കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന നിർമ്മാതാവും നടനുമായ വിജയ് ബാബു ജോർജിയയിൽ നിന്ന് ദുബൈയിൽ തിരിച്ചെത്തിയെന്ന് പൊലീസ്. നാട്ടിലെത്തിക്കാനുള്ള നീക്കങ്ങൾ ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. ദുബൈയിലെ ഇന്ത്യൻ എംബസിയുമായി പൊലീസ് ബന്ധപ്പെട്ടു. പ്രത്യേക യാത്രാ രേഖ ഉപയോഗിച്ച് നാട്ടിലെത്തിക്കാനാണ് ശ്രമം.

പ്രത്യേക യാത്രാ രേഖ നൽകി കേരളത്തിലേക്ക് കൊണ്ടുവരാനാണ് നീക്കം. വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കിയ സാഹചര്യത്തിലാണിത്. ഇതിനുള്ള നടപടികൾ കൊച്ചി സിറ്റി പൊലീസ് തുടങ്ങി. വിജയ് ബാബുവിന്റെ നാളെ വൈകുന്നേരത്തിനകം കൊച്ചിയിലെത്തിക്കാൻ നീക്കം തുടങ്ങി. കൊച്ചി പൊലീസ് ദുബൈയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു.

ആദ്യം ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബു കേന്ദ്ര വിദേശകാര്യമന്ത്രാലയം പാസ്‌പോർട്ട് റദ്ദാക്കിയതിനു പിന്നാലെ പഴയ യുഎസ്എസ്ആറിന്റെ ഭാഗമായിരുന്ന ജോർജിയയിലേക്ക് കടന്നിരുന്നു. മുൻകൂർ ജാമ്യഹർജി പരിഗണിച്ച ഹൈക്കോടതി വിജയ് ബാബുവിനോട് നാട്ടിലേക്ക് മടങ്ങിവരാൻ നിർദേശിച്ചിരുന്നു. ആദ്യം മടക്കയാത്രക്കുള്ള ടിക്കറ്റ് ഹാജരാക്കൂ. അതിനുശേഷം ഹർജി പരിഗണിക്കാമെന്ന് ജസ്റ്റിസ് പി ഗോപിനാഥ് പറഞ്ഞു.

അടുത്ത വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ കേസ് പരിഗണിക്കണമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ ടിക്കറ്റ് ബുക്ക് ചെയ്ത് കോടതിയിൽ സമർപ്പിക്കുമ്പോൾ പരിഗണിക്കാമെന്ന് നിലപാടെടുത്ത കോടതി ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.

ഹർജി പരിഗണിച്ചപ്പോൾ അന്വേഷണവുമായി സഹകരിക്കുമെന്നും, കോടതി ആവശ്യപ്പെടുന്ന സമയത്ത് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്നും വിജയ് ബാബുവിന്റെ അഭിഭാഷകൻ അറിയിച്ചു. അപ്പോഴാണ് വിജയ് ബാബു രാജ്യത്തുണ്ടോയെന്ന് കോടതി ആരാഞ്ഞത്.

ഇല്ലെന്നും വിദേശത്താണെന്നും അഭിഭാഷകൻ വ്യക്തമാക്കി. എങ്കിൽ തിരിച്ചെത്താനുള്ള ടിക്കറ്റ് ഹാജരാക്കിയശേഷം ഹർജി പരിഗണിക്കാമെന്ന് കോടതി അഭിപ്രായപ്പെട്ടു. ആദ്യം കോടതിയുടെ പരിധിയിലേക്ക് വിജയ് ബാബു വരട്ടെ. അതിനുശേഷം അന്വേഷണ ഉദ്യോഗസ്ഥന്റെ അടുത്തേക്ക് പോകണോ വേണ്ടയോ എന്നതിൽ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.

വിജയ് ബാബു അന്വേഷണത്തിൽ നിന്നും ഒളിച്ചോടിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. നടിയുടെ ബലാത്സംഗ പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ വിജയ് ബാബു വിദേശത്തേക്ക് മുങ്ങുകയായിരുന്നു.

പൊലീസ് സംഘം ജോർജിയയിലേക്ക് പോകുന്നത് പരിഗണിക്കുന്നതിനിടെയാണ് വിജയ് ബാബു ദുബായിൽ മടങ്ങിയെത്തിയത്. ഇന്ത്യൻ എംബസി മുഖേന അവിടുത്തെ വിമാനത്താവളങ്ങൾക്കും അതിർത്തി ചെക്‌പോസ്റ്റുകൾക്കും പൊലീസ് വിവരങ്ങൾ കൈമാറിയിരുന്നു.

ബിസിനസ് ടൂറിലാണെന്നും ചൊവ്വാഴ്ചയെ തിരിച്ചെത്തുകയുള്ളുവെന്നുമാണ് വിജയ് ബാബു പാസ്‌പോർട്ട് ഓഫിസറെ അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയും വിജയ് ബാബു ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കുമെന്നും എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചിരുന്നു.

ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ. ഈ സാഹചര്യത്തിലാണ് റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ പൊലീസ് ഉദ്ദേശിച്ചത്. ചൊവ്വാഴ്ചയ്ക്കുള്ളിൽ കീഴടങ്ങാൻ തയാറായില്ലെങ്കിൽ വിജയ് ബാബുവിന്റെ നാട്ടിലുള്ള സ്വത്തുവകകൾ കണ്ടുകെട്ടാൻ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.