സിദ്ധാപ്പുര (കർണാടകം): അന്തസ്സും ആഭിജാത്യവും ഉയർത്തിപ്പിടിക്കുന്നത് ഇന്നത്തെപ്പോലെ മുൻകാലങ്ങളിലും ശീലമാക്കിയവരുണ്ട്. മോഹവസ്തുക്കൾ എന്തു വില കൊടുത്തും സ്വന്തമാക്കുന്നവർ ആർഭാടം പ്രകടിപ്പിക്കാൻ വിലയേറിയ വാഹനങ്ങൾ കരസ്ഥമാക്കുന്നത് മുൻതലമുറയിലുമുണ്ടായിരുന്നു.

വാഹനമില്ലാത്തവർപോലും വീടുകൾക്കൊപ്പം കാർപോർച്ചും കൂടി പണിയുന്നത് പുതിയ തലമുറയുടെ വാഹനപ്രിയമാണ് തെളിയിക്കുന്നത്. എന്നാൽ ഇന്ന് റോഡുകളിൽ കാണാത്ത കാറുകളായാലോ? അങ്ങനെയുള്ള കാറുകൾ ശേഖരിച്ച് ഒരു മലയാളി ചരിത്രം സൃഷ്ടിച്ചിരിക്കയാണ്.

കേരളത്തിലല്ല. കുടകിലെ സിദ്ധാപുരക്കടുത്ത നെല്ലിയഹുഡിക്കേരിയിലെ മുബാറക്ക് എസ്റ്റേറ്റിലാണ് പഴയ കാറുകളുടെ വിസ്മയ ലോകം തുറന്നിട്ടുള്ളത്. കണ്ണൂർ ജില്ലയിലെ കാഞ്ഞിരോട് സ്വദേശി പി.സി. അഹമ്മദ് കുട്ടിയാണ് തന്റെ മുപ്പത്തിയഞ്ച് ഏക്കർ വരുന്ന കോഫി എസ്റ്റേറ്റിൽ വിന്റേജ് കാർസ് എന്ന പേരിൽ ഇത്തരമൊരു കാർ മൃൂസിയം ഒരുക്കിയിട്ടുള്ളത്.

രാജ്യത്തെങ്ങുമുള്ള കാർ ഭ്രാന്തന്മാർ കിലോമീറ്ററുകൾ താണ്ടി അഹമ്മദിന്റെ വിന്റ്‌റേജ് കാർസിൽ എത്തുന്നുണ്ട്. ആരാധനയോടും ബഹുമാനത്തോടും കൂടി മാത്രമേ ഈ കാറുകളെ സഞ്ചാരികൾക്ക് കാണാൻ പറ്റൂ.
അത്രകണ്ട് വെടിപ്പും വൃത്തിയുമായാണ് ഓരോ കാറും ഒരുക്കിവച്ചിരിക്കുന്നത്. 1927 ലെ ഫോർഡിന്റെ മോഡൽ എ കാർ സർവ്വപ്രതാപത്തോടെയാണ് ഇവിടെ നിലകൊള്ളുന്നത്. 1938 മോഡൽ മോറിസ് 8 സീരീസ്
കാർ കണ്ടാൽ ആരും ഒന്ന് സ്പർശിച്ചു പോകും. അതിന്റെ മെറ്റൽ പ്ലയിറ്റിങ്ങും മോദിയും കണ്ടാൽ പുതുതായി റോഡിൽ ഇറക്കാൻ വച്ചതായിതോന്നും. സഞ്ചാരികളിൽ ചിലർ ബോണറ്റിൽ അമർത്തി നോക്കും. പഴയകാലത്തെ വാഹനങ്ങളുടെ ശക്തിയും സുരക്ഷിതത്വവും അതോടെ ബോധ്യമാകും.

അടുത്ത് കിടക്കുന്നത് ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഇന്ത്യയിലെത്തിയ ഫോർഡ് ജീപ്പാണ്. ആഢ്യത്വവും പ്രതാപവും സമന്വയിച്ച് പട്ടാളക്കരുത്തിൽ ആരുടേയും ശ്രദ്ധ പിടിച്ചു പറ്റുകയാണ് ഈ വീരൻ. 1947 മോഡൽ ഓസ്റ്റിൻ കാർ,49 ലെ ഫോർഡ് ആഗ്ലിയ, 1936 മോറിസ് 8, 1953 ലെ ഫോർഡ് പോപ്പുലർ, എന്നിവ കരുത്തിലും സൗന്ദര്യത്തിലും ഇന്നത്തെ കാറുകളെ ബഹുദൂരം പിറകിലാക്കുന്നവയാണ്.

ഇന്നത്തെ ഇന്നോവയെ വലുപ്പത്തിൽ കടത്തിവെട്ടുന്ന 1951 മോഡൽ അമേരിക്കയിലെ മെർക്കുറി ,66 മോഡൽ ഡോഡ്ജ്, 1936 ലെ ഫോർഡ് വി.ഐ.പി.എന്നിവ രാജകീയ പ്രൗഢിയിൽ മൃൂസിയത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്. അമേരിക്കയുടെ സ്റ്റെഡി ബേക്കർ ചാമ്പ്യന്റെ നീളം 18 അടിയാണ്. തലയെടുപ്പോടെ മൃൂസിയത്തിൽ കഴിയുന്ന ഈ കാറിനെ തൊട്ടു നോക്കാതെ ആർക്കും മടങ്ങാനാവില്ല. ചെറിയ കാർ എന്ന ആശയം പുതിയതൊന്നുമല്ലെന്ന് സാക്ഷ്യം വഹിച്ച 1960 മോഡൽ ഫിയറ്റ് കാർ മൃൂസിയത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. രണ്ടു പേർക്ക് മാത്രം സഞ്ചരിക്കാവുന്ന ഈ കാർ ആരേയും ആകർഷിക്കുന്നതാണ്.

നാല്പത് വർഷം മുമ്പ് ഒന്നാം നമ്പർ മോറിസ് കാർ സ്വന്തമാക്കിയതോടെയാണ് അഹമ്മദ് കുട്ടിയുടെ കാർ ശേഖരത്തിന് തുടക്കമിട്ടത്. അമേരിക്കയിലും യൂറോപ്പിലും കാർ മൃൂസിയമുണ്ടെന്ന അറിവാണ് ഇത്തരമൊരു സംരംഭത്തിന് പ്രേരിപ്പിച്ചത്. മൂന്നര പതിറ്റാണ്ട് കൊണ്ട് കാറുകളുടെ എണ്ണം നൂറ് കവിഞ്ഞു. കാറുകളുടെ എണ്ണം കൂടിയതോടെ സിദ്ധാപുര ടൗണിലുള്ള മൃൂസിയം എസ്റ്റേറ്റിലേക്ക് മാറ്റി. എന്നാൽ ടൗണിലെ മൃൂസിയത്തിൽ ഫോർഡ് വി.ഐ.പി. ഉൾപ്പെടെ അഞ്ച് കാറുകൾ ഒരുക്കിനിർത്തിയിട്ടുണ്ട്. കാറുകളുടെ സംരക്ഷണത്തിനായി മെക്കാനിക്ക് ഉൾപ്പെടെ അഞ്ച് ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്. എല്ലാ കാറുകളും ഓട്ടത്തിന് തയ്യാറാണെന്നതാണ് ഇതിന്റെ സവിശേഷത.

കാറുകളുടെ സ്‌പയർ പാർട്ടുകൾ ശേഖരിക്കുന്നതിനായി ഇന്ത്യയിലെ പല നഗരങ്ങളിലും അലയേണ്ടി വന്നതായും അഹമ്മദ് കുട്ടി പറഞ്ഞു. വേഗതയിലും ഇലക്ട്രോണിക് സംവിധാനത്തിലും ഇന്നത്തെ കാറുകൾ മുന്നിട്ട് നിൽക്കുന്നുണ്ടെങ്കിലും പഴയ കാറുകളുടെ സുരക്ഷിതത്വം ഇന്നത്തെ കാറുകൾക്കില്ലെന്ന് അഹമ്മദ് കുട്ടി പറയുന്നു. നൂറ് രൂപയാണ് മുതിർന്നവർക്കുള്ള പ്രവേശന ഫീസ്. വിദ്യാർത്ഥികൾക്കും മറ്റും ഫീസ് ഇളവുണ്ട്.

ഒരു കാര്യം ഓർക്കുക. അഹമ്മദ് കുട്ടി എന്ന തോട്ടം ഉടമക്ക് ഇത് ലാഭകരമായ കച്ചവടമല്ല. പഴയ കാറുകളോടുള്ള കമ്പമാണ് അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത്. ഇത്തരം കാറുകളുടെ സംരക്ഷകരാവാൻ താത്പര്യമുള്ളവർക്ക് പ്രചോദനം നൽകുക എന്നതാണ് അഹമ്മദ് കുട്ടിയുടെ ലക്ഷ്യം.