തിരുവനന്തപുരം: ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് എളമരം കരീമിന് എതിരായ പരാമർശത്തിൽ, ഏഷ്യാനെറ്റ് അവതാകരൻ വിനു വി ജോണിന് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വിനുവിനെതിരെ സൈബർ സഖാക്കൾ രൂക്ഷമായ ആക്രമണം അഴിച്ചുവിടുന്നു. വിനു വി ജോണിനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ ഏഷ്യാനെറ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. ഇതേ തുടർന്ന് തന്റെ ട്വിറ്റർ പേജിന്റെ കവർ ഇമേജ് തന്നെ, വിനു വി ജോണിനെ പുറത്താക്കുക എന്നാക്കി വിനു തിരിച്ചടിച്ചു. കെ റെയിലുമായി ബന്ധപ്പെട്ട് ജനങ്ങൾ കല്ലിടുമോ എന്നതാണ് ഇന്നത്തെ ന്യൂസ് അവർ ഡിബേറ്റ്. വിനുവിനെ അനുകൂലിച്ചും എതിർത്തും ട്വീറ്റുകൾ വരുന്നുണ്ട്. ചിലതൊക്കെ അസഭ്യവർഷമാണ്.

വിനുവിന്റെ പരാമർശത്തിന് മറുപടിയുമായി സിപിഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെതിതി. എളമരം കരീമിനെ ഏഷ്യാനെറ്റിന് മുന്നിൽ കൊണ്ടുപോയി നിർത്താമെന്നും പറഞ്ഞതു പോലെ ചെയ്തു കാണിക്കെന്നും കോടിയേരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നാളെ കരീമിനെ ഏഷ്യാനെറ്റിന് മുന്നിൽ കൊണ്ടുപോയി നിർത്താം, പറഞ്ഞതു പോലെ ചെയ്തു കാണിക്ക് അപ്പോൾ കാണാം. ഏഷ്യാനെറ്റിലെ എല്ലാവരുമൊന്നും ഇതിനോട് യോജിക്കുന്നവരല്ല. യോജിക്കുന്ന ചുരുങ്ങിയ ആളുകൾ ഇവിടെയുണ്ടല്ലോ? എന്നോടൊന്ന് ചെയ്തു നോക്ക് അപ്പോൾ കാണാം. അങ്ങനെയൊന്നും അത് കൈകാര്യം ചെയ്യാൻ പാടില്ല. രാജ്യത്ത് പലതും സംഭവിച്ചിട്ടുണ്ടാകാം, അതൊന്നും ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടത്. എളമരം കരീമിനെ ചെള്ളക്ക് അടിക്കണമെന്ന് രാജീവ് ചന്ദ്രശേഖരൻ പറയുമെന്ന് ഞാൻ കരുതുന്നില്ല. അങ്ങനെ നിലപാട് എടുക്കുന്ന വ്യക്തിയല്ല അദ്ദേഹം,' കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

അതേസമയം, മാധ്യമപ്രവർത്തകന്റെ പക്ഷം സ്ഥാപിത താത്പര്യങ്ങൾക്കും പ്രശസ്തിക്കും വേണ്ടിയുള്ളതാകരുതെന്ന് ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ പി.ജി. സുരേഷ്‌കുമാർ. അവതാരകർ അവതാരകൻ മാത്രമായിരുന്നാൽ മതി, അവതാരമാകേണ്ടതില്ലെന്നും സുരേഷ്‌കുമാർ ഒരു ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ടെലിവിഷനിൽ മുൻനിരയിൽ നിൽക്കുന്ന ഒരാൾക്ക് അവതാരകനും അവതാരവും ആകം. ഞാൻ വിശ്വസിക്കുന്നത് ഒരു അവതാരകനായി തന്നെ നിൽക്കണമെന്നാണ്. കുറച്ചുപേരൊക്കെ നമ്മളെ അവതാരമായി കാണാമെങ്കിലും അതൊരു കെണിയാണെന്നും സുരേഷ് കുമാർ പറഞ്ഞു.
അധികാരത്തിലിരിക്കുന്ന സമയത്ത് ആ സർക്കാരിനെ നിയന്ത്രിക്കുന്ന ഏത് പ്രസ്ഥാനത്തിനും ഏഷ്യാനെറ്റിനോട് വിയോജിപ്പുണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായിരുന്നു സിപിഐ.എമ്മിന്റെ ബഹിഷ്‌ക്കരണമെന്നും സുരേഷ്‌കുമാർ പറഞ്ഞു.

ഏറ്റവും വലിയ ശ്രമം നടക്കുക, നമ്മൾക്ക് ഏതെങ്കിലും പക്ഷമുണ്ടെന്ന് പ്രചരിപ്പിക്കുകയാണ്. പക്ഷമുണ്ടെന്ന് സ്ഥാപിക്കാൻ വേണ്ടിയുള്ള ചാപ്പ കുത്തലിന്റെ ഭാഗമായാണ് ഫോണിൽ പെടുത്തി ഭീഷണപ്പെടുത്തുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതും സംഘം ചേർന്ന് അക്രമിക്കുന്നതും അതിന്റെ ശ്രമം മാത്രമാണ്. ഇങ്ങനെ ചെയ്യുന്നത് ഒരു ചെറിയ വിഭാഗം മാത്രമാണെന്നും സുരേഷ്‌കുമാർ പറഞ്ഞു. എന്നാൽ കൂടുതൽ ആളുകളും കേരളത്തിലെ മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും മുഖവിലക്ക് എടുത്ത് മുന്നോട്ട് പോകുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഷ്യാനെറ്റ് ന്യൂസിന് പക്ഷമുണ്ടന്ന വിമർശനത്തിനുള്ള ഒറ്റ മറുപടി, ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌കരിക്കാത്ത, അധിക്ഷേപിക്കാത്ത, അകറ്റിനിർത്താത്ത ഒരു രാഷ്ട്രീയപാർട്ടിയും, മതസംഘടനയുമില്ല എന്നതാണെന്നും സുരേഷ്‌കുമാർ വ്യക്തമാക്കി. നങ്ങൾ ഏഷ്യാനെറ്റിനെ ഇപ്പോഴും മുന്നിൽ നിർത്തുന്നതിന്റെ കാരണം ഏതെങ്കിലും മതത്തിന്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ ജാതിയുടെയോ മത സംഘടനകളുടെയൊന്നും പിന്തുണയില്ലാതെ പ്രവർത്തിക്കുന്നതുകൊണ്ടാണെന്നും സുരേഷ്‌കുമാർ പറഞ്ഞു.