തിരുവനന്തപുരം: സുനിൽസ്വാമിയെന്ന വിവാദ വ്യവസായിക്ക് ശബരിമലയിൽ ദേവസ്വംബോർഡും ക്ഷേത്രം അധികൃതരും ഉൾപ്പെടെ വഴിവിട്ട സഹായം ചെയ്യുന്നതായി ദേവസ്വം വിജിലൻസ് റിപ്പോർട്ട്. ശബരിമലയുമായി ബന്ധപ്പെട്ട് ദർശനദല്ലാളായി വിലസുന്ന വിവരങ്ങളും ഇയാൾ കൊണ്ടുവന്ന സ്ത്രീകൾ ഉൾപ്പെട്ട സംഘത്തിനുവേണ്ടി ഒരു ദിവസം നേരത്തേ ആചാരം ലംഘിച്ച് പൂജ നടത്തിയ സംഭവവുമെല്ലാം മറുനാടൻ റിപ്പോർട്ടു ചെയ്തിരുന്നു.

ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിൽ ഇക്കാര്യങ്ങളെല്ലാം അക്ഷരംപ്രതി ശരിവയ്ക്കുകയാണ്. സുനിൽസ്വാമിക്കു വേണ്ടി വഴിവിട്ട് സോപാനത്ത് കാര്യങ്ങൾ ചെയ്യുന്നതിനെ പറ്റി വിജിലൻസിന് വ്യക്തമായ വിവരം ലഭിച്ചിരുന്നു. ഇത്തരം ആചാരലംഘനങ്ങളുമായി ബന്ധപ്പെട്ട് നാലുപേർക്കെതിരെ നടപടിയുൾപ്പെടെ ശുപാർശ ചെയ്തുകൊണ്ടാണ് ഇന്ന് വിജിലൻസ് ദേവസ്വം മന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

ശബരിമലയിൽ പൈങ്കുനി ഉത്സവത്തിനും വിഷുവിനും ഇടയിൽ അധികമായി നട തുറന്ന ദിവസത്തെ പൂജകളെല്ലാം അനുവദിച്ചത് ക്രമവിരുദ്ധമായി തന്നെയെന്ന് ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട. പൈങ്കുനി ഉത്രം ആഘോഷത്തിനുശേഷം ഏപ്രിൽ ഒൻപതിനാണ് ശബരിമല നടയടച്ചത്. തുർന്ന് വിഷു ആഘോഷത്തിനായി പത്തിന് വെകുന്നേരം നട തുറക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ പത്തിനു രാവിലെ തന്നെ നട തുറക്കാൻ പിന്നീടു തീരുമാനിച്ചു. ഇതോടെ പടിപൂജയും പുഷ്പാഭിഷേകവും അടക്കം മുഴുവൻദിവസം നടത്താവുന്ന പ്രത്യേകപൂജകൾക്ക് അവസരവും വന്നു. ഈ പൂജകളാണ് ക്രമവിരുദ്ധമായി ഒരു വ്യക്തിക്ക് ദേവസ്വം ഉദ്യോഗസ്ഥർ അനുവദിച്ചത്.

ശബരിമലയിൽ പൂജയ്ക്കായി ബുക്ക് ചെയ്ത് വർഷങ്ങളോളമായി കാത്തിരിക്കുന്നവരെയൊന്നും പരിഗണിക്കാതെയാണ് ഉദ്യോഗസ്ഥരുടെ ഈ പ്രവൃത്തി ഉണ്ടായത്. പാലക്കാട്ടുനിന്നുള്ള സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തിന് വേണ്ടിയാണ് ഇത്തരമൊരു സൗജന്യം അനുവദിച്ചതെന്നാണ് ആരോപണം ഉയർന്നത്. ഇതിൽ യുവതികളും ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കി ചിത്രങ്ങൾ പ്രചരിച്ചതോടെ ഇക്കാര്യം മറുനാടൻ റിപ്പോർട്ടുചെയ്തു. ഇതോടെയാണ് ദേവസ്വം മന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. ഈ അന്വേഷണത്തിലാണ് ആചാരലംഘനം നടന്നതായി കണ്ടെത്തുന്നതും സുനിൽസ്വാമിക്കും നടൻ ജയറാമിനുമെതിരെ ഉൾപ്പെടെ പരാമർശങ്ങൾ ഉണ്ടായിരിക്കുന്നതും.

സുനിൽ സ്വാമി എന്ന വ്യവസായിയും ദേവസ്വം ഉദ്യോഗസ്ഥരും ഉൾപ്പെട്ട ദർശന മാഫിയയാണ് ആചാരലംഘനങ്ങൾക്കു പിന്നിലെന്നാണ് ആരോപണം. ശബരിമലയിലെ പൂജ അടക്കമുള്ള ദൈനംദിന കാര്യങ്ങളിലെല്ലാം സുനിൽ സ്വാമിയുടെ ഇടപെടൽ വ്യക്തമാണ്. അന്യസംസ്ഥാനങ്ങളിലെ പല പ്രമുഖ വ്യവസായികൾക്കും മറ്റ് വമ്പൻ പണക്കാർക്കും ദർശനവും പൂജകളും നടത്തി കൊടുക്കുന്നത് ഈ മാഫിയയാണ്. ഇതിലൂടെ ലക്ഷങ്ങളാണ് ഉദ്യോഗസ്ഥരുടെ പോക്കറ്റിലേക്ക് എത്തുന്നത്. ഇതിന്റെ അവസാന തെളിവാണ് ക്രമംവിരുദ്ധമായി പൂജയ്ക്ക് അനുവദിച്ചത്.

ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ അടക്കമുള്ള ഏതാനും ഉദ്യോഗസ്ഥരുടെപേരിൽ നടപടിക്ക് ദേവസ്വം വിജിലൻസ് ശുപാർശ ചെയ്തെന്നാണ് ലഭിക്കുന്ന വിവരം. വിജിലൻസ് എസ്.ഐ. ആർ.പ്രശാന്തിന്റെ അന്വേഷണ റിപ്പോർട്ട് ഇന്ന് ദേവസ്വംമന്ത്രിക്കും ഹൈക്കോടതിയുടെ സ്‌പെഷ്യൽ കമ്മിഷണർക്കും കൈമാറും.

കലണ്ടറിൽ പറയാത്ത ദിവസം നട തുറന്നപ്പോൾ സോപനത്തുകൊട്ടുന്ന ഇടയ്ക്ക് നടൻ ജയറാം കൊട്ടിയതും ക്രമവിരുദ്ധമാണ്. ദേവസ്വം ജീവനക്കാരനല്ലാതെ മറ്റൊരാൾക്ക് സോപാനത്ത് ഇടയ്ക്ക് കൊട്ടാൻ അനുവദിച്ച ഉദ്യോഗസ്ഥനെതിരേയും നടപടി വേണം. കീഴവഴക്കങ്ങൾ പാലിക്കാതെയുള്ള ഈ നടപടികൾ ശബരിമലയിൽ എന്തും നടക്കുമെന്ന സൂചനയാണ് നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

യുവതികൾ ശബരിമലയിൽ ദർശനം നടത്തിയെന്ന ആരോപണം ശരിയല്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. യുവതികൾ ദർശനം നടത്തി എന്ന് പറഞ്ഞ് പ്രചരിക്കുന്ന ഫോട്ടോയിലെ വനിതകൾ എല്ലാവരും അൻപതിനുമേലെ പ്രായമുള്ളവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് വിഐപി ദർശനത്തിനുള്ള സഹായങ്ങൾ ചെയ്തതും സുനിൽ സ്വാമിയാണ്.

ഇഷ്ടക്കാർക്ക് പൂജ അനുവദിക്കാനുള്ള നീക്കങ്ങൾക്ക് തന്ത്രിയും കൂട്ടു നിന്നുവെന്നും ഇപ്പോൾ ആരോപണം ഉണ്ട്. നടതുറക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങളില്ലാം തന്ത്രിയുടേതാണ് അവസാന വാക്ക്. അപ്പോൾ ക്രമവിരുദ്ധമായി നട തുറന്നതും പൂജ അനുവദിച്ചതും തന്ത്രിയുടെ അറിവോടെയാണെന്നാണ് ആരോപണമുയരുന്നത്. ശബരിമലയിലെ ക്രമവിരുദ്ധമായ നടപടികൾ സംബന്ധിച്ച് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ലഭിച്ച പരാതിയെ തുടർന്നാണ് ദേവസ്വം വിജിലൻസ് അന്വേഷണം നടത്തിയത്.

നടൻ ശ്രീറാം സോപാനത്തിൽ ഇടയ്ക്ക വായിച്ചതുൾപ്പെടെയുള്ള ആചാരലംഘനങ്ങൾ നടന്നതായി വ്യക്തമാക്കുന്ന റിപ്പോർട്ടിൽ നാലുപേർക്കെതിരെ നടപടിക്കും ശുപാർശയുണ്ട്. ദേവസ്വം ഗാർഡ് റൂമിൽ നിയമംലംഘിച്ച് സുനിൽ സ്വാമി താമസിക്കുന്നുവെന്നും ആചാര ലംഘനങ്ങൾക്ക് ദേവസ്വത്തിൽ നിന്ന് ചിലർ ഒത്താശ ചെയ്തുകൊടുക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നൽകിയ റിപ്പോർട്ടിൽ ഇത്തരത്തിൽ സുനിൽ സ്വാമിക്കുവേണ്ടി ശബരിമലയിൽ നടത്തിയ ആചാരലംഘനങ്ങൾ അക്കമിട്ട് നിരത്തിയിട്ടുണ്ട്. യുവതീ പ്രവേശനമുൾപ്പെടെ നടന്നുവെന്ന് വ്യക്തമാക്കി ചിത്രങ്ങൾവരെ പ്രചരിക്കുകയും സുനിൽ സ്വാമിക്കുവേണ്ടി ശബരിമലയിൽ ആചാരങ്ങൾ വരെ മാറ്റിമറിച്ചതായും മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഇക്കാര്യം വിവാദമാകുന്നതും സർക്കാർ അന്വേഷണത്തിന് നിർദ്ദേശം നൽകുന്നതും. ഈ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഇക്കാര്യങ്ങൾ അന്വേഷിച്ച വിജിലൻസ് കണ്ടെത്തിയിട്ടുള്ളത് സുനിൽസ്വാമിയെന്ന ദർശന ദല്ലാളിനുവേണ്ടി ഒട്ടേറെ സൗജന്യങ്ങളും സൗകര്യങ്ങളും ദേവസ്വത്തിലെ തന്നെ പലരും ചേർന്ന് നടത്തിക്കൊടുക്കുന്നതായാണ്. ഇക്കാര്യത്തിൽ ഇനി സർക്കാർ എന്തു തീരുമാനമെടുക്കുമെന്ന ചോദ്യവും ഉയരുന്നു. കടുത്ത നടപടി ശബരിമല വിഷയത്തിൽ സ്വീകരിക്കുമെന്നാണ് അറിയുന്നത്.

മുമ്പ് ജി സുധാകരൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് സുനിൽസ്വാമിയെന്ന കൊല്ലത്തെ വിവാദ വ്യവസായിക്ക് പ്രത്യേക സൗകര്യം ചെയ്തുകൊടുക്കുന്നതിനെതിരെ കർശന നടപടികൾ സ്വീകരിച്ചിരുന്നു. അക്കാലത്തുമാത്രമാണ് ഇയാൾക്ക് ശബരിമലയിൽ വിലസാൻ സൗകര്യം ലഭിക്കാതിരുന്നത്. എന്നാൽ സുധാകരനിൽ നിന്ന് വകുപ്പു മാറിയതോടെ വീണ്ടും സന്നിധാനത്ത് ഇയാൾ പിടിമുറുക്കി. പൂജകളിലടക്കം അനാവശ്യ പരിഗണനകൾ നൽകുന്നതായുൾപ്പെടെ വിശദമായ റിപ്പോർട്ടാണ് ദേവസ്വം വിജിലൻസ് നൽകിയിരിക്കുന്നത്.