സ്വന്തം ശരീരത്തിൽ ഇഷ്ടമുള്ളത് ചെയ്യാൻ ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ഈ യുവാവിന്റെ ചെയ്തികൾ മുഴുഭ്രാന്തെന്നേ പറയാനാവൂ. ആണും പെണ്ണുമല്ലാതെ, അന്യഗ്രഹ ജീവിയെപ്പോലെ രൂപം മാറാൻ ഈ യുവാവ് ശസ്ത്രക്രിയ നടത്തിയത് 110 തവണ. എന്നിട്ടും തൃപ്തിയായിട്ടില്ല. ജനനേന്ദ്രിയവും പൊക്കിളും മുലഞെട്ടുകളും നീക്കാനുള്ള ശസ്ത്രക്രിയക്കൊരുങ്ങുകയാണ് ലോസെയ്ഞ്ചൽസുകാരനായ വിന്നി ഓഹ് എന്ന 22-കാരൻ.

ഇതിനകം 50000 ഡോളറാണ് ശസ്ത്രക്രിയകൾക്കായി വിന്നി ചെലവിട്ടത്. പ്ലാസ്റ്റിക് സർജറി ചെയ്ത് അന്യഗ്രഹ ജീവിയുടെ രൂപം ഏറെക്കുറെ സ്വന്തമാക്കിക്കഴിഞ്ഞു. ഇനിയിപ്പോൾ, ലിംഗം മുറിച്ചുമാറ്റി ജെൻഡർലെസ് ആവുകയാണ് ലക്ഷ്യം. മേക്കപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന വിന്നി, താനൊരു ആണാണെന്നോ പെണ്ണാണെന്നോ വിശ്വസിക്കുന്നില്ല.

17-ാം വയസ്സിൽത്തുടങ്ങിയതാണ് വിന്നിയുടെ അന്യഗ്രഹ കമ്പം. ചുണ്ടുകളുയർത്തുകയാണ് ആദ്യം ചെയ്തത്. പിന്നീട് മുഖത്ത് പല പരീക്ഷണങ്ങൾ നടത്തി രൂപമാറ്റം വരുത്തി. ഇടയ്ക്ക് മോഡലായും പ്രവർത്തിക്കാറുള്ള വിന്നിക്ക് അന്യഗ്രഹ ജീവി ലുക്കുള്ളതുകൊണ്ട് ധാരാളം അവസരങ്ങളും കിട്ടാറുണ്ട്. ഇതിനകം അരലക്ഷം ഡോളർ ചെലവിട്ട വിന്നി അടുത്തതായി ചെലവേറിയ ശസ്ത്രക്രിയക്ക് തയ്യാറെടുക്കുകയാണ്.

ലിംഗം മുറിച്ചുമാറ്റുന്നതിനും മുലഞെട്ടുകളും പൊക്കിളും ഒഴിവാക്കുന്നതിനുമായി 1,60,000 ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തനിക്കൊരു സെക്‌സ്‌ലെസ് ഏലിയനാകണമെന്ന് വിന്നി പറയുന്നു. കുട്ടിക്കാലം മുതൽക്കെ പറക്കും തളികകളെയും അന്യഗ്രഹ ജീവികളെയും സ്വപ്‌നം കണ്ടുനടന്നിരുന്ന വിന്നിക്ക് വലുതായപ്പോൾ അവരിലൊരാളായി മാറണമെന്ന മോഹം കലശലാവുകയായിരുന്നു.

ലിംഗം ഒഴിവാക്കുന്നുവെന്ന് പറഞ്ഞപ്പോൾ, താൻ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത് സ്ത്രീയാകാൻ പോകുന്നുവെന്നാണ് പലരും കരുതിയത്. എന്നാൽ, പെണ്ണാവുകയല്ല, ആണും പെണ്ണുമല്ലാത്ത ഏലിയനാവുകയാണ് തന്റെ ലക്ഷ്യമെന്ന് വിന്നി പ്രഖ്യാപിച്ചു. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്ന, മറ്റേതോ ഗ്രഹത്തിൽനിന്നുവന്ന ആളായി ഭൂമിയിൽ ജീവിക്കുകയാണ് വിന്നിയുടെ ലക്ഷ്യം.