപമായാണ് കമറുദീൻ ജനസേവനം നടത്തിയത്. ഒട്ടേറ കേസുകളുടെ വിജയശില്പി കൂടിയായി കമറുദ്ദീൻ, ആർഎസ്എസ് നേതാവായ കടവൂർ ജയൻ വധക്കേസിലെ പ്രതികളെ പിടികൂടാൻ കഴിഞ്ഞത് ഒരു കുറ്റാന്വേഷകൻ എന്ന നിലയിലുള്ള കമറുദ്ദീന്റെ മിടുക്കായിരുന്നു.
വീട്ടിൽ നിന്ന് പതിവു പോലെ ഓഫീസിലേക്ക് പോയ കമറുദ്ദീന്റെ മരണവാർത്ത ഭാര്യ ഷംനയ്ക്കും മക്കൾ മുഹമ്മദ് കൈസിനും ഫാത്തിമത്ത ഖസാനയ്ക്കും ഇതുവരെ വിശ്വസിക്കാനായിട്ടില്ല. രാവിലെ 11 മണിക്ക് നന്ദാവനം എ.ആർ.ക്യാമ്പിലേയും ഉച്ചയ്ക്ക് കൊല്ലം എ.ആർ.ക്യാമ്പിലേയും പൊതുദർശനത്തിനു ശേഷം മൂന്നിന് മൈനാഗപ്പള്ളി കല്ലുകടവ് ജുമാമസ്ജിദിൽ കബറടക്കം നടക്കും.