കണ്ണൂർ: യുഡിഎഫ് സർക്കാറിന്റെ കാലത്ത് അഴിമതി നടത്തി കോടികൾ സമ്പാദിച്ചു കൂട്ടിയ മന്ത്രിമാർ ഇപ്പോൾ വെള്ളം കുടുക്കുകയാണ്. മുൻ രോഗ്യമന്ത്രി ശിവകുമാർ അടക്കമുള്ളവർ കടുത്ത അഴിമതി ആരോപണം നേരിട്ടപ്പോൾ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ കെ ബാബുവിന് മേൽ വിജിലൻസ് ശരിക്കും പിടിമുറുക്കിക്കഴിഞ്ഞു. വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ ഭയന്നിരിക്കുകയാണ് പല നേതാക്കളും. ബാബുവിന് ശേഷം ബെന്നി ബെഹനാനിലേക്കും ഉമ്മൻ ചാണ്ടിയിലേക്കും അന്വേഷണം നീളുമെന് വാർത്തകളും നേരത്തെ പുറത്തുവന്നിരുന്നു. എന്തായാലും ജേക്കബ് തോമസിന്റെ വലയിൽ മുന്മന്ത്രി കെ സി ജോസഫ് വീഴില്ലെന്ന കാര്യമാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.

മുന്മന്ത്രി കെ.സി.ജോസഫ് അനധികൃത സ്വത്തു സമ്പാദിച്ചെന്ന പരാതിയിൽ കഴമ്പില്ലെന്നാണ് വിജിലൻസ് അന്വേഷണത്തിലെ കണ്ടെത്തിൽ. കെ.സി.ജോസഫ് മന്ത്രിയായിരുന്ന കാലയളവിൽ വരുമാനത്തിൽ കവിഞ്ഞു 18 ലക്ഷം രൂപ സമ്പാദിച്ചെന്ന കേസിലാണു തലശേരി വിജിലൻസ് കോടതിയിൽ വിജിലൻസ് സംഘം ത്വരിതാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ വരുമാനത്തിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചിട്ടില്ലെന്നു മാത്രമല്ല, അഞ്ചുവർഷത്തെ വരുമാനത്തേക്കാൾ 36 ലക്ഷം രൂപ കുറവാണു കെ.സി. ജോസഫിന്റെ സമ്പാദ്യമെന്നു റിപ്പോർട്ട് പറയുന്നു.

കെ.സി.ജോസഫിനും പഞ്ചാബ് നാഷനൽ ബാങ്കിൽ ഉദ്യോഗസ്ഥയായ ഭാര്യ സാറാ ജോസഫിനും കൂടി അഞ്ചു വർഷത്തെ ആകെ വരുമാനം 1.83 കോടി രൂപയാണ്. എന്നാൽ, ഈ കാലയളവിലെ ഇവരുടെ സമ്പാദ്യം 1.46കോടി രൂപയാണെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്. നാലു വർഷമായി വിദേശത്തു ജോലി ചെയ്യുന്ന മകന്റെ വരുമാനം കൂടി കെ.സി.ജോസഫ് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദേശപത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയതു മൂലമാണു വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന തെറ്റിദ്ധാരണ ഉണ്ടായതെന്നും വിജിലൻസ് പറയുന്നു.

കെ.സി. ജോസഫ് മന്ത്രിയായിരുന്ന കാലയളവിൽ വരുമാനത്തിൽ കവിഞ്ഞ് സ്വത്തു സമ്പാദിച്ചെന്നു കാണിച്ച് ഇരിട്ടി പെരിങ്കരി എ.കെ.ഷാജിയാണു തലശേരി വിജിലൻസ് കോടതിയിൽ ഹർജി നൽകിയത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച വസ്തുവിവര കണക്കിൽ 16,97,000 രൂപയുടെ ആകെ ആസ്തിയാണ് കാണിച്ചിരുന്നത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിനു പത്രിക നൽകിയപ്പോൾ കാട്ടിയത് 1,32,59,578 രൂപയുടെ ആസ്തിയാണ്.

അഞ്ചു വർഷത്തിനിടെ കെ.സി. ജോസഫിന്റെ ആസ്തിയിലുണ്ടായ വർധന അസാധാരണമാണെന്നും ഇത് അഴിമതിയിലൂടെ സമ്പാദിച്ചതാണെന്നുമാണ് ഹർജിക്കാരന്റെ വാദിച്ചത്. ഹർജി പരിഗണിച്ച കോടതി പരാതി അന്വേഷിക്കാൻ കോഴിക്കോട് സ്‌പെഷൽ വിജിലൻസ് സെല്ലിനു നിർദ്ദേശം നല്കുകയായിരുന്നു. കോഴിക്കോട് വിജിലൻസ് എസ്‌പി പി.എ. വത്സനാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. കേസ് വിധി പറയാനായി മുപ്പതിലേക്കു മാറ്റി.