മാവേലിക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കുറത്തികാട് സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിൽ ഭരണിക്കാവ് സ്വദേശി വിഷ്ണുവിനെ (22) ആണു അറസ്റ്റ് ചെയ്തത്.

5 വർഷം മുമ്പ് മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തടവ് ശിക്ഷ അനുഭവിച്ചയാളാണ് വിഷ്ണു. ഇടുക്കി നെടുങ്കണ്ടത്തുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായിരുന്നു അന്ന് പീഡനത്തിനിരയായത്. മാവേലിക്കരയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി 22കാരനായ വിഷ്ണു പ്രണയത്തിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.

വിവാഹ വാഗ്ദാനത്തിലൂടെ പ്രണയത്തിലായ പെൺകുട്ടിയെ ഓണ സമ്മാനം വാങ്ങിത്തരാമെന്നു പറഞ്ഞു യുവാവു വീട്ടിൽനിന്നു വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. വിഷ്ണുവിന്റെ മൊബൈൽ നമ്പർ പിന്തുടർന്നു ചെങ്ങന്നൂർ പെണ്ണുക്കരയിലെ ബന്ധുവീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

മാവേലിക്കര റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച ശേഷമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി ഇക്കാര്യങ്ങൾ മാതാപിതാക്കളെ അറിയിച്ചു. പിറ്റേദിവസം പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ ചോദിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് കുറത്തികാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇതറിഞ്ഞ വിഷ്ണു ഒളിവിൽ പോയി. തുടർന്ന് പൊലീസ് വിഷ്ണുവിന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ പിന്തുടരുകയായിരുന്നു. മാവേലിക്കര സിഐ പി. ശ്രീകുമാറിന്റേയും കുറത്തികാട് എസ്.ഐ. എ.സി. വിപിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വിഷ്ണുവിനെ പിടികൂടിയത്.