തിരുവനന്തപുരം: സൈബർ സുരക്ഷയുടെ പേരു പറഞ്ഞു ഒരു വിഭാഗം പൊലീസുകാർ ചേർന്ന് സംഘടിപ്പിച്ച കൊക്കൂൺ സമ്മേളനത്തിൽ അടിമുടി ക്രമക്കേടെന്ന് വ്യക്തമാക്കിയ വിജിലൻസ് റിപ്പോർട്ട് പുറത്ത്. കഴിഞ്ഞവർഷം കൊല്ലത്ത് നടന്ന കൊക്കൂൺ അന്താരാഷ്ട്ര സൈബർ സുരക്ഷാ കോൺഫറൻസിന്റെ നടത്തിപ്പിലാണ് ക്രമക്കേടുണ്ടെന്ന വിജിലൻസ് കണ്ടെത്തൽ. സമ്മേളനത്തിൽ ധൂർത്തും പാഴ്‌ച്ചെലവുമുണ്ടായതായി തിരുവനന്തപുരം വിജിലൻസ്(ഇന്റലിജൻസ്) എസ്‌പി. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ നവംബറിൽ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. വിവരാവകാശനിയമ പ്രകാരം ലഭിച്ച രേഖയിലാണ് ക്രമക്കേടുകൾ പറയുന്നത്. ഓഗസ്റ്റ് 18, 19 തീയതികളിലായി കൊല്ലത്തെ നക്ഷത്ര റിസോർട്ടിലാണ് സംസ്ഥാന പൊലീസിന്റെ പേരിൽ സംഘടിപ്പിച്ച സൈബർ സുരക്ഷാ കോൺഫറൻസ് നടന്നത്. 400 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. തിരുവനന്തപുരം വിമാനത്താവളത്തിനടുത്ത് സർക്കാർ ഹോട്ടൽ ഉണ്ടായിരുന്നിട്ടും കൊല്ലത്ത് സമ്മേളനം നടത്തിയത് ധൂർത്താണെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പണം പിടുങ്ങാൻ ലക്ഷ്യമിട്ട് മാത്രമാണ് ഈ നീക്കം നടന്നതെന്നുമാണ് ആരോപണം. 2,97,500 രൂപ മുടക്കിയാണ് 85 മുറികൾ ബുക്ക് ചെയ്തത്. പൊലീസ് വാഹനങ്ങൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചതായും റിപ്പോർട്ടിലുണ്ട്.

തിരുവനന്തപുരത്ത് സർക്കാരിന്റെ ഉടമസ്ഥതയിൽ മസ്‌കറ്റ് ഹോട്ടലും കോവളത്ത് സമുദ്രയും ഉള്ളപ്പോഴാണ് കൊല്ലത്തെ സ്വകാര്യ നക്ഷത്രഹോട്ടലിൽ അന്താരാഷ്ട്രസമ്മേളനം നടത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലാണ് അതിഥികളും വിശിഷ്ടവ്യക്തികളും എത്തുന്നതെന്നിരിക്കേ, ഇവരുടെ യാത്രാചെലവിനു മാത്രം ലക്ഷങ്ങൾ വേണ്ടിവന്നു. ജനങ്ങൾക്ക് ഉപകാരപ്രദമായതൊന്നും സമ്മേളനത്തിലുണ്ടായില്ല. പൊലീസ് നേതൃത്വം നടത്തിയ വമ്പൻ അഴിമതിയുടെ വിശദാംശങ്ങൾ വിജിലൻസ് മേധാവി ജേക്കബ് തോമസ് സർക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്.

രാജ്യാന്തര സമ്മേളന നടത്തിപ്പിൽ ക്രമക്കേടെന്ന ആക്ഷേപത്തെത്തുടർന്നാണ് വിജിലൻസ് ഡയറക്ടർ അന്വേഷണത്തിനു നിർദ്ദേശം നൽകിയത്. സമ്മേളന നടത്തിപ്പിലടക്കം സംസ്ഥാന പൊലീസിലെ ചില ഉന്നതർ വഴിവിട്ട് ഇടപെട്ടെന്ന ആരോപണത്തെക്കുറിച്ചാണ് പ്രധാനമായും അന്വേഷിച്ചത്. ചില സർക്കാരിതര സംഘടനകളുടെ സഹായത്തോടെ നടന്ന സമ്മേളനം സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക പരിപാടിയായിരുന്നില്ലെന്ന ആരോപണവും വിജിലൻസ് അന്വേഷിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് പൊലീസിലെ ചില ഉന്നതർതന്നെ സമ്മേളനനടത്തിപ്പിനെക്കുറിച്ചു രേഖാമൂലം പരാതി നൽകിയിരുന്നു.

ഹൈടെക് സെൽ ഡിവൈഎസ്‌പിയായിരുന്ന എൻ വിനയകുമാരൻ നായർ അവതാരകയെ കടന്നുപിടിച്ചു സംഭവം വാർത്തകളിൽ നിറഞ്ഞതിനെ തുടർന്ന് വിവാദത്തിലായിരുന്നു കൊക്കൂൺ സമ്മേളനം. നേരത്തെ കൊല്ലത്തെ പരിപാടിയിലെ ക്രമക്കേടുകളെ പറ്റി വിജിലൻസിന് പരാതി നൽകിയത് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ് ആയിരുന്നു. രാജ്യാന്തര സമ്മേളന നടത്തിപ്പിൽ ക്രമക്കേടെന്ന ഋഷിരാജ് സിംഗിന്റെ ആക്ഷേപത്തെത്തുടർന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നേരിട്ടാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. കൊല്ലത്തെ റാവീസ് ഹോട്ടലിൽ നടന്ന മദ്യസൽക്കാരമാണ് ഋഷിരാജ് സിംഗിനെ പ്രധാനമായും പ്രകോപിപ്പിച്ചത്.

കായൽ കൈയേറി നിർമ്മിച്ച കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ എക്സൈസ് വിലക്കുകളെ ലംഘിച്ച് മദ്യം ഒഴുക്കി. സമ്മേളനം നടന്ന ദിവസങ്ങളിലെ റാവീസിലെ മദ്യ ഉപഭോഗ കണക്കും വിജിലൻസ് പരിശോധിച്ചിരുന്നു. ഈ പരിപാടിക്ക് ഇത്രയേറെ ഫണ്ട് എങ്ങനെ കിട്ടിയെന്നതും പരിശോധനക്ക് വിധേയമാക്കിയിരുന്നു. വളരെ ഗൗരവമുള്ള കണ്ടെത്തലുകളാണ് ആദ്യ ഘട്ടത്തിൽ ഇതു സംബന്ധിച്ച് വിജിലൻസിന് ലഭിച്ചിട്ടുള്ളത്. കൊക്കൂൺ ഔദ്യോഗിക പരിപാടിയെന്ന് തെറ്റിധാരണയുണ്ടാക്കും വിധമാണ് ഗവർണ്ണറെ ചടങ്ങിനെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഇതിന് സമാനമായാണ് പരിപാടിക്ക് എത്തിയത്.

വിനയകുമാരൻ നായരുടെ പീഡനം വിവാദമായതോടെ കൊക്കൂണിനെ കുറിച്ച് മുഖ്യമന്ത്രി വിശദമായി അന്വേഷിച്ചിരുന്നു. സംസ്ഥാന പൊലീസിന് ഇതുമായി യാതൊരു പങ്കാളിത്തവുമില്ല. ഒരു സർക്കാർ ഉത്തരവുമില്ല. ഇതിന്റെ ഫണ്ട് നൽകുന്നത് പൊലീസിൽ നിന്നല്ല. പൊലീസ് ആസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട് ഒരു രേഖയുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു പരിപാടിയുടെ സംഘാടക സമിതി ചെയർമാനായി മനോജ് എബ്രഹാം മാറിയതാണ് ഏറ്റവും നിർണ്ണായകം. ഇതിനൊപ്പം ധനകാര്യ ഇടപാടുകൾക്കായി പ്രത്യേക അക്കൗണ്ടും തുറന്നു. കൊല്ലം പൊലീസ് കമ്മീഷണറായ സതീഷ് ബിനോയായിരുന്നു ഈ അക്കൗണ്ട് കൈകാര്യം ചെയ്തത്. പൊലീസിന്റെ ഔദ്യോഗികമല്ലാത്ത പരിപാടിയിൽ ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്നതാണ് വിജിലൻസ് അന്വേഷിക്കുന്നത്.

കൊക്കൂൺ2016 അന്താരാഷ്ട്ര സൈബർ സുരക്ഷാസമ്മേളനത്തിൽ വമ്പൻ ധൂർത്തും അഴിമതിയും നടന്നതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. പാലീസുദ്യോഗസ്ഥർക്ക് പരിശീലനത്തിനുള്ള കേന്ദ്രസർക്കാരിന്റെ കോടികളുടെ ഫണ്ട് അന്താരാഷ്ട്ര സമ്മേളനത്തിനായി ധൂർത്തടിച്ചു. ഏതാനും ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതൊഴിച്ച് ഒരു സൈബർ സുരക്ഷാ പരിശീലനവും അന്താരാഷ്ട്ര സമ്മേളനത്തിലുണ്ടായില്ലെന്ന് വിജിലൻസ് കണ്ടെത്തി. മനോജ് എബ്രഹാമായിരുന്നു സംഘാടക സമിതി ചെയർമാൻ. യഥാർത്ഥത്തിൽ ഐടി കമ്പനികളുടെ ഒത്തുചേരലിനും കച്ചവടത്തിനുമായി അവസരം ഉണ്ടാക്കൽ മാത്രമായിരുന്നു കൊക്കൂൺ എന്നാണ് കണ്ടെത്തൽ. ചില സർക്കാരിതര സംഘടനകളുടെ സഹായത്തോടെ നടന്ന സമ്മേളനം സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക പരിപാടിയായിരുന്നില്ലെന്നാണ് വിജിലൻസിന്റെ പ്രാധമിക നിഗമനം. വിദേശത്തുനിന്ന് വന്ന സമ്മേളന പ്രതിനിധികളുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാനാണ് വിജിലൻസിന്റെ തീരുമാനം.

ഇതിനിടെ, പൊലീസ് സേനയെ നവീകരിക്കുന്നതിന് ഇലക്ട്രോണിക് ബീറ്റ് ഉപകരണങ്ങൾ വാങ്ങാൻ കരാർ നൽകിയ 1.87 കോടി രൂപ പാഴായ സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിട്ട് മാസങ്ങളായെങ്കിലും റിപ്പോർട്ട് നൽകിയിട്ടില്ല. ഇ-ബീറ്റ് ഇടപാടിൽ സംസ്ഥാനത്തിനു പലിശയടക്കം മൂന്നുകോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേന്ദ്ര ഗവൺമെന്റ് പൊലീസ് ആധുനികീകരണത്തിന് അനുവദിച്ച പണമാണ് ഇ-ബീറ്റ് ഇടപാടിനുപയോഗിച്ചത്. ബീറ്റ് പുസ്തകത്തിനു പകരം ഇലക്ട്രോണിക് ബീറ്റ് സമ്പ്രദായം ഏർപ്പെടുത്താനുള്ള പദ്ധതിയാണിത്. ഉപകരണങ്ങൾ മുഴുവൻ കൈമാറുംമുമ്പ് കമ്പനിക്ക് പണം മുഴുവൻ നൽകിയതിൽ അസ്വാഭാവികതയുള്ളതായി ആദ്യ അന്വേഷണ റിപ്പോർട്ടിലുണ്ട്. തുടർന്നാണ് പൊലീസ് മേധാവി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.