- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനായകനെ നോക്കി ഇളിച്ചോണ്ടിരുന്ന മാധ്യമ പ്രവർത്തകർക്ക് നല്ല നമസ്കാരമെന്ന് സന്ദീപ് വചസ്പതി; ആ വിഡ്ഡികൾ അതു കേട്ട് ഉറക്കെ ചിരിച്ച് പ്രസിദ്ധികരിക്കുമ്പോൾ കേരളത്തിലെ സ്ത്രീ സമൂഹം വാക്കാൽ വ്യഭിചരിക്കപ്പെടുന്നുവെന്ന് ഹരീഷ് പേരടി; വിനായകന്റെ പരാമർശത്തിൽ പ്രതിഷേധം കടുക്കുന്നു
കൊച്ചി: ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്ന നടൻ വിനായകന്റെ പരാമർശത്തിൽ പ്രതിഷേധം കടുക്കുന്നു. വിനായകന്റെ പരാമർശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതിയും നടൻ ഹരീഷ് പേരടിയും രംഗത്തെത്തി.
സന്ദീപ് വചസ്പതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
വാർത്താ സമ്മേളനം കവർ ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവർത്തകയോട് ലൈംഗിക ബന്ധത്തിന് താത്പര്യം ഉണ്ടോ എന്ന് സോദാഹരണ പ്രഭാഷണത്തിലൂടെ ചോദിച്ച നടൻ വിനായകനെ നോക്കി ഇളിച്ചോണ്ടിരുന്ന കൊച്ചിയിലെ മാധ്യമ പ്രവർത്തകർക്ക് നല്ല നമസ്‌കാരം. ആത്മാഭിമാനം എന്നത് നാട്ടുകാർക്ക് മാത്രം വേണ്ട ഒരു ഗുണമല്ലെന്ന് അറിയുന്ന ആരെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തുപോയി. 'കുല സ്ത്രീ' അല്ലാത്തതുകൊണ്ടാകും ഒപ്പമിരുന്ന നവ്യാ നായർക്കും അത് ക്ഷ പിടിച്ചു. 'തീ' ഉണ്ടാകേണ്ടത് സിനിമാ പേരിൽ മാത്രമല്ല എന്ന് ശ്രീമതി നവ്യാ നായരെ ഓർമ്മിപ്പിക്കട്ടെ. 'ഒരുത്തി'യുടെ സംവിധായകൻ വി കെ പ്രകാശിന്റെ പെർഫോമൻസ് കലക്കി,കിടുക്കി, തിമിർത്തു. വിനായകന് കിട്ടിയ പ്രോത്സാഹനം കണ്ടപ്പോൾ ഒരു കാര്യം മനസിലായി. സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ 'ഭദ്രമായ' കൈകളിൽ തന്നെ ആണ്. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടാത്തതിന്റെ കാരണവും ഇതോടെ പിടികിട്ടി. എജ്ജാതി പൊളിറ്റിക്കൽ കറക്റ്റനസ്.
സമൂഹമാധ്യമത്തിൽ പങ്കു വച്ച കുറിപ്പിലൂടെയാണ് ഹരീഷ് പേരടി അതിരൂക്ഷമായി വിനായകനെ വിമർശിച്ചത്.
ഹരീഷ് പേരടിയുടെ കുറിപ്പിൽനിന്ന്:
'ഒരുത്തൻ... അവന് സെക്‌സ് ചെയ്യാൻ താത്പര്യം തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോൾ അവൻ ചോദിക്കും... അത് അവൻ ഇനിയും ആവർത്തിക്കും... ഒരു പെണ്ണിന്റെ സ്വാതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും.. ഉത്തരം യെസ് ആയാലും നോ ആയാലും വാക്കാലുള്ള ബലാത്സംഗംഅവൻ ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറയുന്നു.
ഇത് കേൾക്കുന്ന, കാണുന്ന കേരളത്തിലെ മുഴുവൻ സ്ത്രീസമൂഹവും വാക്കാൽ വ്യഭിചരിക്കപ്പെടുന്നു. അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ അതിനെതിരെ ചാടിക്കടിക്കാൻ വരുന്ന ഡബ്ല്യുസിസിക്കും അവരുടെ പുരോഗമന മൂടുതാങ്ങികൾക്കും ഈ വഷളൻ ഇതു പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല. ആഹാ ഒരു പ്രത്യേകതരം ഫെമിനിസം. അന്തസ്സ്.. ഇവന് ചോദിക്കാൻ വേണ്ടി പടച്ചുണ്ടാക്കിയതാണ് ഇവിടെയുള്ള സ്ത്രീസമൂഹമെന്ന് പച്ചയ്ക്ക് പറഞ്ഞിട്ടും കേസെടുക്കാൻ പൊലീസുമില്ല. അടുത്ത വനിതാ മതിൽ നമുക്ക് വിനായകനെ കൊണ്ട് ഉത്ഘാടനം ചെയ്യിപ്പിക്കണം.
ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്നും അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നതെങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നുമാണ് നടൻ വിനായകൻ ഒരുത്തീ എന്ന സിനിമയുടെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിനിടെ പ്രതികരിച്ചത്. മീ ടൂ എന്നാൽ എന്താണെന്ന് തനിക്കറിയില്ലെന്നും നിങ്ങൾക്കറിയാമെങ്കിൽ പറഞ്ഞു തരണമെന്നും മാധ്യമപ്രവർത്തകരോട് വിനായകൻ പറഞ്ഞു.
''എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറിപ്പിടിക്കുന്നതാണോ? ഞാൻ ചോദിക്കട്ടെ, ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്തു ചെയ്യും? എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് ഞാനാണു ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടൂ എങ്കിൽ ഞാൻ ഇനിയും ചോദിക്കും. ഒരു സ്ത്രീയോട് സെക്‌സ് ചെയ്യണമെന്ന് തോന്നിയാൽ ഞാൻ നേരിട്ട് ചോദിക്കും. അപ്പോൾ അവർ മാന്യമായി എന്നോട് പറയും, 'നോ'. ഞാൻ വീണ്ടും ചോദിക്കുന്നു, എന്താണ് മീ ടൂ.?' - വിനായകൻ പറഞ്ഞു.
തന്റെ വിവാദ ഫേസ്‌ബുക് പോസ്റ്റുകളെക്കുറിച്ചും വിനായകൻ വിശദീകരിച്ചിരുന്നു.
''ഞാൻ പങ്കുവയ്ക്കുന്ന എല്ലാ പോസ്റ്റും ചില ആളുകൾ വിട്ടുകളയുന്ന കാര്യങ്ങളാണ്. ലക്ഷക്കണക്കിന് ആളുകൾ എന്നെ ഫോളോ ചെയ്യുന്നുണ്ട്. ഏതെങ്കിലും ഒരുത്തനു കൊള്ളാൻ വേണ്ടിയാണ് ഞാൻ പോസ്റ്റ് ഇടുന്നത്. കൊണ്ടു കഴിഞ്ഞാൽ ഞാൻ ആ പോസ്റ്റ് കളയും. വിമർശനമാണ് ഞാൻ ഇടുന്നത്. അത് അവർ ഏറ്റെടുത്താൽ അത് ഞാൻ മാറ്റും.''
മാന്യന്മാരെന്നു നടിക്കുന്നവരെ താൻ എന്നും വിമർശിക്കുമെന്നും അതിന്റെ പേരിൽ തന്റെ സിനിമാ ജീവിതത്തിന് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
''ഈ ലോകത്ത് മാന്യൻ എന്നു പറയുന്ന അമാന്യനെ ഞാൻ ചീത്ത പറയും. മാന്യൻ എന്നു പറയുന്ന വെള്ളപൂശിയ കുഴിമാടങ്ങളെ ഞാൻ എന്നും മുഖത്ത് നോക്കി ചീത്ത പറയും. അത് ഒരിക്കലും സിനിമാ ജീവിതത്തെ ബാധിക്കില്ല എന്നാണ് ഒരുത്തീ, പട എന്നീ സിനിമകൾ വ്യക്തമാക്കുന്നത്. കോവിഡിന്റെ മരുന്ന് ഏറ്റവും ഡേർട്ട് ആയ വിനായകൻ ആണ് ഉണ്ടാക്കുന്നത് എങ്കിൽ എല്ലാവരും എന്റെ അടുത്ത് വരും. എന്റെ പഴ്‌സനൽ ലൈഫിന് യാതൊരു പ്രസക്തിയുമില്ല. ഇതാണ് റിയാലിറ്റി. ഐ ആം എ ഡേർട്ട്. ഞാൻ അതിൽത്തന്നെ ജീവിക്കാൻ ആഗ്രഹിക്കുന്നു. ഇത് നിങ്ങൾ പറയുന്നതാണ്. എനിക്ക് അങ്ങനെയല്ല. ഐ ആം നോട്ട് എ ഡേർട്ട്. ഞാൻ ഭയങ്കരനാണ്.'' വിനായകൻ കൂട്ടിച്ചേർത്തു.
സിനിമാ നടന്മാരുടെ ഫാൻസിനെക്കുറിച്ചും ഫാൻ കൾച്ചറിനെ കുറിച്ചും വിനായകൻ നടത്തിയ പ്രതികരണം സിനിമാ ഗ്രൂപ്പുകളിലടക്കം ചർച്ചയായിരുന്നു. ഫാൻസുകാർ വെറും പൊട്ടന്മാരാണെന്നും അവർ വിചാരിച്ചാൽ ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ലെന്നുമായിരുന്നു വിനായകന്റെ പ്രതികരണം.
മറുനാടന് മലയാളി ബ്യൂറോ