കോതമംഗലം: സർപ്പപൂജയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്തതായുള്ള പരാതിയിൽ പൊലീസ് നടപടി നേരിടുന്ന ചെറുവട്ടൂർ സ്വദേശി ഉണ്ണിക്കൃഷ്ണൻ, പുറത്തുപറയാൻ മാനക്കേടുള്ള പല കാര്യങ്ങളും ചെയ്യാൻ തന്നെ നിർബന്ധിച്ചതായും ഇതു സംബന്ധിച്ച് ഉടൻ വനിതാ കമ്മീഷനെ സമീപിക്കുമെന്നും പരാതിക്കാരി. ഉണ്ണികൃഷ്ണന് കോടതി ജാമ്യമനുവദിച്ചിട്ടുണ്ടെന്നും നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നുമാണ് ഇക്കാര്യത്തിൽ പൊലീസ് നിലപാട്.

കോതമംഗലം കീരംപാറ കുന്നുംപുറത്ത് രവിയുടെ ഭാര്യ വിജയകുമാരിയുടെ പരാതിയെത്തുടർന്നാണ് ചെറുവട്ടൂർ മാടശ്ശേരി ഉണ്ണികൃഷ്ണനെതിരെ കോതമംഗലം പൊലീസ് കേസെടുത്തിട്ടുള്ളത്. കുടുംബത്തിന് നേരിട്ടിട്ടുള്ള സർപ്പദോഷം മാറ്റി നൽകാമെന്ന് വിശ്വസിപ്പിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നിൽ നിന്നും ഉണ്ണിക്കൃഷ്ണൻ ലക്ഷക്കണക്കിന് രൂപയും വസ്തുവകകളും തട്ടിയെടുത്തതായാണ് വിജയകുമാരി പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. പൂജയുടെ ഫലം പൂർണ്ണമാവുന്നതിന് തീർത്ഥജലം കൊണ്ട് ദേഹശുദ്ധി വരുത്തണമെന്നും ഇതിനായി നഗ്നയായി നിൽക്കണമെന്നും ആവശ്യപ്പെട്ട ഇയാൾ പൂജയുടെ ആവശ്യത്തിലേക്കെന്ന് വിശ്വസിപ്പിച്ച് തന്നെ മറ്റു പലതിനും നിർബന്ധിച്ചെന്നും വിജയകുമാരി അറിയിച്ചു.

ഇഷ്ടക്കാർക്ക് സമ്മാനിക്കാൻ ഇയാൾ തന്റെ പണം മുടക്കി പതിനഞ്ചു ജോഡി ഷർട്ടും മുണ്ടും അത്ര തന്നെ സാരിയും അടിപ്പാവാടയും കൂടാതെ ഒരാടും ആട്ടിൻകുട്ടിയും ചാക്ക് കണക്കിനു പച്ചക്കറിയും സ്വന്തമാക്കിയെന്ന് ഇവർ വെളിപ്പെടുത്തി. പലപ്പോഴായി തുണിത്തരങ്ങൾ വാങ്ങിയ വകയിൽ നെല്ലിക്കുഴിയിലെയും കോതമംഗലത്തെയും ചെറുവട്ടൂരിലെയും വ്യാപാരസ്ഥാപനത്തിൽ ഇയാൾ നിർദ്ദേശിച്ചതനുസരിച്ച് നാൽപ്പതിനായിരത്തോളം രൂപ നൽകിയെന്നും സ്വർണം വാങ്ങിയ വകയിൽ നഗരത്തിലെ ജ്വലറിയിൽ ഇയാൾ നൽകാനുണ്ടായിരുന്ന 3000 രൂപ തന്നോട് നൽകാൻ ആവശ്യപ്പെട്ടെന്നും ഇതു താൻ നൽകിയെന്നും വിജയകുമാരി പറഞ്ഞു.

ദോഷപരിഹാര പൂജകൾക്കെന്ന് വിശ്വസിപ്പിച്ച്് ഉണ്ണിക്കൃഷ്ണൻ വിവിധ സ്ഥാപനങ്ങളിൽ നിന്നും സാധന സാമഗ്രികൾ വാങ്ങുകയും ഇയാളുടെ നിർദ്ദേശ പ്രകാരം സ്ഥാപന നടത്തിപ്പുകാർ തന്നെ മൊബൈലിൽ ബന്ധപ്പെട്ട് പണം ആവശ്യപ്പെടുകയും താൻ ഇത് എത്തിച്ചുനൽകുകയും ചെയ്‌തെന്നും വിജയകുമാരി പറഞ്ഞു. രണ്ടു വർഷം മുമ്പ് പുതിയ വീട് നിർമ്മിച്ചതോടെ കുടുംബത്തിലുണ്ടായ പ്രശ്‌നപരിഹാരത്തിനായി പരിചയക്കാരിൽ ചിലർ നിർദ്ദേശിച്ചതനുസരിച്ചാണ് ചിറ്റേക്കാട്ട് കാവിലെ പൂജാരിയായ ഉണ്ണികൃഷ്ണനെ കണ്ടത്.

വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കിയ ശേഷം ഇയാൾ വീട്ടിലെത്തി.വാതിൽപ്പടിയിൽ അല്പനേരം കണ്ണടച്ചുനിന്നു. ഇതിനുശേഷം വീട്ടിൽ ശക്തമായ സർപ്പദോഷമുണ്ടെന്നും ഇത് പരിഹരിക്കാൻ ഒരു ശ്രീകോവിൽ വാങ്ങി തന്റെ വീട്ടിൽ വയ്ക്കണമെന്നും ഇതിന് അടിന്തരമായി ഒന്നര ലക്ഷം രൂപ വേണമെന്നും ദോഷം ഉടൻ പരിഹരിച്ചില്ലങ്കിൽ ഭർത്താവും മൂത്തമകനും മരണപ്പെടുമെന്നും ഇയാൾ വ്യക്തമാക്കി. ഇതേത്തുടർന്ന് രണ്ടുതവണയായി ഒരു ലക്ഷത്തി നാൽപ്പതിനായിരം രൂപ നൽകി.

പണം നൽകിയ വിവരം പുറത്തുപറഞ്ഞാൽ ഫലം പോകുമെന്നുള്ള ഇയാളുടെ നിർദ്ദേശത്തെത്തുടർന്ന് കുടുബത്തിലെ മറ്റാരോടും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല. പരിചയക്കാരോടും മറ്റും കടം വാങ്ങിയാണ് ഉണ്ണികൃഷ്ണന് പണം നൽകിയത്. ഇനിയും പണം വേണമെന്ന് ആവശ്യപ്പെടുകയും താമസിക്കുന്ന വീട് പൊളിച്ചു നീക്കിയാലെ പ്രശ്‌നങ്ങൾ ശാശ്വതമായി പരിഹരിക്കപ്പെടുകയുള്ളവെന്നും മറ്റുമുള്ള ഉണ്ണികൃഷ്ണന്റെ വാക്കുകൾ വല്ലാതെ വിഷമിപ്പിച്ചു, വിജയകുമാരി പറഞ്ഞു.

പിന്നീട് താൻ ആമേട ക്ഷേത്രത്തിൽ പോയി താന്ത്രിക വിദ്യയിൽ പ്രാവിണ്യമുള്ളവരുമായി തന്റെ പ്രശ്‌നങ്ങൾ ചർച്ചചെയ്തു. ഇവരുടെ നിഗമനത്തിൽ തന്റെ വീട്ടിൽ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി. ഇതേത്തുടർന്നാണ് താൻ ഉണ്ണികൃഷ്ണനെതിരെ പൊലീസിനെ സമീപിച്ചതെന്നും അവർ വ്യക്തമാക്കി. ഇതിനിടെ പരാതി രമ്യമായി പരിഹരിക്കുന്നതിന് ക്ഷേത്രകമ്മറ്റിയുടെ നേതൃത്വത്തിൽ ഒത്തുതീർപ്പുശ്രമങ്ങൾ നടന്നെങ്കിലും ഫലവത്തായില്ല. തനിക്ക് ചെലവായ തുക മുഴുവൻ മടക്കി നൽകിയാൽ കേസ്സ് നടപടികളിൽ നിന്നും പിന്മാറാമെന്നാണ് ഇപ്പോൾ പരാതിക്കാരിയുടെ നിലപാട്.