ഡൽഹി:പ്രൊഫഷണൽ ബോക്‌സിങ്ങിൽ ഇന്ത്യൻ താരം വിജേന്ദർ സിങ്ങിന് ആദ്യ കിരീടം. ആസ്‌ട്രേലിയൻ ബോക്‌സർ കെറി ഹോപ്പിനെ ഇടിച്ചിട്ടാണ് ഇന്ത്യൻ താരം ഏഷ്യാ പെസഫിക്ക് ബോക്‌സിങ്ങ് കിരീടം സ്വന്തമാക്കിയത്. രാജ്യത്തെ ബോക്‌സിങ്ങ് ഹീറോയെ പിന്തുണയ്ക്കാനായി ഡൽഹി ത്യാഗരാജ സ്‌റ്റേഡിയത്തിലെത്തി അയ്യായിരത്തോളം ആരാധകരെ ആവേശത്തിലാഴ്‌ത്തിയ പോരാട്ടം തന്നെയാണ് വിജേന്ദർ കാഴ്ചവച്ചത്.

ഏഷ്യാ പെസഫിക് സൂപ്പർ മിഡിൽവെയ്റ്റ് വിഭാഗം കിരീടമാണ് വിജേന്ദർ സ്വന്തമാക്കിയത്.ഇന്നലത്തേത് പ്രൊഫഷണൽ ബോക്‌സിങ്ങിൽ വിജേന്ദർ സിങ്ങിന്റെ ഏഴാമത്തെ മത്സരമായിരുന്നു. എല്ലാ മത്സരങ്ങളും വിജയിച്ച വിജേന്ദർ പ്രൊഫഷണൽ ബോക്‌സിഹ്ങിലെ തന്റെ അപരാജിത മുന്നേറ്റം ഡൽഹിയിയിലും തുടർന്നു. മത്സരത്തിന്റെ തീയതി തീരുമാനിച്ചത് മുതൽ വിജേന്ദറിനെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് കെറി ഹോപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്നാൽ തന്റെ വീര്യമെല്ലാം റിങ്ങിലാണ് ഇന്ത്യൻ താരം പുറത്തെടുത്ത്.

പ്രൊഫഷണൽ ബോക്‌സിങ്ങിൽ പങ്കെടുത്ത എല്ലാ മത്സരത്തിലും എതിരാളിയെ ഇടിച്ച് വീഴ്‌ത്തി നോക്കൗട്ട് വിജയങ്ങളാണ് നേടിയതെങ്കിലും ഇന്നലെ 8 റൗണ്ടും കഴിഞ്ഞാണ് വിജയിയെ തീരുമാനിച്ചത്. ഇടങ്കൈ പഞ്ചുകൾ കൊണ്ട് എതിരാളികളെ നിഷ്പ്രഭരാക്കുന്ന കെറി ഹോപ്പിനെ കരുതലോടെ നേരിട്ട വിജേന്ദർ 6ാം റൗണ്ടിൽ സമ്പൂർണ ആധിപത്യം പുലർത്തുകയായിരുന്നു. മത്സരത്തിലെ മൂന്നു ജഡ്ജുമാരും വിധി എഴുതി കഴിഞ്ഞപ്പോൾ 274നെതിരെ 296 പോയന്റ് സ്വന്തമാക്കിയാണ് വിജേന്ദർ വിജയ പീഠമണിഞ്ഞത്.

ത്യാഗരാജ സ്റ്റേഡിയത്തിലെ നിറഞ്ഞ ഗ്യാലറിയിൽ മത്സരം കാണാനെത്തിയ വിഐപികളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം യുവ്രാജ് സിങ്ങ്, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഐപിഎൽ മുൻ ചെയർമാൻ രാജീവ് ശുക്ല എന്നിവരടങ്ങിയ നീണ്ട നിരയെ വിജേന്ദർ നിരാശപ്പെടുത്തിയില്ല.

പ്രൊഫഷണൽ ബോക്‌സിങ്ങ് കരിയറിൽ മത്സരിക്കാൻ തുടങ്ങിയ ശേഷം ആദ്യമായാണ് വിജേന്ദർ സ്വന്തം നാട്ടിൽ മത്സരിക്കുന്നത്. ഇന്ത്യയിൽ പ്രൊഫഷണൽ ബോക്‌സിങ്ങ് നടകക്കുന്നതും ഇത് ആദ്യമാണ്. മത്സരത്തിൽ ഇടയ്ക്ക് വിജേന്ദർ ഹോപ്പിന്റെ ഇടികൊണ്ട് വീണപ്പോൾ സ്‌റ്റേഡിയം നിശ്ചലമായെങ്കിലും ചിരിയോടെ ചാടി എണീറ്റ വിജേന്ദർ സിങ്ങിനെ ജയ് വിളികളോടെയാണ് കാണികൾ സ്വീകരിച്ചത്.

ഇന്ത്യൻ പതാകകളും ഭാരത് മാതാ കി ജയ് വിളികളും നിറഞ്ഞ് നി്ന്ന സ്റ്റേഡിയത്തിൽ വിജേന്ദർ സിങ്ങിന്റെ വിജയ വാർത്തയെത്തിയപ്പോൾ സിങ്ങ് ഈസ് കിങ്ങ് വിളികളോടെയാണ് കാണികൾ അത് ആഘോഷിച്ചത്. മത്സരത്തിലെ വിജയം തന്റേതല്ലെന്നും അത് രാജ്യത്തിന്റെ വിജയമാണെന്നും അവസാനം നമ്മൾ അത് നേടി എന്നുമായിരുന്നു വിജേന്ദറിന്റെ പ്രതികരണം.