മലപ്പുറം: സ്വത്തുതർക്കത്തിന്റെ പേരിൽ കൊലപാതകം. മലപ്പുറം പൊന്നാനി മാറഞ്ചേരിയിലാണ് കഴിഞ്ഞ ദിവസം പിതൃ സഹോദരനെ ഐടിഐ വിദ്യാർത്ഥി കുത്തി കൊലപ്പെടുത്തിയത്. സഹോദര പുത്രനിൽ നിന്നും 16 കുത്തേറ്റാണ് കാഞ്ഞിരമുക്ക് മണ്ണാൻ പുരക്കൽ സഹദേവൻ (48) മരണപ്പെട്ടത്.

ഇതോടെ ഒരാഴ്ചക്കിടെ ഉറ്റവരാൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ സംഭവമാണ് മലപ്പുറം ജില്ലയിൽ അരങ്ങേറുന്നത്. സ്വത്തു തർക്കമോ സാമ്പത്തിക ഇടപാടോ ആണ് മൂന്ന് സംഭവങ്ങളിലും കൊലപാതകത്തിന് ഇടയാക്കിയിട്ടുള്ളത്. ഈ സംഭവങ്ങളെല്ലാം നടന്നത് ഒരേ പ്രദേശത്താണെന്നതും ശ്രദ്ധേയമാണ്. സഹദേവനെ കുത്തി കൊലപ്പെടുത്തിയ കേസിൽ സഹോദരൻ വിശ്വനാഥൻ(52), മകൻ വിഷ്ണു( 20) എന്നിവർ തിരൂർ ഡിവൈഎസ്‌പിക്കു മുന്നിൽ ഹാജരായി. മാറഞ്ചേരി ഗവൺമെന്റ് ഐടിഐ വിദ്യാർത്ഥിയാണ് വിഷ്ണു.

കുടുംബ പ്രശ്‌നങ്ങൾ കൊലപാതകത്തിലേക്കെത്തുന്നത് ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. സ്വത്ത് തർക്കത്തിന്റെ പേരിൽ മാതാവിനെ ഏക മകൻ കഴുത്തറുത്തുകൊലപ്പെടുത്തിയത് അഞ്ച് ദിവസം മുമ്പ് കൽപകഞ്ചേരിയിലായിരുന്നു. ഈങ്ങേൽപടി പരേതനായ വാരിയത്ത് അബ്ദുറഹ്മാന്റെ ഭാര്യ പാത്തുമ്മു(80)വാണ് മകന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്.ഈ സംഭവത്തിൽ ഏക മകൻ മൊയ്തീൻ കുട്ടി(57)റിമാൻഡിൽ കഴിയുകയാണ്. സ്വത്തു തർക്കത്തെ തുടർന്നായിരുന്നു ക്രൂരമായ കൊലപാതകം. വർഷങ്ങളായുള്ള സ്വത്ത് കേസുമായി ബന്ധപ്പെട്ട് കുടുംബ കോടതിയിൽ നടന്നു വന്നിരുന്ന കേസ് മാതാവിന് അനുകൂലമായതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.

ഇതേ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള തൊട്ടടുത്ത പ്രദേശത്തായിരുന്നു മൂന്ന് ദിവസം മുമ്പ് സ്വർണം മോഷ്ടിച്ചെന്ന സംശയത്തിൽ സ്വർണപ്പണിക്കാരനായ സുഹൃത്തിനെ കുത്തി കൊലപ്പെടുത്തിയത്. മലപ്പുറം പുത്തനത്താണിയായിരുന്നു ഈ കൃത്യത്തിന് സാക്ഷ്യം വഹിച്ചത്. മഹാരാഷ്ട്ര സ്വദേശി മധുകർ എന്ന സഞ്ചയി (42) ആണ് സുഹൃത്തിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. ഈ സംഭവത്തിലെ പ്രതി എറണാകുളം കാലടി സ്വദേശിയും 25 വർഷമായി കോട്ടക്കൽ രണ്ടത്താണിയിൽ താമസക്കാരനുമായ രാജൻ(64) റിമാൻഡിൽ കഴിയുകയാണ്.

എന്നാൽ പ്രദേശവാസികളെ നടുക്കിയാണ് അടുത്ത പ്രദേശമായ പൊന്നാനി മാറഞ്ചേരിയിലും സമാന സ്വഭാവമുള്ള കൊലപാതകം നടന്നിരിക്കുന്നത്. വർഷങ്ങളായി സഹോദരങ്ങൾ തമ്മിലുള്ള സ്വത്തുതർക്കവും കുടുംബ വഴക്കുമായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്. സഹദേവൻ സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടത്രെ. പതിവുപോലെ കഴിഞ്ഞ രാത്രിയിലും സഹദേവനും സഹോദരനും തമ്മിൽ വഴക്കുണ്ടായിരുന്നു. സഹോദര പുത്രൻ വിഷ്ണു കിടക്കുന്ന സ്ഥലത്തേക്ക് ടോർച്ച് അടിച്ചതുമായി ബന്ധപ്പെട്ടായിരുന്നുവത്രെ വഴക്ക് തുടങ്ങിയത്. പിന്നീട് ഏറെ നേരം നീണ്ട വഴക്ക് സ്വത്തുതർക്കത്തിലും മറ്റു കുടുംബ വിഷയങ്ങളിലേക്കും നീണ്ടു.

ഇതോടെ വീട്ടിൽ ഉപയോഗിക്കുന്ന കത്തി സഹദേവന്റെ സഹോദരൻ വിശ്വനാഥൻ എടുക്കുകയും മകൻ വിഷ്ണു കുത്തുകയുമായിരുന്നു. 16 കുത്തുകളേറ്റ സഹദേവനെ അയൽവാസികളും നാട്ടുകാരും എടപ്പാൾ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹദേവന്റെ ഭാര്യ ഗീതക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരികയാണ്.