തിരുവനന്തപുരം: സ്‌കൂൾ അദ്ധ്യാപകനെന്ന ജോലിയും സിനിമാ അഭിനയവും ഒരുപോലെ കൊണ്ടുപോകുന്ന വ്യക്തിത്വമാണ് നടൻ സുധീർ കരമനയുടേത്. ഇക്കാര്യം എല്ലാവർക്കും അറിവുള്ളതാണ്. എന്നാൽ, സിനിമയുടെ പേര് പറഞ്ഞ് നാടുമുഴുവൻ കറങ്ങി നടക്കുന്ന സുധീറിന് സ്‌കൂളിലെ പ്രിൻസിപ്പൽ പദവി നേരാവണ്ണം വഹിക്കാൻ സാധിക്കുന്നുണ്ടോ? ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ വേണ്ടി സുധീറിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കയാണ് ചിലർ. അന്വേഷം തുടങ്ങിയതായും വ്യക്തമാകുന്നുണ്ട്. സ്വകാര്യ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സ്ഥാനം വഹിക്കുന്ന സുധീർ ജോലിക്കു ഹാജരാകാതെ ശമ്പളം മേടിക്കുന്നുവെന്നാണ് ആരോപണം.

കഴിഞ്ഞ 15 വർഷമായി തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പലാണ് സുധീർ ജെ. നായർ എന്ന സുധീർ കരമന. സ്വകാര്യ മാനേജ്‌മെന്റിനു കീഴിലുള്ള എയ്ഡഡ് സ്‌കൂളാണിത്. വല്ലപ്പോഴും ജോലിക്കു വന്നുപോകുന്ന സുധീർ കൃത്രിമ രേഖകളുണ്ടാക്കി ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും കൈപ്പറ്റുന്നുവെന്നാണ് പരാതി. ആക്ഷേപം വിജിലൻസിന് മുന്നിൽ എത്തിയതോടെയാണ് ഇതിൽ പ്രാഥമിക അന്വേഷണം നടത്താൻ നിർദേശമുണ്ടായത്.

പ്രാഥമിക പരിശോധനയിൽ വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. തുടർന്നാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നതെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ. മലയാള സിനിമയിലെ തിരക്കേറിയ നടനാണ് ഇപ്പോൾ സുധീർ. അതുകൊണ്ട് തന്നെ നടൻ സ്‌കൂളിൽ എത്തുന്നത് വിരളമാണെന്ന ആക്ഷേപം ഉണ്ടുതാനും. അതേസമയം ഇത്തരമൊരു അന്വേഷണം തനിക്കെതിരെ നടക്കുന്നുണ്ടോ എന്ന കാര്യം ഇറിയില്ലെന്നാണ് സുധീർ കരമന പറയുന്നത്.

മലയാള സിനിമ കണ്ട പ്രമുഖ നടന്മാരിലൊരാളായ കരമന ജനാർദ്ദനന്റെ മകൻകൂടിയായ സുധീർ, 1998ലാണ് വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപകവൃത്തിക്കു ചേരുന്നത്. മൂവായിരത്തോളം പെൺകുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ സ്ഥാനം 2001ൽ ഏറ്റെടുക്കുമ്പോൾ മുപ്പതു വയസുമാത്രം പ്രായമായിരുന്നു. കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രിൻസിപ്പൽകൂടിയായിരുന്നു അന്ന് സുധീർ.

ബിഎഡ് വിദ്യാഭ്യാസമുള്ള സുധീർ തിരുവനന്തപുരത്തെ മറ്റൊരു സ്‌കൂളിലും ഖത്തറിലും അദ്ധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഭരത് ഗോപി സംവിധാനം ചെയ്ത 'മറവിയുടെ മരണം' എന്ന ഹൃസ്വചിത്രത്തിലൂടെ അഭിനയം ആരംഭിച്ച സൂധീറിന്റെ നൂറാം ചിത്രത്തിന്റെ ആഘോഷം നടന്നത് അടുത്തിടെയാണ്.