- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളും ആസൂത്രിതം; പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചു; അറസ്റ്റ് ഉടനെന്ന് എഡിജിപി വിജയ് സാഖറെ; രണ്ട് കേസും അന്വേഷിക്കുന്നത് രണ്ട് പ്രത്യേക സംഘങ്ങൾ; ശ്രീനിവാസൻ വധക്കേസിൽ അന്വേഷണം പുരോഗമിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി
പാലക്കാട്: പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളിൽ അന്വേഷണം പുരോഗമിക്കുന്നു. രണ്ട് കൊലപാതക കേസിലെയും പ്രതികളെ കുറിച്ച് കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. രണ്ട് കൊലപാതകങ്ങളും ആസൂത്രിതമാണെന്ന് എഡിജിപി വിജയ് സാഖറെ വ്യക്തമാക്കി. രണ്ടു കേസുകളിലെ പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എ.സുബൈർ (43) വധക്കേസ് പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികൾ നിരീക്ഷണത്തിലാണെന്നും ഉടൻ പിടിയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് കേസും അന്വേഷിക്കുന്നത് രണ്ട് പ്രത്യേക സംഘമാണ്. ഒരു തരത്തിലുമുള്ള വീഴ്ചകളും ഇല്ലാതെ അന്വേഷണം പൂർത്തിയാക്കും. വളരെ വേഗത്തിൽ രണ്ട് കേസിലുമുള്ള പ്രതികളെ പിടികൂടാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീനിവാസൻ വധക്കേസിൽ സി.സി.ടി.വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാൻ നാല് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.
പാലക്കാട് നടന്ന രണ്ട് കൊലപാതകങ്ങളും ആസൂത്രിതമാണെന്നും രണ്ട് കൊലപാതകങ്ങൾക്ക് പിന്നിലും വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എലപ്പുള്ളിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ജുമുഅ നിസ്കാരത്തിനുശേഷം പിതാവിനൊപ്പം ബൈക്കിൽ മടങ്ങുകയായിരുന്നു സുബൈർ. ഈ സമയം കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം വീണ് കിടന്ന സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ശനിയാഴ്ച ഉച്ചയോടെ ആർഎസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസൻ. കടയുടെ ഉള്ളിൽ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ ബൈക്കുകളിലായെത്തിയ ആറംഗ സംഘം ആക്രമിച്ചെന്നാണ് ദൃക്സാക്ഷി പറഞ്ഞത്. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം. ആക്രമണത്തിന് ഇവരെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി. എല്ലാവരുടെയും കൈകളിൽ വാളുകളുണ്ടായിരുന്നു. കടയിൽ കയറിയ സംഘം ഒന്നും പറയാതെ ശ്രീനിവാസനെ തുരുതുരാ വെട്ടിപരിക്കേൽപ്പിച്ചെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ