കൊച്ചി: കുമ്പളങ്ങി സ്വദേശിയായ ബാബുറാം മുൻ എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ ബിനാമി തന്നെയാണെന്ന് വിജിലൻസ്. ബാബുവിനെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസ്‌ അന്വേഷിക്കുന്ന വിജിലൻസ് സംഘം കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇതോടെ, ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ കുരുക്ക് മുറുകുകയാണ്. കേസിൽ കെ ബാബുവിനെ നാളെ വിജിലൻസ് ചോദ്യം ചെയ്യും.

മുൻ മന്ത്രി കെ ബാബുവിന്റെ അനധികൃത സ്വത്ത് മുഴുവൻ കുമ്പളങ്ങി സ്വദേശിയായ ബാബുറാം എന്നയാളുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും പേരിലാണെന്നാണ് വിജിലൻസ് ആരോപിക്കുന്നത്. കൊച്ചിയിൽ കണ്ണായ 40 സ്ഥലങ്ങളിൽ ഇവർക്ക് ഭൂമിയുണ്ടെന്നും ഇത് വാങ്ങാനുള്ള പണം എവിടെ നിന്ന് ലഭിച്ചെന്നോ എത്രപണം ചിലവഴിച്ചെന്നോ വ്യക്തമായി ഉത്തരം നൽകാൻ ബാബുറാമിന് കഴിയുന്നില്ലെന്നും വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

താൻ രേഖകൾ സൂക്ഷിക്കാറില്ലെന്നൊക്കെയുള്ള ദുർബലമായ വാദങ്ങളാണ് ബാബുറാം ഉന്നയിക്കുന്നത് എന്നാൽ ബാബുറാം തന്റെ ഒരു പരിചയക്കാരൻ മാത്രമാണെന്നായിരുന്നു കെ. ബാബുവിന്റെ വിശദീകരണം. എന്നാൽ ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകൾ ബാബുറാമിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയെന്നും വിജിലൻസ് വ്യക്തമാക്കുന്നു.

ബാർ കോഴക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് ബാബുറാം അയച്ച കത്തും ഇരുവരും പരസ്പരം നിരവധി തവണ ബന്ധപ്പെട്ടതിന്റെ തെളിവുകളും വിജിലൻസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ ബാബുവിനെതിരെ ശക്തമായി മുന്നോട്ടുപോകാനാണ് വിജിലൻസ് തീരുമാനിച്ചിരിക്കുന്നത്. നാളെത്തന്നെ ബാബുവിനെ അന്വേഷണം സംഘം ചോദ്യം ചെയ്യും. രാവിലെ 10.30ന് കൊച്ചിയിലെ വിജിലൻസ് ഓഫീസിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് വിജിലൻസ്, ബാബുവിന് നോട്ടീസ് നൽകിയിട്ടുണ്ട്.