ന്ത്യയിലെ വിവിധ ബാങ്കുകളെ കബളിപ്പിച്ച് മുങ്ങിയ കിങ്ഫിഷർ മുതലാളി വിജയ് മല്യ ഒടുവിൽ ലണ്ടനിൽ അറസ്റ്റിലായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറച്ചനിലപാട് മൂലമെന്ന് സൂചന. ബ്രെക്‌സിറ്റിനുശേഷമുള്ള ബ്രിട്ടന് പിന്തുണ ഉറപ്പിക്കുന്നതിനായി കഴിഞ്ഞ നവംബറിൽ ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയോട് മോദി ആവശ്യപ്പെട്ട കാര്യങ്ങളിലൊന്ന് മോദിയുടെ അറസ്റ്റായിരുന്നു. കുറ്റവാളികളും ക്രിമിനലുകളും നിയമത്തെ വെല്ലുവിളിച്ച് സുഖജീവിതം നയിക്കുന്ന സാഹചര്യമുണ്ടാക്കരുതെന്നായിരുന്നു മോദി ആവശ്യപ്പെട്ടത്.

9000 കോടിയോളം തട്ടിച്ച വിജയ് മല്യയെ നാടുകടത്തണമെന്ന് ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അതിന് വഴങ്ങാതെ മല്യയെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുകയായിരുന്നു ബ്രിട്ടൻ. അതിന് ഇന്ത്യക്ക് ബ്രിട്ടനോട് അല്പമല്ലാത്ത അമർഷമുണ്ടായിരുന്നു. ഉഭയകക്ഷി സഹകരണം മെല്ലെയാക്കി അത് പല രീതിയിൽ ഇന്ത്യ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ബ്രെക്‌സിറ്റിനുശേഷം ഇന്ത്യയെ പ്രധാന വ്യാപാര പങ്കാളിയായി കാണുന്ന ബ്രിട്ടന്, ഇത് ഏറെ മുന്നോട്ടുകൊണ്ടുപോകുവാനാകുമായിരുന്നില്ല.

മല്യയെ അറസ്റ്റ് ചെയ്ത് മണിക്കൂറുകൾ്ക്കകം ജാമ്യത്തിൽവിട്ടുവെങ്കിലും, വിവാദ വ്യവസായിയെ നിയമത്തിന്റെ പരിധിയിൽകൊണ്ടുവരാൻ കഴിഞ്ഞുവെന്നത് ഇന്ത്യയുടെ നേട്ടമാണ്. ഫെബ്രുവരി ആദ്യം മല്യയെ നാടുകടത്തണമെന്ന ഔദ്യോഗികമായ ആവശ്യം ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ബ്രിട്ടീഷ് സർക്കാരിന് നൽകിയിരുന്നു. കുറ്റവാളികളെ വിട്ടുകിട്ടാൻ 15-ഓളം നാടുകടത്തൽ അഭ്യർത്ഥനകളാണ് ബ്രിട്ടീഷ് സർക്കാരിന് മുന്നിൽ ഇന്ത്യ നൽകിയിട്ടുള്ളത്. ഇതിൽ മല്യയുടേത് പ്രാധാന്യത്തോടെ കാണാൻ ഇന്ത്യ ആവശ്യപ്പെടുകയായിരുന്നു. ഐ.പി.എൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക കുറ്റകൃത്യം നടത്തിയ ലളിത് മോദിയുൾപ്പെടെയുള്ള പലർക്കുമെതിരെ ഇന്ത്യ നാടുകടത്തൽ അഭ്യർത്ഥന നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

2015 ജൂലൈയിലാണ് മല്യക്കെതിരെ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2016 മാർച്ചിലും ഏപ്രിലിലും സമൻസയച്ചെങ്കിലും മല്യ ഹാജരായില്ല. 2016 ഏപ്രിലിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് വാറണ്ട് പുറപ്പെടുവിച്ചെങ്കിലും മല്യയെ നാട്ടിൽകൊണ്ടുവരാനോ നിയമത്തിന് മുന്നിലെത്തിക്കാനോ സാധിച്ചിരുന്നില്ല. പാസ്‌പോർട്ട് മരവിപ്പിച്ചിട്ടുപോലും മല്യയെ ബ്രിട്ടനിൽ തുടരാൻ അനുവദിച്ചതിലുള്ള അതൃപ്തി ഇന്ത്യ അറിയിച്ചിരുന്നു. തെരേസ മേയുടെ സന്ദർശനത്തിനിടെ ഇക്കാര്യം മോദി ശക്തമായി ഉന്നയിക്കുകയും ചെയ്തു.

പാസ്‌പോർട്ട് മരവിപ്പിച്ചാലും ബ്രിട്ടനിൽ തുടരുന്നതിൽ തടസ്സമില്ലെന്ന ബ്രിട്ടീഷ് ഇമിഗ്രേഷൻ നിയമത്തിലെ പഴുതുപയോഗിച്ചാണ് മല്യ അവിടെ തുടരുന്നത്. ലീവ് ടു റിമെയ്ൻ നിലനിൽക്കുന്നിടത്തോളം കാലം പാസ്‌പോർട്ടില്ലെങ്കിലും മല്യക്ക് അവിടെ തുടരാനാവും. ഇത് ഓരോ വ്യക്തിക്കും നൽകുന്നതിനാൽ, പാസ്‌പോർട്ട് കാലാവധി കഴിഞ്ഞാലോ അത് റദ്ദാക്കിയാലോ ലീവ് ടു റിമെയ്ൻ വിലയില്ലാതാവില്ല. എന്നാൽ, മല്യക്കെതിരായ കേസിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് വിവാദ വ്യവസായിയെ അറസ്റ്റ് ചെയ്യാൻ ഒടുവിൽ ബ്രിട്ടീഷ് സർക്കാർ തീരുമാനിക്കുകയായിരുന്നു.