വെല്ലിങ്ടൺ : ലോകത്ത് ആദ്യമായി മരത്തടിയിൽ നിർമ്മിച്ച ഒരു ഉപഗ്രഹം ബഹിരാകാശത്തേക്ക് യാത്രയ്ക്കൊരുങ്ങുന്നു. വിസ വുഡ്സാറ്റ് എന്നാണ് ഈ ഇത്തിരിക്കുഞ്ഞൻ ഉപഗ്രഹത്തിന്റെ പേര്. ബഹിരാകാശത്തെ സങ്കീർണമായ അന്തരീക്ഷത്തിൽ പ്ലൈവുഡ് എങ്ങനെ പ്രതികരിക്കുമെന്നും അതിനുണ്ടാകുന്ന മാറ്റങ്ങളും സ്വഭാവവും മനസിലാക്കാനും ഈ ഉപഗ്രഹ വിക്ഷേപണത്തിലൂടെ സാധിക്കും. പ്രത്യേക ക്യാമറകൾ വുഡ്സാറ്റിൽ ഘടിപ്പിച്ചിട്ടുണ്ട്. സെൽഫി സ്റ്റിക്കിൽ ഘടിപ്പിച്ചതിന്റെ മാതൃകയിലുള്ള ഒരു ക്യാമറയാണ് ഇക്കൂട്ടത്തിൽ ശ്രദ്ധേയം. വിക്ഷേപിക്കപ്പെട്ടതിന് ശേഷം ഒരു കിലോഗ്രാമിൽ താഴെ മാത്രം ഭാരമുള്ള വുഡ്സാറ്റിനുണ്ടാകുന്ന ഓരോ മാറ്റങ്ങളും ഈ ക്യാമറകണ്ണുകൾ ഒപ്പിയെടുക്കും.

എന്നാൽ വുഡ്സാറ്റിനുള്ളിലെ ചില ഘടകങ്ങൾ തടികൊണ്ടല്ല നിർമ്മിച്ചിരിക്കുന്നത്. അലൂമിനിയം റേൽസും ഇതിൽപ്പെടും.വുഡ്സാറ്റിലെ റേഡിയോ പേലോഡിന് വേണ്ട ഊർജം നൽകുന്നത് ഒമ്പത് ചെറിയ സോളാർ സെല്ലുകളാണ്.യു.പി.എം പ്ലൈവുഡ് എന്ന കമ്പനിയാണ് വുഡ്സാറ്റിന്റെ നിർമ്മാണത്തിന് പിന്നിൽ.ആർട്ടിക് ആസ്ട്രനോട്ടിക്‌സ് എന്ന ഫിന്നിഷ് സാറ്റലൈറ്റ് കമ്പനിയാണ് വുഡ്സാറ്റിന്റെ രൂപകല്പന.വിക്ഷേപണഘട്ടത്തിൽ നേരിട്ടേക്കാവുന്ന വെല്ലുവിളികളെ മുന്നിൽ കണ്ടാണ് നാല് ഇഞ്ച് വീതം നീളവും വീതിയും ഉയരവുമുള്ള വുഡ്സാറ്റിന്റെ നിർമ്മാണം. തെർമൽ വാക്വം ചേംബറിൽ ഉണക്കിയെടുത്ത ബർച് മരംകൊണ്ടാണ് വുഡ്സാറ്റിന്റെ പ്ലൈവുഡ് നിർമ്മിച്ചിരിക്കുന്നത്. അറ്റോമിക് ലെയർ ഡെപസിഷൻ പ്രക്രിയയ്ക്ക് ശേഷം വളരെ നേർത്ത അലൂമിനിയം ഓക്‌സൈഡ് ലെയറും കൂട്ടിച്ചേർത്തിട്ടുണ്ട്.

വരുന്ന നവംബർ മാസം ന്യൂസിലൻഡിൽ നിന്ന് വുഡ്സാറ്റിന്റെ വിക്ഷേപണം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.വിക്ഷേപിക്കപ്പെടുന്ന വുഡ്സാറ്റ് ഭൂമിക്ക് ചുറ്റുമുള്ള പോളാർ ഓർബിറ്റിലേക്ക് കടക്കും. മരത്തടി സാറ്റലൈറ്റിന്റെ വിക്ഷേപണം വിജയിച്ചാൽ ഭാവിയിൽ ഉപഗ്രഹ വിക്ഷേപണ രംഗത്തേക്ക് ചെലവുകുറഞ്ഞ ബദൽ മാർഗമായി ഇതിനെ തങ്ങൾക്ക് അവതരിപ്പിക്കാൻ കഴിഞ്ഞേക്കുമെന്നാണ് വുഡ്സാറ്റിന്റെ നിർമ്മാതാക്കൾ പറയുന്നത്. കഴിഞ്ഞ ജൂൺ 12ന് വുഡ്സാറ്റിന്റെ ടെസ്റ്റ് ഫ്‌ളൈറ്റ് നടത്തിയിരുന്നു. വെതർ ബലൂണിനൊപ്പം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ ദൂരത്തിലേക്കും സ്ട്രാറ്റോസ്ഫിയറിലേക്കും വുഡ്സാറ്റ് കടന്നു. എന്നാൽ, ഭൂമിയുടെ പരിധിവിട്ട് ബഹിരാകാശത്തേക്ക് കടത്തിയിരുന്നില്ല.