കോട്ടയം: പ്രോവിഡന്റ് ഫണ്ടിലെ തകരാർ പരിഹരിച്ചതിന് പ്രത്യുപകാരമായി ലൈംഗികാവശ്യം ഉന്നയിച്ച് അദ്ധ്യാപികയെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തിയ ഗെയിൻ പിഎഫ് (ഗവൺമെന്റ് എയ്ഡഡ് ഇൻസ്റ്റിറ്റിയൂഷൻസ്) സംസ്ഥാന നോഡൽ ഓഫീസർ വിനോയ് ചന്ദ്രനെതിരെ കൂടുതൽ തെളിവുകൾ. അതിനിടെ വിനോയ് ചന്ദ്രൻ ഇടതു സംഘടനാ അനുഭാവിയാണെന്ന തരത്തിലും സോഷ്യൽ മീഡിയയിൽ പ്രചരണം ശക്തമാണ്.

ഔദ്യോഗിക ആവശ്യത്തിന് സമീപിച്ച അദ്ധ്യാപികമാരെയെല്ലാം ദുരുപയോഗിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ ഇയാളുടെ ഫോണിൽ നിന്ന് വിജിലൻസിന് ലഭിച്ചു. പലരെയും സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതിന്റെ ചാറ്റുകളും കണ്ടെത്തി. ഇതെല്ലാം പൊലീസ് ഗൗരവത്തോടെ എടുത്തിട്ടുണ്ട്. ഈ സ്ത്രീകളേയും പൊലീസ് സമീപിക്കും. പരാതിയുണ്ടെങ്കിൽ കൂടുതൽ കേസും എടുക്കും.

ഇയാൾ പണം കൈപ്പറ്റിയിട്ടുണ്ടോയെന്നും ഔദ്യോഗിക കൃത്യനിർവഹണത്തിന് കാലതാമസം വരുത്തിയോ എന്നും വിജിലൻസ് പരിശോധിക്കുന്നുണ്ട്. വ്യാഴാഴ്ച കോട്ടയത്തെ ഹോട്ടലിൽ നിന്നാണ് കാസർകോട് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് കൂടിയായ കണ്ണൂർ തളിക്കാവ് സ്വദേശി ആർ.വിനോയ് ചന്ദ്രനെ വിജിലൻസ് പിടികൂടിയത്.

അദ്ധ്യാപികയുടെ പരാതിയിലായിരുന്നു നടപടി. സാങ്കേതിക തകരാർ മൂലം 2017 മുതൽ അദ്ധ്യാപികയുടെ പി എഫ് തുക അക്കൗണ്ടിൽ രേഖപ്പെടുത്തിയിരുന്നില്ല. ഇതുകാരണം ലോണെടുക്കാൻ കഴിയാത്തതിനെ തുടർന്നാണ് വിനോയ് ചന്ദ്രനെ സമീപിച്ചത്. തുടർന്ന് നിരന്തരം വാട്‌സാപ്പിലൂടെ വിനോയ് ശല്യം തുടങ്ങി. പലതവണ ലൈംഗികാവശ്യമുന്നയിച്ച് വിനോയ് തന്റെ സ്വകാര്യ ചിത്രങ്ങൾ അദ്ധ്യാപികയുടെ വാട്‌സാപ്പിലേക്ക് അയച്ചു.

15 ദിവസം മുമ്പ്, തകരാർ പരിഹരിച്ചെന്നും നേരിട്ട് കാണണമെന്നും ആവശ്യപ്പെട്ട് കോട്ടയത്തെ ലോഡ്ജിലേക്കു ക്ഷണിച്ചു. ശല്യപ്പെടുത്തൽ അതിരുവിട്ടതോടെയാണ് അദ്ധ്യാപിക വിജിലൻസിനെ സമീപിച്ചത്. വ്യാഴാഴ്ച കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്തെ ലോഡ്ജിൽ മുറിയെടുത്ത ശേഷം അദ്ധ്യാപികയെ വിളിച്ച് 42 സൈസിൽ ഇഷ്ട നിറമുള്ള ഷർട്ടുമായി വരണമെന്ന് വിനോയ് ആവശ്യപ്പെട്ടു.

ഇയാളുടെ ആവശ്യപ്രകാരം വാങ്ങിയ ഷർട്ടിൽ ഫിനോഫ്തലിൻ പുരട്ടിയ ശേഷം അദ്ധ്യാപികയെ മുറിയിലേക്ക് വിജിലൻസ് സംഘം പറഞ്ഞയയ്ക്കുകയായിരുന്നു. അദ്ധ്യാപിക എത്തുമ്പോഴേക്കും ലോഡ്ജ് പരിസരത്ത് വിജിലൻസ് സംഘവും നിലയുറപ്പിച്ചിരുന്നു. ഷർട്ട് വാങ്ങിയതിന് പിന്നാലെ ഇയാളെ പിടികൂടുകയും ചെയ്തു. സുരക്ഷയ്ക്കായി ക്വാണ്ടം അടക്കം ഇയാൾ വാങ്ങിയിരുന്നു. ഇതും വിജിലൻസ് പിടികൂടിയിരുന്നു.

വാട്‌സാപ്പ് ചാറ്റുള്ളതു കൊണ്ടു തന്നെ ഇയാളെ പൊലീസിൽ പരാതി കൊടുത്ത് പിടിക്കാനുള്ള വകുപ്പുണ്ടായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള ജാമ്യമില്ലാ കുറ്റങ്ങൾ വരികയും ചെയ്യും. അപ്പോഴും ഇയാൾക്ക് മുൻകൂർ ജാമ്യ ഹർജിയും മറ്റും നൽകാനും സാധ്യതയൊരുങ്ങും. ഇതെല്ലാം മനസ്സിലാക്കിയാണ് വിജിലൻസിൽ അദ്ധ്യാപിക പരാതിയുമായി എത്തിയത്. ഇതോടെ ഇരു ചെവി അറിയാതെ ഉദ്യോഗ്‌സഥനെ വിജിലൻസ് കുടുക്കി. പൊലീസ് സ്‌റ്റേഷനിലാണ് പരാതി എത്തിയിരുന്നുവെങ്കിൽ രാഷ്ട്രീയ സ്വാധീനം അടക്കം ഉപയോഗിച്ച് ഇയാൾ രക്ഷപ്പെടാനും ശ്രമിക്കുമായിരുന്നു.