ലണ്ടൻ: അവസാനം ഇന്ത്യയുടെ പിടികിട്ടാപ്പുള്ളികൾക്കുള്ള സുഖവാസ കേന്ദ്രമായി മാറിയിരിക്കുകയാണ് ബ്രിട്ടൺ എന്നതു പോലെയാണ് ഇപ്പോൾ കാര്യങ്ങളുടെ കിടപ്പ്. ഇന്ത്യയിലെ 17 ബാങ്കുകളെ പറ്റിച്ച് 9000 കോടി രൂപയും മോഷ്ടിച്ച് ലണ്ടനിലെ ഹാർട്ട്‌ഫോർഷെയറിൽ അതിസുന്ദരികളുമായി സുഖജീവിതം നയിക്കുന്ന മദ്യമുതലാളി വിജയ് മല്യ ഈ ലിസ്റ്റിലെ അവസാനത്തെ ആളായിരിക്കുകയാണ്. മല്യയ്ക്കു മുമ്പും ഇതുപോലെ ഇന്ത്യയിൽ നിന്ന് നിയമനടപടികളിൽ നിന്ന് അതിവിദഗ്ധമായി മുങ്ങി ബ്രിട്ടണിൽ അഭയം തേടിയവർ ഏറെ.

മാതൃരാജ്യത്ത് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുന്നതോടെ രായ്ക്കുരാമാനം ബ്രിട്ടണിൽ എത്തി സുഖജീവിതം നയിക്കുന്നവരുടെ ലിസ്റ്റ് ഏറെ വലുതാണ്. അഭയാർഥികളെ സംരക്ഷിക്കുന്ന കാര്യത്തിൽ ഏറെ അഭിമാനിക്കാവുന്ന ചരിത്രമുള്ള ബ്രിട്ടണിൽ പക്ഷേ, സാമ്പത്തിക തിരിമറികളും കുറ്റകൃത്യങ്ങളും ചെയ്ത ശേഷം അഭയം തേടുന്നവരുടെ എണ്ണവും അടിക്കടി വർധിച്ചു വരികയാണ്.

മാതൃരാജ്യത്തെ നിയമനടപടികളിൽ നിന്ന് ഇക്കൂട്ടർക്ക് ബ്രിട്ടൺ പൂർണ സംരക്ഷണം നൽകുന്നു എന്നതു തന്നെയാണ് ഇത്തരത്തിൽ ക്രിമിനലുകളെ ഇങ്ങോട്ടു ചേക്കേറാൻ പ്രേരിപ്പിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രശസ്തനായ സാമൂഹിക പരിഷ്‌ക്കർത്താവായിരുന്ന സാമുവേൽ സ്‌മൈൽസ് ബ്രിട്ടണെ അതുകൊണ്ടു തന്നെയാണ് the world's saylum, the refuge of the persecuted of all lands എന്നു വിശേഷിപ്പിച്ചത്. ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള കുറ്റവാളികൾ ചേക്കേറി സുരക്ഷിത വാസം ഉറപ്പിച്ചിട്ടുണ്ട് ബ്രിട്ടണിൽ.

ഒട്ടേറെ ക്രിമിനലുകൾ അഭയസ്ഥാനം കണ്ടെത്താൻ ബ്രിട്ടൺ ഉപയോഗപ്പെടുത്തുന്നുവെന്നതിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടൺ നിയമനടപടികൾ കർശനമാക്കിയെങ്കിലും സമ്പത്തുള്ള കുറ്റവാളികളുടെ കാര്യത്തിൽ ഇതെല്ലാം കാറ്റിൽ പറക്കുന്നു. അടുത്തകാലത്തായി ഇത്തരത്തിൽ ഇവിടെയെത്തുന്ന അതിസമ്പന്നരായ വിദേശ കുറ്റവാളികളുടെ എണ്ണത്തിൽ ഏറെ വർധനയുമുണ്ട്. മാതൃരാജ്യത്ത് നേരിടേണ്ടി വരുന്ന നിയമനടപടികളിൽ നിന്നും മറ്റും രക്ഷനേടി ഇവിടെ സുഖജീവിതം നയിക്കാൻ ഇക്കൂട്ടർക്ക് അനായാസം സാധിക്കുന്നുമുണ്ട്. ഇത്തരത്തിൽ ബ്രിട്ടണിലേക്ക് കുടിയേറുന്ന കുറ്റവാളികളെ വിട്ടുകിട്ടുന്നതിനായി ഇന്ത്യയും ബ്രിട്ടണും തമ്മിൽ 1993-ൽ ഒരു കരാർ ഒപ്പുവച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ നിന്ന് ബ്രിട്ടണിലേക്ക് ചേക്കേറിയ ഒറ്റ കുറ്റവാളിയെപ്പോലും ഇതുപ്രകാരം ഇന്ത്യയ്ക്ക് വിട്ടുകിട്ടിയിട്ടില്ല. എന്നാൽ 2008-ൽ ഹന്നാ ഫോസ്റ്റർ കൊലക്കേസിൽ മണീന്ദർപാൽ സിങ് കോഹ്ലിയെ ഇന്ത്യ ബ്രിട്ടണു വിട്ടുകൊടുത്തിരുന്നു.

നിലവിൽ വിജയ് മല്യയും ലളിത് മോദിയും സാമ്പത്തിക ക്രമക്കേടിനെ തുടർന്നാണ് ഇന്ത്യയിൽ നിന്നും ബ്രിട്ടണിലേക്ക് അഭയം തേടിയെത്തിയിരിക്കുന്നത്. എന്നാൽ ബ്രിട്ടൺ പിന്തുടർന്നു വരുന്ന ശക്തമായ മനുഷ്യാവകാശ നിയമങ്ങൾ ഇവരെ തിരികെ ഇന്ത്യയ്ക്കു വിട്ടുകിട്ടാൻ തടസം നിൽക്കുന്ന അവസ്ഥയാണ്. അടുത്ത കാലത്തുണ്ടായ പല വിവാദ കേസുകളിലും ഇന്ത്യയുടെ അവസ്ഥ ഇത്തരത്തിലുള്ളതായിരുന്നു. ഇന്ത്യൻ നേവിയുടെ വാർ റൂം ലീക്ക് കേസിൽ രവി ശങ്കർ, 1993-ലെ ഗുജറാത്തിലെ ബോംബ് ആക്രമണകേസിൽ ടൈഗർ ഹനീഫ്, ഗുൽഷൻ കുമാർ കൊലക്കേസിലെ പ്രതി മ്യൂസിക് ഡയറക്ടർ നദീം സെയ്ഫി, ഖാലിസ്ഥാൻ മൂവ്‌മെന്റുമായി ബന്ധപ്പെട്ട് ചില വ്യക്തികൾ ഇവരെയൊന്നും തിരികെ കേസ് വിചാരണയ്ക്കും മറ്റും ബ്രിട്ടണിൽ നിന്ന് ഇന്ത്യയ്ക്ക് വിട്ടുകിട്ടിയിട്ടില്ല. ഇതിൽ ടൈഗർ ഹനീഫിന്റെ കേസ് ഹോം സെക്രട്ടറി തേരേസ മേയുടെ പരിഗണനയിലാണ്.

അതേസമയം ഇന്ത്യയിൽ നടന്ന പല കേസുകളിലെ പ്രതികളായ ബ്രിട്ടീഷ് പൗരന്മാരേയും വിട്ടുകിട്ടുന്നതിനും ഇന്ത്യ വാദിക്കുന്നുണ്ട്. അതിലൊന്നാണ് ഗോവയിൽ നടന്ന ബാലപീഡനത്തിലെ പ്രതിയായ യുകെ പൗരൻ റേയ്മണ്ട് വാർലിയുടെ കേസ്. ബ്രിട്ടണിൽ അഭയം തേടിയ ഒരു കുറ്റവാളിയെ വിട്ടുകിട്ടണമെങ്കിലുള്ള നടപടിക്രമങ്ങൾ വളരെ സങ്കീർണമായും ദൈർഘ്യമേറിയതുമാണ്. വധശിക്ഷയോ മറ്റോ കിട്ടുന്ന കേസുകളിലും രാഷ്ട്രീയ കേസുകളിലും മറ്റും പ്രതിയെ വിട്ടുകൊടുക്കാൻ പൊതുവേ ബ്രിട്ടൺ വിമുഖത കാട്ടുകയാണ് പതിവ്. കൂടാതെ കുറ്റവാളിക്ക് കുടുംബജീവിതം നിഷേധിക്കുന്ന തരത്തിലുള്ള വിട്ടുകൊടുക്കലിലും ബ്രിട്ടൺ തയാറല്ല. മല്യയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.

മല്യ സ്വമനസാലേ ഇന്ത്യയിൽ ചെന്നില്ലെങ്കിൽ ബ്രിട്ടണിൽ നിന്ന് പതിവു രീതിയിലൂടെ ഇന്ത്യയ്ക്ക് മല്യയെ വിട്ടുകിട്ടുകയെന്നത് നടക്കുന്ന കാര്യമല്ല എന്നു തന്നെയാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നതും.