കണ്ണൂർ: ബാങ്ക് ഉദ്യോഗസ്ഥനും പരിസ്ഥിതി പ്രവർത്തകനുമായ തോട്ടത്തിൽ വിനോദിന്റെ മരണത്തിലെ ദുരൂഹത നീങ്ങി. മാടായി എ.ഇ.ഒ. ഓഫീസിന്റെ പഴയകെട്ടിടത്തിനു സമീപത്തെ കാടുമൂടിക്കിടക്കുന്ന ഓവുചാലിൽ കഴിഞ്ഞ ദിവസമാണ് വിനോദിന്റെ മൃതദേഹം കാണപ്പെട്ടത്. ഇതോടെ സംശയങ്ങളുമുയർന്നു.

പരിസ്ഥിതി സാമൂഹ്യ വിഷയങ്ങളിൽ സജീവ രംഗത്തുണ്ടായിരുന്ന വിനോദിന്റെ മരണം ദുരൂഹമാണെന്ന സംശയം ഉന്നയിച്ച് സംഘടനകളും നാട്ടുകാരും രംഗത്തു വന്നു. എരിപുരത്തെ വാട്ടർ അഥോറിറ്റിയുടെ സ്ഥലം കൈയേറിയവർക്കെതിരെ നിയമപരമായും അല്ലാതേയും നടത്തിയ പോരാട്ടത്തെത്തുടർന്ന് വിനോദിനെതിരെ നേരത്തെ പല തവണ വധ ഭീഷണി ഉയർന്നിരുന്നു. ഇയാൾക്കെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെ മരണത്തിലും സംശയമുയർന്നു.

മാടായി ഗെയിറ്റിന് സമീപത്തെ സി.സി. ടി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വിനോദിന്റെ മരണത്തിലെ ദുരൂഹത നീങ്ങിയത്. വിനോദ് സുഹൃത്തിനൊപ്പം കാറിൽ വന്നിറങ്ങുന്നതും സുഹൃത്ത് അടുത്ത ടയറുകടയിൽ പോകുന്നതും തിരിച്ചു വരുമ്പോൾ വിനോദിനെ കാണാതാവുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. റോഡരികിലൂടെ വിനോദ് നടന്നു പോകവേ ഓടയിൽ തലകുത്തി വീഴുന്നതായും ദൃശ്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതറിയാതെ സുഹൃത്ത് ടയറുകടയിൽ നിന്നും മടങ്ങി വിനോദിനെ തേടിയെത്തിയെങ്കിലും കാണാനായില്ല. അവിടെ നിന്ന് വിനോദിനെ ഫോണിൽ വിളിക്കുന്നതും വിനോദ് വീട്ടിലേക്ക് പോയെന്ന് കരുതി അയാൾ മടങ്ങുന്നതും എല്ലാം ദൃശ്യങ്ങളിൽ വ്യക്തമാവുന്നുണ്ട്. വിനോദിനെ ഫോണിൽ കിട്ടാതായതിനാൽ സുഹൃത്ത് വീട്ടിലേക്ക് ഫോൺ ചെയ്തതോടെയാണ് വിനോദ് അവിടെ എത്തിയിട്ടില്ലെന്ന് മനസ്സിലായത്.

സുഹൃത്ത് വീട്ടിലെത്തിയപ്പോൾ വിനോദിന്റെ വീട്ടിലേക്ക് ഫോൺ ചെയ്തതോടെയാണ് വിനോദിനെ കാണാനില്ലെന്ന് മനസ്സാലായത്. ദന്ത രോഗ ചികിത്സക്ക് മംഗലാപുരത്ത് പോകുമെന്ന് പറഞ്ഞതിനാൽ ആ സംശയവും നില നിന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധനക്കെത്തിയത്. അതിലാണ് വിനോദ് ഓവു ചാലിൽ തലകുത്തിവീഴുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. ഇതോടെ അസ്വാഭാവിക മരണം എന്ന സംശയം നീങ്ങി.

എസ്.ബി.ടി. പഴയങ്ങാടി കോഴി ബസാർ ശാഖയുലെ ജീവനക്കാരനാണ് വിനോദ്. ചെറുകുന്ന് സ്വദേശിയാണ്. ചെറുകുന്നിലെ ഗോവിന്ദന്റേയും ജാനകിയുടേയും മകനാണ്. ചിത്രകാരിയായ ബീനയാണ് ഭാര്യ. അർഹത്, കുഞ്ചു എന്നിവർ മക്കൾ. വിനോദിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം സ്വദേശത്തേക്ക് കൊണ്ടു പോയി.

എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായിരുന്നു കണ്ണൂർ പഴയങ്ങാടിയിലെ ടി.വിനോദ്. എരിപുരത്തെ എ.ഇ.ഒ. ഓഫീസിനു സമീപത്തെ കെ.എസ്.ടി.പി. ഓവുചാലിൽ വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്. ഓവുചാലിൽ തലകീഴായി കിടക്കുന്ന നിലയിലായിരുന്നു. എരിപുരത്ത് കുടിവെള്ള ടാങ്ക് പൊളിച്ച് മാറ്റി റിസോർട്ട് മാഫിയ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരേ നിയമയുദ്ധത്തിലായിരുന്നു വിനോദ്. ജില്ലയിലെ പരിസ്ഥിതി പ്രശ്‌നങ്ങളിൽ സജീവമായിരുന്ന വിനോദിന്റെ മരണം കൊലപാതകമാണെന്ന് ബന്ധുക്കളും നാട്ടുകാരും സംശയം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദുരൂഹത നീക്കി സിസിടിവി ദൃശ്യങ്ങളെത്തുന്നത്.

എരിപുരത്ത് കുടിവെള്ള ടാങ്ക് പൊളിച്ച് മാറ്റി റിസോർട്ട് മാഫിയ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരേ നിയമയുദ്ധത്തിലായിരുന്നു വിനോദ്. റിസോർട്ട് മാഫിയയിൽ നിന്ന് രണ്ട് തവണ വിനോദിനു വധഭീക്ഷണിയുണ്ടായിരുന്നു. ജീവന് ഭീഷണിയുണ്ടെന്നു കാട്ടി വിനോദ് രണ്ടു തവണ പൊലീസിൽ പരാതി നൽകിയിരുന്നു. വിനോദിനെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് ചോദ്യം ചെയ്യുകയയും വീട്ടിൽ റെയ്ഡ് നടത്തുകയും ചെയ്തതു വിവാദമായിരുന്നു. ഇതിനിടെയായിരുന്നു മരണം.