തിരുവനന്തപുരം: ഗതാഗത കമ്മിഷണറായിരിക്കെ ഇന്റലിജൻസ് എഡിജിപി: ആർ.ശ്രീലേഖ അഴിമതിയും ക്രമക്കേടും നടത്തിയെന്ന പരാതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിനോടു കോടതി നിർദേശിച്ചതോടെയാണ് പുഴ്‌ത്തി വച്ച ഫയലിൽ നടപടിയുണ്ടായതെന്ന് സൂചന. ഇതോടെയാണ് നടപടി ആവശ്യപ്പെട്ട് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ ചീഫ് സെക്രട്ടറിക്ക് വീണ്ടും നിർദ്ദേശം നൽകിയത്. നേരത്തേയും ഈ ഫയൽ നടപടിക്കായി ചീഫ് സെക്രട്ടറിക്ക് നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. കോടതിയിൽ നിന്ന് എതിർപരാമർശം ഉണ്ടാകുമോ എന്ന ഭയത്തിലാണ് മന്ത്രി എകെ ശശീന്ദ്രൻ വീണ്ടും നടപടിക്ക് ശുപാർശ ചെയ്തത്. ശ്രീലേഖയ്‌ക്കെതിരായ ഹർജിയിൽ മറുപടി നൽകാൻ ഒരാഴ്‌ച്ചത്തെ സമയം വേണമെന്നു വിജിലൻസ് ലീഗൽ അഡ്വൈസർ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല.

രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നു നിർദേശിച്ച വിജിലൻസ് കോടതി, ഹർജി പരിഗണിക്കുന്നതു നാളത്തേക്കു മാറ്റി. ഹർജിയിൽ ചീഫ് സെക്രട്ടറിയെയും കക്ഷിയാക്കിയിട്ടുണ്ട്. ശ്രീലേഖയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ നൽകിയ റിപ്പോർട്ട് നാലു മാസമായി തുടർനടപടി സ്വീകരിക്കാതെ ചീഫ് സെക്രട്ടറി പൂഴ്‌ത്തിയെന്നാണു പായിച്ചറ നവാസ് നൽകിയ ഹർജിയിലെ ആരോപണം. ഈ ഹർജി എത്തിയതോടെയാണ് മന്ത്രി വീണ്ടും ശുപാർശ നൽകിയത്. മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥലംമാറ്റം, റോഡ് സുരക്ഷാ ഫണ്ടിന്റെ അനധികൃത വിനിയോഗം, ഓഫിസ് പ്രവർത്തനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകൾ, ക്രമവിരുദ്ധ വിദേശയാത്രകൾ, ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം, വാഹനങ്ങൾ വാങ്ങിയതിലെ ക്രമക്കേട് എന്നിവയാണു വിജിലൻസ് അന്വേഷണത്തിന് ആധാരമായി ഗതാഗത വകുപ്പ് നേരത്തെ ചൂണ്ടിക്കാട്ടിയത്.

സർക്കാർ അനുമതിയില്ലാതെ ഓസ്ട്രിയ, ഫ്രാൻസ്, ജർമനി, ബഹ്‌റൈൻ, ദുബായ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചെന്നും ചെലവുകൾ സ്വകാര്യവ്യക്തികൾ വഹിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ഥലംമാറ്റത്തിലൂടെ സാമ്പത്തിക ലാഭം ഉണ്ടാക്കിയതായും റിപ്പോർട്ടിലുണ്ട്. ഇതു സംബന്ധിച്ചുള്ള ഫയൽ ജൂലൈ 25നു ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാൽ പ്രത്യേക കുറിപ്പോടെ മന്ത്രി എ.കെ.ശശീന്ദ്രനു കൈമാറി. ശ്രീലങ്കൻ സന്ദർശനും വിവാദത്തിലാണ്. ചില ഗൂഡ വ്യക്തികളാണ് ശ്രീലങ്കൻ സന്ദർശനത്തിന് അവസരമൊരുക്കിയതെന്നായിരുന്നു ആരോപണം. ഇത് ചർച്ചയായപ്പോൾ തനിക്കെതിരെ ഗതാഗത കമ്മീഷണറായിരുന്ന ടോമിൻ തച്ചങ്കരി ദേഷ്യം തീർക്കുകയായിരുന്നുവെന്നായിരുന്നു ശ്രീലേഖയുടെ വിശദീകരണം. ഇത് മന്ത്രിയും അംഗീകരിച്ചില്ലെന്നതാണ് വസ്തുത.

അതിനിടെ, ശ്രീലേഖ ഗതാഗത കമ്മിഷണറായിരിക്കെ മൂന്നുകോടി രൂപയുടെ അഴിമതി നടത്തിയെന്നും ഇതുമായി ബന്ധപ്പെട്ട 12 ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു ജോമോൻ പുത്തൻപുരയ്ക്കൽ വിജിലൻസ് ഡയറക്ടർക്കും പരാതി നൽകിയിട്ടുണ്ട്. ശ്രീലേഖ ഗതാഗത കമ്മിഷണറായിരിക്കെ ക്രമക്കേടും നിയമലംഘനവും അഴിമതിയും നടത്തിയെന്നാരോപിച്ച് 2015 അവസാനം അന്നത്തെ ചീഫ് സെക്രട്ടറിക്കു കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ പരാതി നൽകിയിരുന്നു. ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം അന്നത്തെ ഗതാഗത കമ്മിഷണർ എഡിജിപി ടോമൻ തച്ചങ്കരി ഇതേക്കുറിച്ച് അന്വേഷിച്ചു ക്രമക്കേടുകൾ അക്കമിട്ടു നിരത്തി ഗതാഗത സെക്രട്ടറിക്കു റിപ്പോർട്ടു നൽകി. ജൂലൈയിൽ ഈ റിപ്പോർട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ചു ഗതാഗത സെക്രട്ടറി വീണ്ടും അന്വേഷിക്കുകയും റിപ്പോർട്ടിലെ കണ്ടെത്തലുകൾ ശരിവയ്ക്കുകയും ചെയ്തു.

വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു മന്ത്രി അതു ചീഫ് സെക്രട്ടറിക്കു നൽകി. നാലു മാസമായിട്ടും ഫയലിൽ ചീഫ് സെക്രട്ടറി തീരുമാനമെടുത്തില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണു നവാസ് കോടതിയെ സമീപിച്ചത്.