തിരുവനന്തപുരം: തിരുവനന്തപുരം അമ്പലമുക്കിൽ പൂക്കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെടുത്തു. പ്രതി രാജേന്ദ്രനുമായി ഇയാൾ ജോലി ചെയ്തിരുന്ന ചായക്കടയിലെത്തി നടത്തിയ തെളിവെടുപ്പിലാണ് കത്തി കണ്ടെടുത്തത്. രാജേന്ദ്രൻ താമസിച്ചിരുന്ന മുറിയിലെ പൈപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കത്തിയെന്ന് പൊലീസ് പറഞ്ഞു. പേരൂർക്കട പൊലീസ് സ്റ്റേഷന് സമീപത്താണ് പ്രതി രാജേന്ദ്രൻ ജോലി ചെയ്തിരുന്ന ഹോട്ടലുള്ളത്.

ഇതിന് സമീപത്തു തന്നെയാണ് ഹോട്ടലിലെ തൊഴിലാളികൾ താമസിച്ചിരുന്നത്. ഇതിലെ രാജേന്ദ്രന്റെ മുറിയിലെ വാഷ്ബേസിന്റെ പൈപ്പ് മുറിച്ച് അതിനുള്ളിലാണ് കത്തി ഒളിപ്പിച്ചിരുന്നത്. തറനിരപ്പിൽ പൈപ്പ് മുറിച്ച് അതിനകത്തേക്ക് ഇറക്കി വെച്ചനിലയിലാണ് കത്തി ഒളിപ്പിച്ചിരുന്നത്. ഒന്നര മണിക്കൂറോളം പണിപ്പെട്ടാണ് കേസിലെ പ്രധാന ആയുധമായ കത്തി പുറത്തെടുത്തത്. കത്തി പ്രതി തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏഴു ദിവസമായി വിനീതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധത്തെക്കുറിച്ച് രാജേന്ദ്രൻ പൊലീസിന് സൂചന നൽകിയിരുന്നില്ല. ഇന്നലെ ചോദ്യം ചെയ്യലിലാണ് പ്രതി കത്തി ഒളിപ്പിച്ചതിനെക്കുറിച്ച് സൂചന നൽകിയത്.

തുടർന്നാണ് പ്രതിയുടെ മുറിയിൽ തെളിവെടുപ്പിനെത്തിച്ചതും കത്തി കണ്ടെടുത്തതും. നേരത്തെ ഓട്ടോയിൽ പോകുമ്പോൾ വലിച്ചെറിഞ്ഞെന്നു, ബൈക്കിൽ പോകുമ്പോൾ കളഞ്ഞെന്നുമായിരുന്നു മൊഴി നൽകിയിരുന്നത്. തുടർന്ന് പ്രതി പോയ സ്ഥലങ്ങളിലെല്ലാം പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ആയുധം കണ്ടെടുക്കാനായിരുന്നില്ല. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ആയുധം കണ്ടെടുക്കാൻ പൊലീസിന് സാധിച്ചത്. പ്രതിയെ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോൾ ഇന്നും നാട്ടുകാർ രോഷാകുലമായി പ്രതിക്കു നേരെ പാഞ്ഞടുത്തു. മാല മോഷ്ടിക്കുന്നതിനിടെയാണ് പ്രതി രാജേന്ദ്രൻ വിനീതയെ കുത്തി ക്കൊലപ്പെടുത്തിയത്.

ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ള ഈ മാസം ആറിന് ഞായറാഴ്‌ച്ചയായിരുന്നു കൊലപാതകം. പരിസരത്ത് ആരുമുണ്ടായിരുന്നല്ല. അവധി ദിവസമായിരുന്നെങ്കിലും ചെടികൾക്ക് വെള്ളം നനയാക്കാൻ എത്തിയതായിരുന്നു വിനീത. ഇവരെ 11 മണിവരെ സമീപവാസികൾ പുറത്ത് കണ്ടിരുന്നു. എന്നാൽ പിന്നീട് കടയിൽ ചെടി വാങ്ങാനായി എത്തിയവർ ആരേയും കാണാതായതോടെ ഉടമയെ ബന്ധപ്പെടുകയായിരുന്നു. സംശയം തോന്നിയ ഉടമ മറ്റൊരു ജീവനക്കാരിയെ പറഞ്ഞയച്ചു. പരിശോധനയിൽ കടയുടെ ഒരു ഇടുങ്ങിയ വശത്തായി വിനീതയുടെ മൃതദേഹം കണ്ടെത്തുതയായിരുന്നു. മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലായിരുന്നു.

യുവതിയുടെ കഴുത്തിലെ മാല കാണാതായിരുന്നു. സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. തമിഴ്‌നാട്ടിൽ നിന്നാണ് രാജേന്ദ്രനെ പിടികൂടിയത്. രക്തകറ പുരണ്ട ഷർട്ട് കുളത്തിലേക്ക് വലിച്ചെറിഞ്ഞ ശേഷം മറ്റൊരു ടീ ഷർട്ട് ധരിച്ചാണ് ഓട്ടോയിൽ കയറി പോയത്. ഷർട്ടും കത്തിയും നഗരസഭയുടെ കീഴിലുള്ള കുളത്തിലേക്ക് വലിച്ചെറിഞ്ഞുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫയർഫോഴ്‌സും പൊലീസ് എത്തിച്ച മുങ്ങൽ വിദഗ്ധനും കുളത്തിലിറങ്ങിയത്. ഷർട്ട് കണ്ടെത്തിയെങ്കിലും കുളത്തിൽ നിന്ന് കത്തി കണ്ടെത്താനായിരുന്നില്ല.

ഓട്ടോയിൽ രക്ഷപ്പെടുന്നതിനിടെ കത്തി വലിച്ചെറിഞ്ഞുവെന്നാണ് രാജേന്ദ്രൻ പിന്നീട് പറഞ്ഞത്. കൊടും ക്രിമിനലായ രാജേന്ദ്രൻ പൊലീസിനെ കുഴയ്ക്കുന്ന രീതിയിലാണ് മൊഴികൾ മാറ്റിമാറ്റി നൽകിയത്. ആദ്യം തെളിവെടുപ്പിനായി അമ്പലമുക്കിൽ എത്തിച്ചപ്പോഴും രാജേന്ദ്രനെ നാട്ടുകാർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ഏറെ പണിപ്പെട്ടാണ് പ്രതിയെ പൊലീസ് വാഹനത്തിൽ കയറ്റി കൊണ്ടുപോയത്.

വിനീതയുടെ മൃതദേഹത്തിൽ നിന്നും മോഷ്ടിച്ച മാല തമിഴ്‌നാട് അഞ്ചുഗ്രാമത്തിലെ സ്ഥാപനത്തിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. മാല പണയം വച്ചുകിട്ടിയ പണത്തിൽ നിന്നും 36,000 ബിറ്റ് കോയിനിൽ നിക്ഷേപിക്കുകയും ചെയ്തു. രാജേന്ദ്രന് മറ്റ് കൊലപാതകങ്ങളിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 2019 നവബംറിൽ ഇരിങ്ങാലക്കുടയിൽ ആനിസെന്ന വീട്ടമ്മയെ കഴുത്തറുത്തുകൊലപ്പെടുത്തി സ്വർണം മോഷ്ടിച്ചിരുന്നു. ഈ കൊലപാതകത്തിൽ രാജേന്ദ്രന് പങ്കുണ്ടോയെന്ന് വ്യക്തമാകാൻ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചും രാജേന്ദ്രനെ ചോദ്യം ചെയ്യും.