തിരുവനന്തപുരം : ചീഫ് സെക്രട്ടറിയായിരിക്കെ ഒരു കോടിയിൽപ്പരം രൂപമുടക്കി ഔദ്യോഗിക വസതി മോടിപിടിപ്പിച്ചെന്ന ആരോപണത്തിൽ ജിജി തോംസണെതിരെ വിജിലൻസ് അന്വേഷണം. ഔദ്യോഗിക വസതി നവീകരിക്കാൻ ഒരുകോടിയിൽപ്പരം രൂപ ചെലവിട്ടെന്ന ആരോപണത്തിൽ വീട്ടിൽ പരിശോധന നടത്തിയ ശേഷമാണ് ത്വരിതപരിശോധന നടത്താൻ വിജിലൻസ് തീരുമാനിച്ചത്.

മറ്റു സംസ്ഥാനങ്ങളുടെ മാതൃകയിൽ കേരളത്തിലും ചീഫ് സെക്രട്ടറിക്കായി ഔദ്യോഗിക വസതി വേണമെന്ന ആഗ്രഹത്തോടെയാണ് കഴിഞ്ഞവർഷം ആദ്യം ജിജി തോംസൺ ചീഫ് സെക്രട്ടറിയായിരിക്കെ മന്മോഹൻ ബംഗഌവിന് സമീപത്തെ സ്ഥലത്ത് വസതി സജ്ജീകരിച്ചത്. ഇതിനായി സ്വകാര്യ ആർക്കിടെക്ടിന് നിർമ്മാണാനുമതി നൽകിയതുമുതൽ വൻ ആരോപണങ്ങൾ ഉയർന്നിരുന്നു. സർക്കാർ വക പൊതുമരാമത്ത് പണികൾക്ക് ടെൻഡർ ക്ഷണിച്ചുവേണം നിർമ്മാണാനുമതി നൽകാനെന്ന കേന്ദ്ര വിജിലൻസ് കമ്മിഷന്റെ കർശന നിർദ്ദേശം മാനിക്കാതെയാണ് നിർമ്മാണം നടക്കുന്നതെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു.

ഔദ്യോഗിക വസതി സജ്ജീകരിക്കാൻ ഒരു കോടി ആറുലക്ഷത്തിൽപ്പരം രൂപയുടെ നിർമ്മാണ പ്രവൃത്തികൾക്ക് അനുമതി നൽകിയതിനെ തുടർന്നാണ് ആരോപണം ഉയർന്നത്. മന്ത്രിമന്ദിരങ്ങളേക്കാൾ സുഖസൗകര്യങ്ങളും ആർഭാടങ്ങളും ഉൾപ്പെടുത്തിയുള്ള വസതി നിർമ്മാണം ചീഫ് സെക്രട്ടറിയുടെ അഴിമതിയാണെന്ന് കേരള ഗവ. കോൺട്രാക്ടേഴ്‌സ് സംഘടനകൾ ആരോപിക്കുകയും ചെയ്തു.

വീടിന്റെ മുന്നിൽ പുൽത്തകിടിക്ക് എട്ടുലക്ഷം, ടൈൽസ് പാകാൻ പത്തുലക്ഷം, അടുക്കളയ്ക്ക് 15 ലക്ഷം എന്നിങ്ങനെ ഒരുകോടി ആറുലക്ഷത്തിൽപ്പരം രൂപയ്ക്ക് അടങ്കൽ സമർപ്പിക്കുകയും 85 ലക്ഷത്തിന് ഭരണാനുമതി ലഭിക്കുകയും ചെയ്തിരുന്നു. മന്മോഹൻ ബംഗഌവിന് സമീപത്തെ നാലുകോടി വിലവരുന്ന മന്ദിരമാണ് ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വസതിയാക്കി മാറ്റിയത്.

ഈ മോടിപിടിപ്പിക്കലുകൊണ്ട് പക്ഷേ, ഗുണമുണ്ടായത് ജിജി തോംസണ് മാത്രമായിരുന്നെന്നും പിന്നീട് ആക്ഷേപമുയർന്നു. തുടർന്ന് ചീഫ് സെക്രട്ടറിമാർ ആയവർ ഇങ്ങോട്ട് താമസം മാറാതിരുന്നതോടെ ഇക്കുറി ഇത് മന്ദ്രിമന്ദിരമായി മാറി. ഇതോടെ ഇനിയങ്ങോട്ട് ചീഫ് സെക്രട്ടറിക്ക് ഔദ്യോഗിക വസതിയുണ്ടാകില്ലേ എന്ന ആശങ്കയിലാണ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ.ജിജി തോംസൺ ഏറ്റെടുത്ത് നവീകരിച്ച 'സുമാനുഷം' എന്ന പേരിലുള്ള ഈ വീട് പൊതുഭരണ വകുപ്പ് അനുവദിച്ചത് ഇപ്പോൾ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്.

കരാറുകാർക്ക് കോടിക്കണക്കിന് രൂപ നൽകാനുള്ളപ്പോൾ കോടികൾ മുടക്കി ചീഫ് സെക്രട്ടറിക്കായി വീട് നിർമ്മിക്കുന്നുവെന്ന് ആക്ഷേപമുയർന്നതോടെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ്.അച്യുതാനന്ദൻ തന്നെ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. പിന്നീട് ചീഫ് സെക്രട്ടറിയായി വന്ന പി.കെ. മൊഹന്തിക്ക് ചുരുങ്ങിയ കാലമേ സർവീസുണ്ടായിരുന്നുള്ളൂ. തുടർന്ന് ചീഫ് സെക്രട്ടറിയായ എസ്.എം. വിജയാനന്ദാകട്ടെ സെക്രട്ടേറിയറ്റിന് മുന്നിലുള്ള ട്യൂട്ടേഴ്‌സ് ലെയ്‌നിലെ 'സബർമതി' യിലാണ് താമസിക്കുന്നത്. അദ്ദേഹം ഔദ്യോഗിക വസതിയിലേക്ക് മാറിയില്ല. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ വീട് മന്ത്രിമന്ദിരമാക്കി മാറ്റിയത്.

57.04 സെന്റിലുള്ള ഈ സ്ഥലം മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ളയുടേതായിരുന്നു. അദ്ദേഹത്തിന്റെ അച്ഛന് സർക്കാർ പാട്ടത്തിന് നൽകിയ സ്ഥലമാണിത്. പാട്ടക്കരാറിന് 2053 വരെ കാലാവധിയുണ്ടെങ്കിലും പരിഷ്‌കരിച്ച നിയമങ്ങളുടെ ബലത്തിൽ സർക്കാർ കൂടുതൽ തുക ആവശ്യപ്പെട്ടു. ഉടമസ്ഥർ തങ്ങൾ നിർമ്മിച്ച വീടിന് നഷ്ടപരിഹാരം ചോദിച്ച് കോടതിയെ സമീപിച്ചു. ഒടുവിൽ കോടതിക്ക് പുറത്തുണ്ടാക്കിയ ധാരണപ്രകാരമാണ് സർക്കാരിന് ഇത് തിരികെ ലഭിച്ചത്.

ഇവിടെ പ്രവർത്തിച്ചിരുന്ന ചില ഓഫീസുകൾ മാറ്റി് ഇത് ചീഫ് സെക്രട്ടറിമാരുടെ ഔദ്യോഗിക വീടാക്കി ക്രമീകരിക്കുകയായിരുന്നു. ഇത്തരത്തിൽ നടന്ന നിർമ്മാണ പ്രവർത്തനങ്ങളെപ്പറ്റിയാണ് വിജിലൻസ് അന്വേഷണത്തിന് ഡിജിപി ജേക്കബ് തോമസ് ഉത്തരവിട്ടത്. വീട്ടിൽ പരിശോധന നടത്തിയ വിജിലൻസ് സംഘം അന്വേഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു.