തിരുവനന്തപുരം: വയനാട്ടിൽ ഭൂമി വിവാദത്തിൽ പെട്ട സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകരയെ മാറ്റി.കെ.രാജൻ എം.എൽഎയ്ക്കാണ് പകരം ചുമതല. പാർട്ടി ജില്ലാ കൗൺസിൽ യോഗത്തിലാണ് തീരുമാനം. മാറി നിൽക്കാനുള്ള തീരുമാനം വിജയൻ ചെറുകര സ്വയം എടുത്തതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. എല്ലാം സംഭവങ്ങളിലും സിപിഐ പ്രവർത്തകർ ജാഗ്രത പുലർത്തണം.സിപിഐ എടുക്കുന്ന രാഷ്ട്രീയ നിലപാട് മറ്റുപാർട്ടികളുടെ പോലെയല്ലെന്നും കാനം രാജേന്ദ്രന്പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസാണ് വയനാട്ടിൽ മിച്ചഭൂമി സ്വകാര്യ ഭൂമിയാക്കുന്ന ഇടനിലക്കാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും മറിമായം തുറന്നുകാട്ടിയത്. ഇടനിലക്കാർ മുതൽ ഉന്നത ഉദ്യോഗസ്ഥരും ഭരണകക്ഷിയിലെ നേതാക്കളും വരെ നീളുന്നതാണ് ഈ റാക്കറ്റ്. ഇതിൽ വിജയൻ ചെറുകരയുടെ പങ്കും പുറത്തുവന്നിരുന്നു.

മിച്ചഭൂമി സ്വകാര്യ ഭൂമിയാക്കുന്ന മാഫിയ ഉണ്ടെന്ന് അറിഞ്ഞാണ് മാനന്തവാടിയിലെ ബ്രോക്കർമാരിലേക്ക് അന്വേഷണം എത്തിയത്.റിസോർട്ട് വാങ്ങിക്കാനെന്ന വ്യാജേന സമീപിച്ചപ്പോൾ കുറുമ്പാലക്കോട്ടയിൽ നാലരയേക്കർ മിച്ചഭൂമി അടക്കം പത്തൊമ്പതരയേക്കർ വിൽക്കാനുണ്ടെന്ന് അറിയിച്ചു.സ്ഥലം കണ്ടപ്പോൾ ബ്രോക്കർ പറഞ്ഞത് ഇങ്ങനെ: 'വേലി കെട്ടിയതുകൊണ്ട് ഇതിനകത്ത് പെട്ടെന്നൊന്നും കയറാൻ പറ്റില്ല.മിച്ചഭൂമിയെന്നല്ല ഏതുഭൂമിയെന്ന് പറഞ്ഞാലും പെട്ടെന്ന കയറാൻ സാധിക്കില്ല.മിച്ചഭൂമിയുണ്ടോയെന്ന് ഉറപ്പിക്കാൻ കോട്ടത്തറ വില്ലേജ് ഓഫീസിലേക്ക് പോയി.മിച്ചഭൂമി മാറ്റിയിട്ടാൽ മാത്രമേ ശരിയാകൂ 'എന്നായിരുന്നു വില്ലേജ് ഓഫീസറുടെ പ്രതികരണം.

മിച്ചഭൂമിക്ക് രേഖയുണ്ടെന്ന് ഉറപ്പാക്കിയാൽ സ്ഥലം വാങ്ങാൻ കഴിയുമെന്ന വ്യക്തമായി.ഇതോടെ ഇതിനുള്ള ഇടനിലക്കാരനെ കുറിച്ചുള്ള വിവരങ്ങൾ ബ്രോക്കർമാരിൽ നിന്ന് കിട്ടി.പടിഞ്ഞാറേത്തറ കുഞ്ഞുമുഹമ്മദായിരുന്നു ഇടനിലക്കാരൻ.20 ലക്ഷം മുടക്കാമെങ്കിൽ ശരിയാക്കാമെന്നായിരുന്നു അയാളുടെ പ്രതികരണം.തുടർന്ന് ഡപ്യൂട്ടി കളക്ടർ ടി.സോമനാഥിന്റെ ഓഫീസിലേക്ക് കുഞ്ഞുമുഹമ്മദ്കൂട്ടിക്കൊണ്ടുപോയി.ഒരു പതിനായിരം രൂപ വേണമെന്നും ഓഫീസിൽ വച്ചു വേണ്ടെന്നും ഡപ്യൂട്ടി കളക്ടർ.പിന്നീട് ഡപ്യൂട്ടി കളക്ടർക്ക് തുക പുറത്ത് വച്ച് കൈമാറുന്നു.

കോഴിക്കോട്ടെ ഹോട്ടൽ മുറിയിൽ ബ്രോക്കർമാരുടെ സാന്നിധ്യത്തിൽ ഉടമകൾക്ക് 10000 രൂപ ടോക്കൺ നൽകി കച്ചവടം ഉറപ്പിച്ചു.മിച്ചഭൂമിയടക്കം ഏക്കറിന് 12 ലക്ഷത്തി എഴുപത്തിയയ്യായിരം രൂപയ്ക്ക് കച്ചവടം.തുടർന്ന് സിപിഐ എക്സിക്യൂട്ടീവ് അംഗം പിജെ.ബാബുവിനെ കാണാൻ വേണ്ടി ഇടനിലക്കാരൻ നിർദ്ദേശിച്ചു. വേണ്ട സഹായങ്ങൾ താൻ പറഞ്ഞുതരാമെന്നായിരുന്നു പാർട്ടി അംഗത്തിന്റെ മറുപടി.ബാക്കിയുള്ള കാര്യങ്ങൾ പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞ് പിരിഞ്ഞു.അഞ്ചുദിവസം കഴിഞ്ഞപ്പോൾ സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകരയെ കാണാൻ കുഞ്ഞുമുഹമ്മദ് കൂട്ടിക്കൊണ്ടുപോയി.

വിജയൻ ചെറുകരയുടെ പ്രതികരണം ഇങ്ങനെ: 'മിച്ചഭൂമി വീട് വെക്കാൻ പതിച്ചുകൊടുക്കുന്നത് പോലെയല്ല ഇത്. നിങ്ങൾ റിസോർട്ടിനായി വരുന്നതോട് കൂടി തേനീച്ച് പൊതിയുന്ന മാതിരി ഇവന്മാർ നിങ്ങളെ വേട്ടയാടും. 'ആരാണ് വേട്ടയാടുന്നതെന്ന ചോദിച്ചപ്പോൾ റവന്യുക്കാരെ എന്നും നിങ്ങൾ അവിടെ നിൽക്കുന്നിടത്തോളം കാലം അവരെ തീറ്റിപോറ്റേണ്ടി വരുമെന്നും മറുപടി.എവിടെയങ്കിലും വ്ച്ച് ഇത് തീർക്കുന്നതായിരിക്കും നല്ലതെന്നും അല്ലെങ്കിൽ ഇങ്ങനെ കൊടുത്തുകൊണ്ടിരിക്കേണ്ടി വരുമെന്നും സിപിഐ ജില്ലാ സെക്രട്ടറി വിശദമാക്കി.മിച്ചഭൂമി റിസോർട്ട് കാരുടെ പേരിലാക്കാൻ ഇടപെടാമെന്നും വിജയൻ ചെറുകര വാഗ്ദാനം നൽകി.സോമനോട് സംസാരിക്കട്ടെ..പ്രൊസീഡ് ചെയ്തോളൂ എന്നും നിർദ്ദേശം നൽകി.പണം വാഗ്ദാനം ചെയ്തപ്പോൾ പിന്നീട് സംസാരിക്കാം..ആദ്യം കാര്യം നടക്കട്ടെയെന്നായിരുന്നു വിജയൻ ചെറുകരയുടെ പ്രതികരണം.തുടർന്ന് ഡപ്യൂട്ടി കളക്ടറുടെ വീട്ടിലെത്തി വാർത്താസംഘം കാണുകയും, അദ്ദേഹം ഫോണിൽ വിജയൻ ചെറുകരയുമായി ഫോണിൽ സംസാരിക്കുകയും ചെയ്യുന്നു.വേറെ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും രേഖയുണ്ടാക്കാൻ സമയമെടുക്കുമെന്നു ഡപ്യൂട്ടി കളക്ടർ.

ഓരോരുത്തർക്കും കൊടുക്കേണ്ട കൈക്കൂലിയും ഇടനിലക്കാരൻ കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി. വിജയൻ ചെറുകരയ്ക്ക് 10 ലക്ഷം.തിരുവനന്തപുരത്തടക്കം ശരിയാക്കുന്നത് വിജയൻ. സോമനാഥന് 10 ലക്ഷം.തുടർന്ന് ഇതിന്റെ ആദ്യ ഗഡുവും വാങ്ങി.എല്ലാം മുകളിൽ നിന്നുള്ള ഉത്തരവെന്ന വരുത്തിതീർക്കാൻ മിച്ചഭൂമി പ്രശ്നമുള്ളതിനാൽ കരം അടയ്ക്കാൻ റവന്യു മന്ത്രിക്ക് അപേക്ഷ നൽകാൻ ഡപ്യൂട്ടി കളക്ടർ നിർദ്ദേശിച്ചു.കുഞ്ഞുമുഹമ്മദ് സംഘത്തെ കൂട്ടി തിരുവനന്തപുരത്ത് എം.എൻ.സ്മാരകത്തിലെത്തി.സെക്രട്ടേറിയറ്റിലേക്ക് പാസ് തരപ്പെടുത്താനാണ് എം.എൻ.സ്മാരകത്തിലെത്തിയത്.തുടർന്ന് റവന്യു മന്ത്രിയുടെ ഓഫീസിലെത്തി അപേക്ഷ നൽകി.പിന്നീട് അപേക്ഷ വയനാട് കളക്ടർക്ക് കൈമാറിയെന്ന് മറുപടി റവന്യു മന്ത്രിയുടെ ഓഫീസിൽ നിന്ന് കിട്ടി.സംഭവത്തിൽ സമഗ്രാന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.