കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു ജോർജിയയിലേക്ക് കടക്കുമ്പോൾ അവതാളത്തിലാകുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ പ്രവർത്തനങ്ങൾ. ഇന്ത്യയുമായി പിടികിട്ടാപ്പുള്ളികളെ കൈമാറാൻ ഉടമ്പടിയില്ലാത്ത രാജ്യമാണ് ജോർജിയ. ഇതു മനസ്സിലാക്കിയാണ് ജോർജിയയിലേക്ക് കടന്നന്നൊണ് വിവരം. ഇവിടെ നിന്നും മറ്റ് സുരക്ഷിത സ്ഥാനത്തേക്ക് വിജയ് ബാബു മാറിയേക്കും. അതിനിടെ വിജയ് ബാബു വിദേശത്തേക്ക് മുങ്ങി സാഹചര്യത്തിൽ സ്വത്ത് മരവിപ്പിക്കൽ അടക്കം നടത്തണമെന്ന ആവശ്യം ശക്തമാണ്. അക്കൗണ്ടുകൾ മരവിപ്പിച്ചാൽ വിജയ് ബാബു പ്രതിസന്ധിയിലാകും.

അതിനിടെ ജോർജിയയിൽ നിന്ന് ആഫ്രിക്കയിലേക്കോ ലാറ്റിൻ അമേരിക്കൻ രാജ്യത്തേക്കോ വിജയ് ബാബു കടന്നേക്കും. വിജയ് ബാബുവിന്റെ പാസ്‌പോർട്ട് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വ്യാജ പാസ്‌പോർട്ടുമായാണ് വിജയ് ബാബു കറങ്ങുന്നതെന്നും സൂചനയുണ്ട്. അതുകൊണ്ട് കൂടിയാണ് ഇന്ത്യൻ പാസ്‌പോർട്ടില്ലാതെ കഴിയാൻ പറ്റുന്ന രാജ്യങ്ങളിലേക്ക് കണ്ണ് ചെന്ന് വീഴുന്നത്. ആൾദൈവമായിരുന്ന നിത്യാനന്ദ ആഫ്രിക്കയിൽ ഒരു രാജ്യം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. അവിടേക്ക് വിജയ് ബാബു കടന്നാൽ തിരിച്ചെത്തിക്കൽ ബുദ്ധിമുട്ടിലാകും. അറസ്റ്റൊഴിവാക്കാൻ എന്ത് രീതിയും ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.

കൊച്ചി സിറ്റി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രാലയം വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കിയിരുന്നു. ഇതോടെ വിജയ് ബാബുവിന്റെ വീസയും റദ്ദാകും. ഇതു മുൻകൂട്ടി മനസ്സിലാക്കിയാണ് ജോർജിയയിലേക്കു കടന്നതെന്നാണ് വിവരം. പാസ്‌പോർട്ട് റദ്ദാക്കിയ ശേഷം ഇന്റർപോളിന്റെ സാഹയത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. ഇന്റർപോളിന് കടന്നു ചെല്ലാനാകാത്ത രാജ്യങ്ങളിലേക്ക് കടക്കാനാണ് ഇനി വിജയ് ബാബുവിന്റെ ശ്രമം.

വിജയ് ബാബു മറ്റൊരു രാജ്യത്തേക്ക് കടന്നതായാണ് സൂചനയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു നേരത്തേ അറിയിച്ചിരുന്നു. മെയ്‌ 24നകം ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കുമെന്നും കമ്മിഷണർ പറഞ്ഞു. വിജയ് ബാബു രണ്ടു ദിവസം മുൻപു 'ജോർജിയ'യിലേക്കു കടന്നതായി ദുബായിൽ നിന്നു പൊലീസിനു വിവരം ലഭിച്ചിരുന്നു. എന്നാൽ പഴയ യുഎസ്എസ്ആറിന്റെ ഭാഗമായിരുന്ന ജോർജിയ എന്ന രാജ്യത്തേക്കാണോ യുഎസിലെ സംസ്ഥാനമായ ജോർജിയയിലേക്കാണോ പോയതെന്നു വ്യക്തമല്ല.

വിജയ് ബാബുവിന്റെ അടുത്ത ബന്ധു യുഎസിലെ ജോർജിയയിൽ ഉണ്ട്. യുഎസ് സന്ദർശിക്കാനുള്ള വീസയും വിജയ് ബാബുവിന് ഉണ്ടായിരുന്നു. എന്നാൽ, പാസ്‌പോർട്ട് റദ്ദാക്കപ്പെട്ടതോടെ ഇപ്പോൾ ഒളിവിൽ കഴിയുന്ന രാജ്യം വിടാൻ കഴിയില്ല. വിദേശ എംബസികളുടെ സഹായത്തോടെ വിജയ് ബാബുവിന്റെ ഇതുവരെയുള്ള യാത്രാവിവരങ്ങൾ പരിശോധിച്ചു പ്രതിയെ കണ്ടെത്തി നാട്ടിൽ എത്തിക്കാനാണു പൊലീസിന്റെ നീക്കം. ലാറ്റിൻ അമേരിക്കയിലാണ് സ്വാമി നിത്യാനന്ദ താവളമുറപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ അമേരിക്ക വഴി ആരും അംഗീകരിക്കാത്ത ഈ രാജ്യത്തേക്ക് കടക്കാനും സാധ്യത ഏറെയാണ്.

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ സുപ്രീംകോടതിയെ സമീപിക്കാനാണ് പ്രതിഭാഗം അഭിഭാഷകരുടെ തീരുമാനം. ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസുമായി മുന്നോട്ടുപോകാനാണ് പൊലീസ് തീരുമാനം. ഇതിനുള്ള നടപടികൾ തുടരും.

കഴിഞ്ഞമാസം 26നാണ് നടിയുടെ പരാതിയിൽ വിജയ് ബാബുവിനെതിരെ കേസെടുത്തത്. ക്രൂര പീഡനത്തിനാണ് ഇരയായതെന്ന് യുവതി പരാതിയിൽ പറഞ്ഞിരുന്നു. ഇതോടെ യുവതിയുടെ പേര് വെളിപ്പെടുത്തി ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയ വിജയ് ബാബു ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ദുബൈയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടത്തെ പൊലീസിന്റെ സഹായം തേടുകയും ചെയ്തു. ഇന്റർപോളിന്റെ സഹായവും തേടി. ഇതിന്റെ അടിസ്ഥാനത്തിൽ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു.

ദുബൈയിലെ വിലാസം കണ്ടെത്തിയാൽ ഉടൻ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസ് തീരുമാനം. പ്രതി താമസിക്കുന്ന രാജ്യത്തോട് അയാളെ താൽക്കാലികമായി അറസ്റ്റ് ചെയ്യാനുള്ള അഭ്യർത്ഥനയാണ് റെഡ് കോർണർ നോട്ടീസ്.