- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയ് ബാബുവിന്റെ ബലാത്സംഗത്തിന് ഇരയായ നടിയെ സ്വാധീനിക്കാൻ ശ്രമിച്ചത് വിവാഹ മോചിതയായ നടി; ഫ്രെഡേ ഹൗസിന്റെ ഇപ്പോഴത്തെ പ്രമുഖയെ പൊലീസ് ചോദ്യം ചെയ്യും; ദുബായിലേക്ക് ക്രെഡിറ്റ് കാർഡുമായി പറന്ന നടനും നിരീക്ഷണത്തിൽ; വിജയ് ബാബുവിന് ഹൈക്കോടതി ആശ്വാസമാകുമോ?
കൊച്ചി: വിജയ് ബാബുവിനു മുൻകൂർ ജാമ്യം ഉറപ്പാക്കാനുള്ള കള്ളക്കളികൾ സജീവം. ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം നടന്നുവെന്ന് നടൻ തന്നെ ഹൈക്കോടതിയിൽ സമ്മതിച്ചിട്ടുണ്ട്. ഇത് തന്നെയാണ് കുറ്റകൃത്യത്തിലേക്കുള്ള പ്രധാന സൂചന. ഈ ലൈംഗിക ബന്ധം ഉഭയസമ്മതമെന്ന് നടൻ പറയുമ്പോൾ അത് ബലാത്സംഗമായിരുന്നുവെന്നാണ് നടിയുടെ വാദം. ഇത് കോടതി അംഗീകരിച്ചേക്കും. ഇരയുടെ പേര് വെളിപ്പെടുത്തിയതും ഹൈക്കോടതി ഗൗരവത്തോടെ എടുത്തിട്ടുണ്ട്.
ഉടൻ നാട്ടിലേക്ക് മടങ്ങിയെത്തുമെന്ന് വിജയ് ബാബു കോടതിയിൽ പറയുന്നു. വിമാന ടിക്കറ്റും നൽകി. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനം വൈകാനും സാധ്യതയുണ്ട്. വിജയ് ബാബു തിരിച്ചെത്തിയ ശേഷമേ മുൻകൂർ ജാമ്യ ഹർജിയിൽ വിധി വരാൻ സാധ്യതയുള്ളൂ. അതുവരെ വിജയ് ബാബുവിന്റെ അറസ്റ്റിന് ഹൈക്കോടതി താൽകാലിക വിലക്ക് നൽകുമോ എന്നതാണ് നിർണ്ണായകം. അതിനിടെ കേസിൽ പ്രമുഖ നടിയും പ്രതിയാകാനുള്ള സാധ്യത ഏറെയാണ്. പീഡനത്തിന് ഇരയായ നടിയെ സ്വാധീനിച്ചതാണ് ഇതിന് കാരണം. പ്രതിയാകാൻ സാധ്യതയുള്ള നടി വിവാഹ മോചിതയാണ് ഈ നടിയെന്നും സൂചനയുണ്ട്.
കേസിലെ പരാതിക്കാരിയായ പുതുമുഖ നടിയെ സ്വാധീനിച്ചു പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ച മലയാളി നടിയെ അടുത്ത ദിവസങ്ങളിൽ പൊലീസ് ചോദ്യം ചെയ്യും. പീഡനക്കേസിൽ പ്രതിയായി വിദേശത്തേക്കു മുങ്ങിയതിനു ശേഷം വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകൾക്കും സിനിമാ നിർമ്മാണ പ്രവർത്തനങ്ങൾക്കും ചുക്കാൻപിടിക്കുന്നത് ഈ നടിയാണ്. ഇവർക്കെതിരെയാണ് അന്വേഷണം.
അതിനിടെ വേണ്ടി 2 ക്രെഡിറ്റ് കാർഡുകൾ ദുബായിൽ എത്തിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. വിജയ് ബാബുവിന്റെ അടുത്ത സുഹൃത്താണ് ഇത് എത്തിച്ചത്. കേസിൽ മുൻകൂർ ജാമ്യം ലഭിക്കും വരെ വിദേശത്തു തങ്ങാനുള്ള പണം തീർന്നതിനെ തുടർന്നാണു ക്രെഡിറ്റ് കാർഡുകൾ എത്തിച്ചു തരാൻ വിജയ് ബാബു സിനിമാരംഗത്ത് പ്രവർത്തിക്കുന്ന സുഹൃത്തിനോട് ആവശ്യപ്പെട്ടത്.
തൃശൂർ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണു സുഹൃത്ത് നെടുമ്പാശേരി വഴി ദുബായിലെത്തി ക്രെഡിറ്റ് കാർഡുകൾ കൈമാറിയത്. ഈ കാർഡിലെ വിവരങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്. വിജയ് ബാബുവിനെതിരെ ഗൗരവത്തോടെയുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് പൊലീസ് പറയുന്നു. അപ്പോഴും കോടതിയിൽ പ്രോസിക്യൂഷന്റെ നിലപാട് എന്താകുമെന്ന ആശങ്കയുണ്ട്. ഇരയുടെ പേര് വെളിപ്പെടുത്തിയുള്ള ഫെയ്‌സ് ബുക്ക് ലൈവിൽ ചർച്ച തുടർന്നാൽ ജാമ്യം കിട്ടില്ലെന്ന് ഉറപ്പാണ്. എന്നാൽ ഇക്കാര്യം കോടതിയിൽ വേണ്ട പോലെ അവതരിപ്പിക്കപ്പെട്ടിട്ടില്ല.
വിദേശത്തുള്ള വിജയ് ബാബു നാട്ടിലെത്തിയിട്ട് പോരെ തുടർ നടപടികളെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ കോടതി സർക്കാരിനോരാഞ്ഞിരുന്നു. നിയമത്തിന്റെ മുന്നിൽ നിന്നും ഒളിച്ചോടിയ വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യമാണെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. അതേസമയം വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. മുപ്പതാം തീയതി നാട്ടിലെത്തുമെന്ന് വ്യക്തമാക്കി യാത്രാരേഖകൾ സമർപ്പിച്ചതോടെയാണ് ഇന്നലെ ജസ്റ്റിസ് പി ഗോപിനാഥ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ തയ്യാറായത്.
ഈ മാസം 30 നുള്ളിൽ തിരിച്ചെത്തിയില്ലെങ്കിൽ ജാമ്യാപേക്ഷ തള്ളും എന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ, പരാതിക്കാരിയായ നടിയുമായി താൻ സൗഹൃദത്തിലായിരുന്നെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചിരിക്കുന്നത്. നടിയുമായുള്ള വാട്‌സ് ആപ് ചാറ്റുകളുടെ പകർപ്പുകളും വിജയ് ബാബു കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പരാതിക്കാരിക്ക് താൻ പലപ്പോഴായി പണം നൽകിയിട്ടുണ്ടെന്നും സിനിമയിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം താൻ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബുവിന്റെ നിലപാട്. മാർച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്‌സ് അപ്പാർട്ട്‌മെന്റിൽ വച്ചും മാർച്ച് 22 ന് ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി.
എന്നാൽ, വിജയ് ബാബു പരാതിയിലെ ആരോപണങ്ങൾ നിഷേധിച്ചു. 2018 മുതൽ പരാതിക്കാരിയെ അറിയാം. സിനിമയിൽ അവസരത്തിനുവേണ്ടി നിരന്തരം ബന്ധപ്പെട്ടിരുന്നു. നടി പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്. തന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്‌ളിനിക്കിൽ നടി ഏപ്രിൽ 12 എത്തിയിരുന്നു. ഇവിടെ വച്ച് ഭാര്യയുമായി സംസാരിച്ചതിന്റെ സി.സി. ടി.വി ദ്യശ്യങ്ങളുണ്ട്. പീഡനം നടന്നെന്നു പറയുന്ന തീയതിക്കു ശേഷമാണ് ഇത്. ഏപ്രിൽ 14 നു നടി മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്‌ളാറ്റിൽ വന്നിരുന്നു. പുതിയ ചിത്രത്തിലെ നായികയോട് നടി ഇവിടെ വെച്ച് ദേഷ്യപെട്ടുവെന്നും വിജയ് ബാബു കോടതിയിൽ നൽകിയ രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. ദുബായ് സർക്കാർ നൽകുന്ന ഗോൾഡൻ വിസയ്ക്കു വേണ്ടി പേപ്പറുകൾ ശരിയാക്കനാണ് ഏപ്രിൽ 24 ന് താൻ ദുബായിലെത്തിയത് എന്നും വിജയ് ബാബു പറയുന്നു.
യുവതിയുടെ പഴയ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ
ഇത് ഒരു ദിവസത്തെ സംഭവമായിരുന്നു. 2021 നവംബർ മാസത്തിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമയും നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ ജോലിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനാണ് ഞാൻ കണ്ടുമുട്ടിയത്. ഞങ്ങൾ ചില പ്രൊഫഷണൽ കാര്യങ്ങൾ ചർച്ച ചെയ്തു, പിന്നീട് അയാൾ എന്റെ വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിച്ചു, ഞാൻ എന്റെ ജീവിതത്തിലെ ചില പ്രശ്‌നങ്ങൾ അയാളോട് സൂചിപ്പിച്ചു. ആ വിഷയത്തിൽ എനിക്ക് സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം എന്നെ സഹായിക്കാൻ സ്വയം മുന്നോട്ടുവന്നു. ഇതിനിടയിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് മുറിയുടെ പുറത്തേക്ക് ഇറങ്ങി, അതിനാൽ ഞങ്ങൾ രണ്ടുപേരും മാത്രമേ കുറച്ചു നേരത്തേക്ക് അവിടെ ഉണ്ടായിരുന്നുള്ളൂ.
അയാൾ സ്വയം മദ്യം കഴിക്കുകയും എനിക്കു വാഗ്ദാനം ചെയ്യുകയും ചെയ്തു. ഞാൻ അത് നിരസിച്ചു ജോലി തുടർന്നു. പെട്ടെന്ന് വിജയബാബു എന്റെ ചുണ്ടിൽ ചുംബിക്കാൻ ചാഞ്ഞു, ഒരു ചോദ്യവുമില്ലാതെ, സമ്മതമില്ലാതെ ! ഭാഗ്യവശാൽ, എന്റെ റിഫ്‌ളെക്‌സ് പ്രവർത്തനം വളരെ വേഗത്തിലായിരുന്നു, ഞാൻ ചാടി പുറകോട്ടേക്ക് മാറി അവനിൽ നിന്ന് അകലം പാലിച്ചു. ഞാൻ അസ്വസ്ഥതയോടെ, പേടിയോടെ അയാളുടെ മുഖത്തേക്ക് നോക്കി. അപ്പോൾ വീണ്ടും എന്നോട് ചോദിച്ചു 'ഒരു ചുംബനം മാത്രം?'. ഇല്ല എന്ന് പറഞ്ഞു ഞാൻ എഴുന്നേറ്റു. പിന്നെ അദ്ദേഹം മാപ്പ് പറയാൻ തുടങ്ങി, ആരോടും പറയരുതെന്ന് അഭ്യർത്ഥിച്ചു. പേടിച്ച് ഞാൻ സമ്മതിച്ചു. ചില ഒഴിവുകഴിവുകൾ പറഞ്ഞ് ഞാൻ പെട്ടെന്ന് അവിടെ നിന്ന് ഇറങ്ങിയോടി.കാരണം എന്നെ മറ്റൊന്നും ചെയ്യാൻ അയാൾ നിർബന്ധിച്ചില്ലെങ്കിലും, അയാൾ ചെയ്ത ഈ കാര്യം തന്നെ വിലകുറഞ്ഞതും ഭയപ്പെടുത്തുന്നതുമായിരുന്നു.
ഒട്ടും പരിചയമില്ലാത്ത എന്നോട് 20-30 മിനുട്ടിൽ , അയാൾ തന്റെ ആദ്യ ശ്രമം നടത്തി. ഇക്കാരണത്താൽ തന്നെ എനിക്ക് ആ പ്രസ്തുത പ്രോജക്ട് ഉപേക്ഷിക്കേണ്ടിവന്നു. അതുവരെയുള്ള എന്റെ സ്വപ്നമായിരുന്ന മലയാള ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങൾ ഞാൻ ഇതിനുശേഷം നിർത്തി. എത്ര സ്ത്രീകൾക്ക് ഇതിലും മോശമായ അനുഭവം അയാളിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടാവും? . സഹായം വാഗ്ദാനം ചെയ്ത് ദുർബലരായ സ്ത്രീകളെ പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന ഒരാളാണ് വിജയബാബു എന്ന നടനും നിർമ്മാതാവും എന്നത് എന്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.എത്ര സ്ത്രീകൾക്ക് ഇതിലും മോശമായ അനുഭവം നേരിടേണ്ടിവരുമെന്ന് ഞാൻ ചിന്തിച്ചു.അയാളിൽ നിന്നും ഈയിടെ ഒരു നടിക്ക് ഉണ്ടായ അതിഗുരുതരമായ ആക്രമണത്തെ തുടർന്നാണ് ഞാൻ ഇത് എഴുതുന്നത്. അയാൾ തീർച്ചയായും ഇത്തരം പ്രവർത്തികൾ ചെയ്യുന്ന ഒരാളാണെന്ന് എന്റെ അനുഭവത്തിലൂടെ എനിക്ക് അറിയാവുന്നതു കൊണ്ട് തന്നെ ഒരുപാട് പേർ അവൾക്കെതിരെ തിരിയുമ്പോൾ എനിക്ക് മൗനം പാലിക്കാൻ സാധിക്കുന്നില്ല .ദുർബലരായ സ്ത്രീകളെ സഹായം വാഗ്ദാനം നൽകി മുതലെടുക്കൻ ശ്രമിക്കുന്ന ഒരാളാണ് അയാൾ എന്ന് വ്യക്തിപരമായി എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാൽ അതിജീവിതക്ക് വേണ്ടി ഞാൻ ശബ്ദം ഉയർത്തും. എന്നും അവൾക്കൊപ്പം നിൽക്കും. അവൾക്ക് നീതി കിട്ടുന്നത് വരെ..
കൂടാതെ, അദ്ദേഹത്തെപ്പോലുള്ളവരെ നീക്കം ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തുകൊണ്ട്, സിനിമാ വ്യവസായത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ - 'സ്ത്രീകൾക്ക് സുരക്ഷിതമല്ല' എന്നത് തെറ്റാണെന്ന് തെളിയിക്കണം, എന്നെപ്പോലുള്ള സ്ത്രീകൾ ഇതിലേക്ക് ചുവടുവെക്കാൻ ഭയപ്പെടരുത്. നന്ദി.
മറുനാടന് മലയാളി ബ്യൂറോ