പാലക്കാട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ലൈഫ് മിഷൻ കേസിൽ വിജിലൻസ് കസ്റ്റഡിയിൽ എടുത്ത സരിത്തിനെ വിട്ടയച്ചു. രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് സജിത്തിനെ വിജിലൻസ് വിട്ടയച്ചത്. ലൈഫ് മിഷൻ കേസിലാണ് വിജിലൻസ് ബലമായി സരിത്തിനെ പിടിച്ചു കൊണ്ടു പോയതെങ്കിലും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളല്ല ഉണ്ടായതെന്ന് സരിത് മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്വപ്‌ന സുരേഷ് കോടതിയിൽ 164 പ്രകാരം മൊഴി നൽകിയത് ആരുടെ പ്രേരണയാലാണ് എന്നാണ് ഉദ്യോഗസ്ഥർ ചോദിച്ചതെന്ന് സരിത് വ്യക്തമാക്കി. ഫ്‌ളാറ്റിൽ നിന്നും തന്നെ ബലമായി പിടിച്ചു കൊണ്ടു പോകുകയായിരുന്നു. ചെരിപ്പു പോലും ഇടാൻ അനുവദിച്ചില്ല. നോട്ടീസ് നല്കാതെയാണ് ബലപ്രയോഗം നടത്തിയതെന്നും സരിത് വ്യക്തമാക്കി. തന്റെ ഫോണും പിടിച്ചെടുത്തു. 16ന് തിരുവനന്തപുരത്ത് ഹാജരാകാൻ നോട്ടീസ് നൽകിയതായും സരിത് പറഞ്ഞു.

നേരത്തെ നാടകീയമായി സരിത്തിനെ കസ്റ്റഡിയിലെടുത്ത വിജിലൻസിനെതിരെ പൊട്ടിത്തെറിച്ച് സ്വപ്‌ന രംഗത്തുവന്നിരുന്നു. കേസിലെ പ്രധാനപ്രതികളിലൊരാളായ എം ശിവശങ്കറിനെ ഇങ്ങനെ വിജിലൻസ് തട്ടിക്കൊണ്ട് പോകുമോ എന്ന് രോഷത്തോടെ സ്വപ്ന സുരേഷ് ചോദിക്കുന്നു. ''കേസിലെ പ്രധാന പ്രതികളിൽ ഒരാൾ എം ശിവശങ്കറാണ്. അത് കഴിഞ്ഞാലുള്ള പ്രധാനപ്രതി ഞാനാണ്, സ്വപ്ന സുരേഷ്. ശിവശങ്കറിനെ ഇങ്ങനെ കൊണ്ടുപോകുമോ? സരിത്ത് താഴേത്തട്ടിലെ പ്രതിയാണ്. ഒരു നോട്ടീസ് പോലുമില്ലാതെ സരിത്തിനെ ഇങ്ങനെ കൊണ്ടുപോകുന്നത് എന്തിനാണ്? അതും എന്റെ വാർത്താസമ്മേളനം കഴിഞ്ഞ് 15 മിനിറ്റ് കഴിഞ്ഞപ്പോൾത്തന്നെ? ഒരു തരത്തിലും ഇവിടെ വിജിലൻസ് വരുമെന്ന് നേരത്തേ പറഞ്ഞിരുന്നില്ല. ഇതൊരു വൃത്തികെട്ട കളിയാണ്. ദിസിസ് എ ഡേർട്ടി ഗെയിം'', സ്വപ്ന ചോദിച്ചിരുന്നു.

തന്റെയും സരിത്തിന്റെയും കുടുംബത്തെ ആക്രമിക്കാൻ സാധ്യതയുണ്ട്. ഇന്നേവരെ താൻ രാഷ്ട്രീയം സംസാരിച്ചിട്ടില്ല, ഇപ്പോൾ ഞങ്ങൾക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെടുകയാണ്. ഞങ്ങളെ തട്ടിക്കൊണ്ടുപോകരുത്. ഇത്തരം ഡേർട്ടി ഗെയിം പാടില്ല. മുഖ്യമന്ത്രിയാണ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത്. സരിത്തിന്റെ പേരിൽ ഒരു എഫ്.ഐ.ആറും പെൻഡിങ്ങില്ല. ഉള്ള കേസിൽ ജാമ്യത്തിലാണ്. പിന്നെ എന്തിനാണ് തട്ടിക്കൊണ്ടുപോകുന്നത്. ഇതാണോ കേരള പൊലീസ്? വിജിലൻസ് സമൻസ് അയച്ചിട്ട് പോയിട്ടുണ്ടല്ലോ, സിബിഐ സമൻസ് അയച്ചിട്ട് പോയിട്ടുണ്ടല്ലോ, പിന്നെ എന്തിനാണ് തട്ടിക്കൊണ്ടുപോയതെന്നും സ്വപ്ന ചോദിച്ചു.

സരിത്തിനെ നാടകീയമായി കസ്റ്റഡിയിലെടുത്തത് വിവാദത്തിലായ സാഹചര്യത്തിൽ സരിത്തിന്റെ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങിയിരുന്നു. ഇതിനിടെയാണ് വിജിലൻസ് വിട്ടയച്ചത്. വിജിലൻസിന്റെ പാലക്കാട് യൂണിറ്റാണ് സരിത്തിനെ ബുധനാഴ്ച രാവിലെ ഫ്‌ളാറ്റിൽനിന്ന് കൊണ്ടുപോയത്. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനാണ് സരിത്തിനെ കൊണ്ടുപോയതെന്നാണ് വിജിലൻസിന്റെ വിശദീകരിച്ചത്.

നിർജീവമായ ലൈഫ് മിഷൻ കേസിൽ സരിത്തിനെ ബലംപ്രയോഗിച്ചു കൊണ്ടുപോയതിലൂടെ സംസ്ഥാന സർക്കാറിന്റെ താൽപ്പര്യം വ്യക്തമാണ്. ഈ സർക്കാർ നടപടി കൂടുതൽ ദുരൂഹമാകുകയാണ്. സ്വപ്‌നയുടെ വെളിപ്പെടുത്തലിനെ സർക്കാർ ഭയക്കുന്നു എന്നതും ഇതിലൂടെ വ്യക്തമാകുന്നുണ്ട്.