കോടികളുടെ വെട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേക്ക് മുങ്ങിയ മദ്യരാജാവ് വിജയ് മല്യ(60)യെ തിരിച്ച് കൊണ്ടു വന്ന് വിചാരണ നടത്താമെന്നത് വെറും പകൽക്കിനാവ് മാത്രമാവുകയാണോ...? വൻ അഴിമതി നടത്തി ഊളിയിട്ട മല്യയ്ക്ക് ബ്രിട്ടനിൽ സുഖജീവിതം തുടരാൻ സാധിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.

വിജയ് മല്യക്കെതിരെ റെഡ്കോർണർ നോട്ടീസ് (ആർസിഎൻ) പുറപ്പെടുവിക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഭ്യർത്ഥന ഇപ്പോൾ ഇന്റർപോൾ തിരിച്ചയച്ചിരിക്കുകയാണ്. ഇതിന് പുറമെ മല്യയെ നാടുകടത്തില്ലെന്ന് തീർത്ത് പറഞ്ഞ് ബ്രിട്ടനും രംഗത്തെത്തിയിട്ടുണ്ട്.

മല്യയ്ക്കെതിരെ ഒരു ഗ്ലോബൽ വാണ്ടഡ് നോട്ടീസ് പുറപ്പെടുവിപ്പിക്കാൻ വേണ്ടി ഇഡി മെയ്‌ 12ന് ഇന്റർപോളിനെ സമീപിച്ചിരുന്നുവെന്നാണ് ചില ഉറവിടങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മല്യയ്ക്കെതിരെ വേണണ്ടത്ര തെളിവുകൾ ഇല്ലാത്തതിനാൽ ആർസിഎൻ പുറപ്പെടുവിക്കാൻ സാധിക്കുകയില്ലെന്നാണ് ഇൻർപോൾ പ്രതികരിച്ചിരിക്കുന്നത്. മല്യയുടെ മേൽ നാടുകടത്തുന്നതിനോ വിചാരണയ്ക്കോ ഉള്ള അപേക്ഷയില്ലാത്തതിനാൽ അദ്ദേഹത്തിനെതിരെ ആർസിഎൻ പുറപ്പെടുവിക്കാൻ സാധ്യമല്ലെന്നാണ് ഇന്റർനാഷണൽ പൊലീസ് ഏജൻസി ഉറവിടങ്ങൾ അന്വേഷകരോട് പറഞ്ഞിരിക്കുന്നത്.

ഇത്തരമൊരു നോട്ടീസുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് തങ്ങൾക്ക് മല്യയ്ക്ക് പറയാനുള്ളത് കേൾക്കണമെന്നാണ് ഇന്റർപോൾ അറിയിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.മല്യയെ നാട് കടത്താൻ സാധ്യമല്ലെന്ന് തങ്ങളുടെ ഇമിഗ്രേഷൻ നിയമങ്ങൾ എടുത്ത്കാട്ടി യുകെ അടുത്തിടെ രംഗത്തെത്തിയിരുന്നു. തെളിവില്ലെന്ന കാരണം പറഞ്ഞ് മുൻ ഐപിഎൽ ചീഫ് ലളിത് മോദിക്കെതിരെ ആർസിഎൻ പുറപ്പെടുവിക്കാൻ കഴിഞ്ഞ വർഷം ഇന്റർപോൾ വിസമ്മതിച്ചിരുന്നു.

ആർസിഎൻ അപേക്ഷ മൂച്വൽ ലീഗൽ അസിസ്റ്റൻസ് ട്രീറ്റി(എംഎൽഎടി) യിലൂടെ അയക്കാനാണ് ഇഡി ഇപ്പോൾ തയ്യാറെടുക്കുന്നത്. ഇതിലൂടെ മല്യയ്ക്കെതിരെ ആർസിഎൻ അയപ്പിക്കാനാവുമെന്നാണ് ഒഫീഷ്യലുകൾ വിശ്വസിക്കുന്നത്.ഒരിക്കൽ ആർസിഎൻ പുറപ്പെടുവിച്ച് കഴിഞ്ഞാൽ യുകെ വിട്ട് മറ്റെവിടേക്കും മല്യയ്ക്ക് സഞ്ചരിക്കാനാവില്ല. ഇതിന് പുറമെ ബ്രിട്ടനിലെ എൻഫോഴ്സ്മെന്റ് ഏജൻസികൾക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനും ശരിയായ എക്ട്രാഡിക്ഷൻ പ്രക്രിയകളിലൂടെ ഇന്ത്യയ്ക്ക് കൈമാറാനും അധികാരം ലഭിക്കുകയും ചെയ്യും.

ബ്രിട്ടന് ഒരു എക്സ്ട്രാഡിക്ഷൻ റിക്വസ്റ്റ് അയക്കാനും ഇഡി തയ്യാറെടുത്ത് വരുന്നുണ്ട്. 900 കോടി രൂപയുടെ ഐഡിബിഐ ലോൺ തട്ടിപ്പ് നടത്തിയ മല്യ ഈ വർഷം മാർച്ച് രണ്ടിനായിരുന്നു തന്റെ ഡിപ്ലോമാറ്റിക് പാസ്പോർട്ടിൽ ലണ്ടനിലേക്ക് മുങ്ങിയത്.