ന്യൂഡൽഹി: ഭാരത് മാതാ കി ജയ് ഏറ്റുവിളിക്കുകയും നരേന്ദ്ര മോദിക്ക് ജയ് പറയുമ്പോൾ മിണ്ടാതിരിക്കുകയും ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ വീഡിയോ വൈറലാകുന്നു. വിദ്യാസമ്പന്നരായ വിദ്യാർത്ഥികളായതുകൊണ്ടാണ് മോദിക്ക് ജയ് വിളിക്കാത്തതെന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് പ്രതിപക്ഷ പാർട്ടികൾ പറയുന്നത്.

നേരത്തെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വീഡിയോയും ചർച്ചയായിരുന്നു. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുന്നിൽ വച്ചാണ് സിന്ധ്യയോട് റൊമാനിയൻ മേയർ കയർത്ത് സംസാരിച്ചത്.കോൺഗ്രസ് പുറത്ത് വിട്ട ഈ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്. റൊമേനിയൻ നഗരത്തിൽ എത്തിയ യുക്രൈനിൽ നിന്നുള്ള വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മേയർ സിന്ധ്യയോട് കയർത്ത് സംസാരിച്ചത്. വിദ്യാർത്ഥികളോട് സംസാരിച്ചുകൊണ്ടിരിക്കവെ, നിങ്ങൾ എപ്പോഴാണ് അവരെ നാട്ടിൽ തിരിച്ചെത്തികുക എന്ന് പറയൂ എന്നാണ് മേയർ വീഡിയോയിൽ പറയുന്നതായി ഉള്ളത്.

എന്നാൽ, എന്ത് പറയണം എന്ന് ഞാൻ തീരുമാനിക്കും, അവിടെ നിൽക്കൂ എന്ന് മറുപടി പറഞ്ഞ മന്ത്രിയോട് നിങ്ങളല്ല, ഞാനാണ് ഭക്ഷണവും വാസസ്ഥലവും കൊടുത്തത് എന്നായിരുന്നു മേയറുടെ മറുപടി. നാട്ടിലെത്തിക്കാനുള്ള നടപടികളെക്കുറിച്ച് സംസാരിക്കൂ എന്ന ആവശ്യപ്പെട്ട മേയറുടെ വാക്കുകളിൽ പ്രകോപിതനായ സിന്ധ്യയുടെ വാക്കുകൾ പരുഷമായതോടെയാണ് മേയർക്ക് മന്ത്രിയോട് കയർത്തു സംസാരിക്കേണ്ടി വന്നത്.

 

യുക്രൈനിൽ അധിനിവേശം നടത്തുന്ന റഷ്യ തലസ്ഥാന നഗരമായ കീവ് പിടിച്ചെടുക്കാൻ ശ്രമങ്ങൾ ഊർജ്ജിതമാക്കുന്നതിനിടെ വെളിപ്പെടുത്തലുമായി ഒരു റഷ്യൻ പാർലിമെന്റ് അംഗം. ഒരു വർഷം മുമ്പേ യുക്രൈൻ കീഴടക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് റഷ്യൻ എംപി റിഫാത്ത് ഷെയ്ഖുട്ദിനോവ് പറഞ്ഞു.എന്നാൽ ഇപ്പോഴുണ്ടായിരിക്കുന്ന നീക്കം തീരുമാനിച്ചുറപ്പിച്ചതല്ലെന്നും യാദൃച്ഛികമാണെന്നും ഡ്യൂമാ മെമ്പറായ അദ്ദേഹം അവകാശപ്പെട്ടു.

എന്താണ് സംഭവിക്കുന്നതെന്ന് നേരത്തെ അറിയാമായിരുന്നു. യുക്രൈന് മുന്നറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹം കൂട്ടി ചേർത്തു. ഇപ്പോൾ അധിനിവേശം നടത്തിയില്ലെങ്കിൽ റഷ്യ ആക്രമിക്കപ്പെട്ടേനെ. രണ്ട് ദിവസത്തിനകം ആക്രമിക്കപ്പെടുമെന്ന് രഹസ്യാന്വേഷണ വിവരം കിട്ടി. അതിനാൽ, പൗരന്മാരുടെ സുരക്ഷയ്ക്കായി പ്രതിരോധിക്കാൻ തയ്യാറായി എന്നുമായിരുന്നു റിഫാത്തിന്റെ വെളിപ്പെടുത്തൽ.

ഇതിനിടെ നീപർ നദീതീരത്തെ പ്രധാന നഗരമായ കേഴ്‌സൻ പൂർണ്ണമായും റഷ്യയുടെ നിയന്ത്രണത്തിലായി. നഗരഭരണ കേന്ദ്രം ഇപ്പോൾ റഷ്യൻ നിയന്ത്രണത്തിലാണ്. കരിങ്കടലിൽ നിന്നും കീവിലേയ്ക്കുള്ള പാത റഷ്യ കീഴടക്കി.