കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി വിജയ്ബാബുവിന്റെ ബിസിനസ് പങ്കാളിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ടോളിൻ ടയേഴ്‌സിന്റെ ടോളിനാണ് വിജയ് ബാബുവിന്റെ പ്രധാന പങ്കാളി. ടോളിനും വിജയ് ബാബുവും തമ്മിലെ ബന്ധത്തെ കുറിച്ച് വിശദമായി മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ദുബായിൽ അടക്കം ഗസ്റ്റ് ഹൗസുകളും സംവിധാനങ്ങളുമുള്ള ബിസിനസ്സുകാരനാണ് ടോളിൻ. ടോളിനെയാണ് പൊലീസ് ചോദ്യം ചെയ്തതെന്നാണ് സൂചന. എവിടെയാണ് വിജയ് ബാബു ഉള്ളതെന്ന് കണ്ടെത്താനാണ് ഈ നീക്കം.

സമീപകാലത്തു വിജയ്ബാബുവിന്റെ ബിസിനസുകളിൽ ഏറ്റവും കൂടുതൽ മുതൽ മുടക്കിയ ആളിനെയാണ് ചോദ്യം ചെയ്തതെന്നാണ് സൂചന. അറസ്റ്റ് ഒഴിവാക്കാൻ വിദേശത്തേക്കു കടന്ന വിജയ്ബാബുവിന്റെ സ്വത്തു കണ്ടുകെട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണു ബിസിനസ് പങ്കാളിയെ ചോദ്യം ചെയ്തത്. എന്നാൽ ടോളിനെയാണോ ചോദ്യം ചെയ്തതെന്ന് പൊലീസ് സ്ഥിരീകരിക്കുന്നില്ല. അതീവ രഹസ്യമായാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഇന്നലെ നാട്ടിൽ മടങ്ങിയെത്തുമെന്നാണു വിജയ്ബാബു അഭിഭാഷകൻ വഴി ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇന്നലത്തെ യാത്ര റദ്ദാക്കിയ പ്രതി നാളത്തെ തീയതിയിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി വിവരമുണ്ട്. ഇന്നു മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിയുടെ നിലപാട് അറിഞ്ഞ ശേഷം നാട്ടിലേക്കു മടങ്ങാനാണു വിജയ്ബാബു ശ്രമിക്കുന്നത്.

അതിനിടെ, വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കാൻ മാറ്റിയിരുന്നു. ജസ്റ്റിസ് പി.ഗോപിനാഥ് ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കുമെന്നു വ്യക്തമാക്കി മാറ്റുകയായിരുന്നു. ഹർജി ഇന്നു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിഗണിക്കും. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റീസായിരുന്ന കെടി തോമസിന്റെ മകനാണ് ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ്. അദ്ദേഹം എടുക്കുന്ന നിലപാടുകളാകും ഇനി വിജയ് ബാബു കേസിൽ നിർണ്ണായകമാകുക.

ഹൈക്കോടതിയിൽ സമർപ്പിച്ച വിമാന ടിക്കറ്റ് വിജയ് ബാബു റദ്ദാക്കിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇന്നലെ രാവിലെ 9ന് ദുബായിൽ നിന്നു കൊച്ചിയിലേക്കെത്തുന്ന എമിറേറ്റ്‌സ് വിമാനത്തിന്റെ ടിക്കറ്റായിരുന്നു കോടതി നിർദേശപ്രകാരം വിജയ് ബാബുവിന്റെ അഭിഭാഷകർ ഹാജരാക്കിയത്. എന്നാൽ ഇന്നത്തെ ഇമിഗ്രേഷൻ ലിസ്റ്റിൽ വിജയ് ബാബുവിന്റെ പേരു കണ്ടെത്താനായില്ല.

ഇന്ത്യൻ നിയമ സംവിധാനങ്ങളുടെ പരിധിയിൽ എത്തിയിട്ടു മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്നു കോടതി നിലപാടെടുത്തതോടെയാണ് കൊച്ചിയിലെത്തുമെന്നും ടിക്കറ്റ് എടുത്തിട്ടുണ്ടെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചത്. എന്നാൽ കേരളത്തിലെത്തിയാൽ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യുമെന്ന നിലപാടിലായിരുന്നു പൊലീസ്. ഇതോടെയാണ് റിക്കറ്റ് റദ്ദാക്കിയതെന്നാണ് വിവരം.

ടിക്കറ്റ് ഹാജരാക്കിയ പശ്ചാത്തലത്തിൽ കേസിൽ വാദം കേൾക്കാമെന്നു കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ അഭിഭാഷകരുടെ നിർദേശപ്രകാരം വിജയ് ബാബു ടിക്കറ്റ് റദ്ദാക്കിയെന്നാണ് വിവരം. നേരിട്ടു പൊലീസിനു പിടികൊടുക്കുന്ന സാഹചര്യമുണ്ടായാൽ റിമാൻഡിലാകാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് നടപടി. ടിക്കറ്റ് റദ്ദാക്കിയ വിവരം വിജയ് ബാബുവിന്റെ അഭിഭാഷർ കോടതിയെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.

അതേസമയം, വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് അതിജീവിത കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രതി നിയമത്തിന്റെ മുന്നിൽ നിന്ന് ഒളിച്ചോടിയയാളാണെന്നും അറസ്റ്റ് അനിവാര്യമായതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പൊലീസും കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നു.

എന്നാൽ, പരാതിക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നും പണവും സിനിമയിൽ അവസരവും നൽകാത്തതിലുള്ള പ്രതികാരത്തിലുമാണ് പരാതി നൽകിയതെന്നാണ് വിജയ് ബാബുവിന്റെ വാദം. ഇതു തെളിയിക്കുന്ന വാട്‌സാപ് ചാറ്റുകളും കോടതിയിൽ സമർപ്പിച്ചിരുന്നു.

പാസ്‌പോർട്ട് റദ്ദാക്കുകയും സ്വത്തുക്കൾ കണ്ടു കെട്ടുന്നതിലേക്കുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങിയതോടെയാണ് വിജയ് ബാബു കീഴടങ്ങാൻ തീരുമാനിച്ച് ജോർജിയയിൽ നിന്നു ദുബായിലെത്തിയത്. കോടതി നിർദേശപ്രകാരം പൊലീസിൽ കീഴടങ്ങുന്ന സാഹചര്യത്തിൽ അതിന്റേതായ പരിരക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്നത്തെ യാത്ര റദ്ദാക്കിയത് എന്നാണ് സൂചന.