- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതീവ വിശ്വസ്തരായി കൂടെ ചേർക്കുന്ന പൊലീസ് ഓഫീസർമാരെല്ലാം ഒരു ഘട്ടം കഴിയുമ്പോൾ പിണങ്ങി മാറുന്നത് എങ്ങനെ? ജേക്കബ് തോമസ് ശത്രുവായെങ്കിൽ തച്ചങ്കരിയെ പോലുള്ളവർ മൗനത്തിൽ; ഏറ്റവും ഒടുവിൽ നാടുവിടുന്നത് വിശ്വസ്തനായ വിജയ് സാഖറെ
തിരുവനന്തപുരം: കേന്ദ്രസർക്കാറുമായി പലകാര്യങ്ങളിൽ ഏറ്റുമുട്ടലിന്റെ പാതയിലാണ് സംസ്ഥാന സർക്കാർ. ഇഡിക്കെതിരെ നിയമ പോരാട്ടം നടത്തുമ്പോൾ തന്നെ സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികളുമായി കൊമ്പു കോർക്കുന്ന അവസ്ഥയുമുണ്ട്. ഇത്തരത്തിൽ സംസ്ഥാനവും കേന്ദ്രവും ഏറ്റുമുട്ടുന്ന വഴിയിൽ പോകുമ്പോൾ കേരളത്തിൽ നിന്നും എങ്ങനെയെങ്കിലും നാടുവിടുന്ന ഐപിഎസ്, ഐഎഎസുകാരുടെ എണ്ണവും കൂടി വരികയാണ്. ശിവശങ്കരൻ എപ്പിസോഡിന് ശേഷം ശക്തമായി കേരളത്തിൽ തീരുമാനങ്ങൾ എടുക്കുന്ന ഉദ്യോഗസ്ഥരും കുറവാണ്. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കേയാണ് പിണറായി സർക്കാറിന്റെ അതിവിശ്വസ്തരായ പൊലീസ് ഉദ്യോഗസ്ഥരും മറുകണ്ടം ചാടുന്നത്.
മുൻകാലങ്ങളിലും ഇത് തന്നെയായിരുന്നു അവസ്ഥ. ഒരിക്കൽ പിണറായിയുടെ വിശ്വസ്തനായിരുന്ന ജേക്കബ് തോമസ് പിന്നീട് അദ്ദേഹത്തിന്റെ ഒന്നാം നമ്പർ ശത്രുവായി. ടോമിൻ തച്ചങ്കരി ആകട്ടെ മൗനത്തിലുമാണ്. ഇതിനിടെയാണ് സർക്കാറിന്റെ ഏറ്റവും വിശ്വസ്തരായ പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളായ എ.ഡി.ജി.പി. വിജയ് സാഖറെ കേന്ദ്ര ഡെപ്യൂട്ടേഷന് അപേക്ഷനൽകിയിരിക്കുന്നത്.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ജനറലിന്റെ ചുമതലയിൽ പോകാനാണ് അപേക്ഷ സമർപ്പിച്ചത്. സർക്കാരിന്റെ പരിഗണനയിലുള്ള അപേക്ഷയിൽ വിടുതൽനൽകാൻ മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്. സംസ്ഥാന പൊലീസിലെ ക്രമസമാധാനപാലനച്ചുമതലയുള്ള ഉദ്യോഗസ്ഥനാണ് വിജയ് സാഖറെ. അദ്ദേഹം പല നിർണായക കേസുകളുടെയും അന്വേഷണ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് താനും.
കൊച്ചി കമ്മിഷണറായിരിക്കെ എ.ഡി.ജി.പി.യായി സ്ഥാനക്കയറ്റം ലഭിച്ചാണ് വിജയ് സാഖറെ ക്രമസമാധാനച്ചുമതലയിലേക്ക് എത്തിയത്. സമീപകാലത്ത് ക്രമസമാധാനപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പൊലീസിനെതിരേ ആക്ഷേപങ്ങൾ ഉയർന്നപ്പോൾ പൊലീസ് മേധാവിക്കെതിരേയും ക്രമസാമാധാനച്ചുമതലയുള്ള എ.ഡി.ജി.പി.ക്കെതിരേയും വിമർശനങ്ങളുയർന്നു.
എസ്ഡിപിഐ- ബിജെപി പ്രവർത്തകരുടെ കൊലപാതക കേസുമായി ബന്ധപ്പെട്ടു വിമർശനങ്ങൾ സാഖറെ നേരിട്ടു. എകെജി സെന്റർ ആക്രമണത്തിലെ പ്രതിയെ പിടികൂടാത്തതും മറ്റൊരു കാരണമായി മാറി. ഇതിനു പിന്നാലെയുണ്ടായ അതൃപ്തിയാണ് വിജയ് സാഖറെ ഡെപ്യൂട്ടേഷൻ അപേക്ഷനൽകാൻ കാരണമെന്നാണ് വിവരം.
ക്രമസമാധാന എ.ഡി.ജി.പി. ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഡെപ്യൂട്ടേഷനിൽപോയാൽ തലപ്പത്ത് അഴിച്ചുപണിയുണ്ടായേക്കും. നിലവിൽ സേനയ്ക്കുപുറത്തുള്ള ഒരു എ.ഡി.ജി.പി. ക്രമസമാധാനപാലനച്ചുമതലയിലേക്ക് എത്തുമെന്നാണ് വിവരം. ഇടക്കിടെ സേനയിൽ ഉണ്ടാകുന്ന അഴിച്ചുപണിയിൽ സേനക്കുള്ളലും അതൃപ്തി ശക്തമാണ്.
ചില ഐഎഎസുകാരും നാടുവിടാനുള്ള തയ്യാറെടപ്പിലാണ്. തിരുവനന്തപുരം കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ നവ് ജോത് ഖേസയും കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയേക്കും. ഖോസ സ്വന്തം സംസ്ഥാനമായ പഞ്ചാബിലേക്കു മടങ്ങാൻ അന്തർ സംസ്ഥാന ഡെപ്യൂട്ടേഷന് അപേക്ഷിച്ചിട്ടുണ്ട്. ചിത്രയും ഖോസയുമടക്കം മൂന്ന് ഐ.എ.എസ്. ഉദ്യോഗസ്ഥർക്കാണു മാറ്റം. പൊലീസിൽ സർക്കാരിന്റെ വിശ്വസ്തർ പോലും ഡെപ്യൂട്ടേഷൻ ശ്രമിക്കുന്നുവെന്നതാണ് വസ്തുത.
തീവ്രവാദവിരുദ്ധ സ്‌ക്വാഡ് തലവൻ ഐ.ജി: അനൂപ് കുരുവിള ജോൺ, സുരക്ഷാവിഭാഗം ഐ.ജി: അശോക് യാദവ്, തൃശൂർ കമ്മിഷണർ ആർ. ആദിത്യ എന്നിവരും കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയേക്കുമെന്ന് വാർത്തതൾ ഉണ്ടായിരുന്നു. അനൂപ് കുരുവിള സിബിഐയിലോ റോയിലോ ആകും നിയോഗിക്കപ്പെടുക. അശോക് യാദവിനു യു.എന്നിലും ആദിത്യയ്ക്കു ടെക്‌നിക്കൽ ഇന്റലിജൻസ് വിഭാഗമായ എൻ.ഡി.ആർ.ഒയിലും നിയമനം ലഭിച്ചേക്കും. കേരളത്തിൽ അടിക്കടി നടക്കുന്ന സ്ഥലമാറ്റമാണ് ഇതിനെല്ലാം കാരണം.
കേന്ദ്ര സർവീസിൽനിന്നു മടങ്ങിയെത്തിയ ഡി.ഐ.ജി: അജിതാ ബീഗം ഉപരിപഠനത്തിനു പോകുകയാണ്. പി.ആർ.ഡി. ഡയറക്ടർ ജാഫർ മാലിക്കിനു കുടുംബശ്രീ ഡയറക്ടറുടെ അധികച്ചുമതല നൽകി. എൻ. ദേവീദാസാണു മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ പുതിയ ഡയറക്ടർ. അന്തർ സംസ്ഥാന ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ കേരളത്തിൽ വിവിധ തസ്തികകളിൽ പ്രവർത്തിക്കുന്ന ഐ.ജി, ഡി.ഐ.ജി, എസ്‌പി. റാങ്കിലുള്ള ഉദ്യോഗസ്ഥരെ കേന്ദ്ര സർവീസിലേക്കു മടക്കിവിളിക്കും.
മറുനാടന് മലയാളി ബ്യൂറോ