വിളപ്പിൽശാല: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ രണ്ടര വർഷത്തോളം പീഡിപ്പിച്ചത് പെൺവാണിഭ സംഘത്തിലെ സ്ഥിരം കണ്ണികളെന്നു സൂചന. കാവിൻപുറം ലക്ഷ്മീവിലാസത്തിൽ വിഷ്ണുസാഗർ പെൺകുട്ടിയെ പ്രണയംനടിച്ച് വശത്താക്കുകയും പിന്നീട് പെൺവാണിഭ സംഘം വലയിലാക്കുകയുമാണുണ്ടായത്. ഈ പെൺവാണിഭ സംഘത്തെ നയിച്ചിരുന്നത് തലസ്ഥനത്തെ പ്രമുഖ സീരിയിൽ നടിയാണെന്നാണ് സൂചന. ഈ നടിയുടെ വീട് കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം ഉണ്ടായിരുന്നു. ഇവിടെ വച്ചും നിരവധി പേർക്ക് പെൺകുട്ടിയെ കാഴ്ച വച്ചതായാണ് സൂചന. പെൺകുട്ടിയുടെ പിതാവ് മോഷണക്കേസിൽ ശിക്ഷ അനുഭവിച്ച് വരവെ ജയിലിൽ വച്ച് മരിച്ചിരുന്നു. മാതാവ് കഞ്ചാവ് കേസിൽപ്പെട്ട് ജയിലിൽ കഴിയുമ്പോഴാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്.

കേസിൽ അഞ്ചുപേരെയാണ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്. പെൺകുട്ടിയുടെ വീട്ടിലെ സാമ്പത്തികബുദ്ധിമുട്ടുകൾ മുതലെടുത്താണ് പ്രതികൾ കുട്ടിയെ ചൂഷണംചെയ്തത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ കിട്ടിയത്. മലയിൻകീഴ് കുറ്റിക്കാട് വത്സലാഭവനിൽ വാടകയ്ക്കു താമസിക്കുന്ന ശ്രീകല(40), ഇവരോടൊപ്പം താമസിക്കുന്ന വെള്ളനാട് സ്വദേശി സുമേഷ്(26), ഓട്ടോഡ്രൈവർ മാറനല്ലൂർ ചീനിവിള കിഴക്കുംകര പുത്തൻവീട്ടിൽ സദാശിവൻ(64), അരുവിപ്പാറ സനൂജാ മൻസിലിൽ ഷാഹിതാബീവി(45) എന്നിവർ ചേർന്ന് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പലർക്കായി വിട്ടുകൊടുത്തുവെന്ന് പൊലീസ് പറഞ്ഞു. ശ്രീകലയാണ് പെൺകുട്ടിയെ കാമുകനായ വിഷ്ണുസാഗറിന്റെ സഹായത്തോടെ എത്തിച്ചിരുന്നത്. അതിന് ശേഷമായിരുന്നു പീഡകർക്ക് നൽകിയത്. സീരിയിൽ നടിയായിരുന്നു പ്രധാനമായും പെൺകുട്ടിയെ ഉപയോഗിച്ചത്. ഇവർ ഇപ്പോൾ ഒളിവിലാണ്.

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച വിഷ്ണുസാഗർ, പിന്നീട് വാക്കുമാറി മറ്റൊരു വിവാഹത്തിനൊരുങ്ങി. ഇതിനിടയിൽ പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞ വീട്ടുകാരോട് വിഷ്ണുവിന്റെ പേരിൽ കേസ് കൊടുക്കാൻ മറ്റു പ്രതികൾ നിർദേശിച്ചു. മറ്റുള്ളവർ പീഡിപ്പിച്ച വിവരം പൊലീസിൽനിന്നു മറച്ചുവയ്ക്കാനും പ്രതികൾ ആവശ്യപ്പെട്ടു. ഇതിനായി വീട്ടുകാരിൽ സമ്മർദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായായിരുന്നു കേസ്. എന്നാൽ അന്വേഷണത്തിലാണ് പെൺവാണിഭ സംഘത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. വിളപ്പിൽശാല, മലയിൻകീഴ്, നെടുമങ്ങാട്, നെയ്യാറ്റിൻകര എന്നിവിടങ്ങളിലും അറസ്റ്റിലായവരുടെ വാടകവീട് കേന്ദ്രീകരിച്ചുമായിരുന്നു പീഡനം. തുടരന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചതായി നെടുമങ്ങാട് ഡിവൈ.എസ്‌പി. എ.കെ.ദിനിൽ പറഞ്ഞു.

വിളപ്പിൽശാല പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽതന്നെ പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയിരുന്നു. തുടർന്നു പെൺകുട്ടിയെ തിരുവനന്തപുരം ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി കൗൺസലിങ്ങിനു വിധേയയാക്കിയശേഷം വനിതാ എസ്.ഐയുടെ നേതൃത്വത്തിൽ ചോദിച്ചപ്പോഴാണ് മൂന്നുവർഷമായി പീഡനത്തിനിരയാകുന്നതായി വെളിപ്പെട്ടത്. ഇതോടെ കേസ് നെടുമങ്ങാട് ഡിവൈ.എസ്‌പി: കെ. ദിനിലിന് കൈമാറി. ഡിവൈ.എസ്‌പിയുടെ നിർദ്ദേശപ്രകാരം പുതിയ കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ പെൺകുട്ടിയുടെ മൊഴിയനുസരിച്ച് മുപ്പതിലധികംപേർ പ്രതികളാകുമെന്നാണ് സൂചന.

പെൺകുട്ടിയുടെ പതിനഞ്ചാം വയസുമുതൽ മലയിൻകീഴ്, വിളപ്പിൽശാല, നെയ്യാറ്റിൻകര, നെടുമങ്ങാട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ചു നിരവധി പേർക്കു കാഴ്ചവച്ചതായും ലോഡ്ജുകളിലും ആളൊഴിഞ്ഞ വീടുകളിലും പല വാണിഭസംഘങ്ങളുടെയും ഏജന്റുമാർ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നതായും പിടിയിലായ പ്രതികൾ സമ്മതിച്ചിട്ടുണ്ടെന്നു ഡിവൈ.എസ്‌പി. പറഞ്ഞു. മലയിൻകീഴ്, വിളപ്പിൽശാല, നെയ്യാറ്റിൻകര, നെടുമങ്ങാട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ വാണിഭ സംഘങ്ങൾക്ക് പെൺകുട്ടിയെ കൈമാറിയെന്ന് പിടിയിലായവർ സമ്മതിച്ചു.

കുട്ടിയെ പീഡിപ്പിച്ച കൂടുതൽ പേരിലേക്കും വാണിഭ സംഘങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. സംഘത്തിലെ പലരെയും ഇനിയും പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.